മടമ്പം ഇടവകക്കാരായ 42 കുടുംബങ്ങള്‍ കൂട്ടുമുഖം, കാവുമ്പായി, പരുത്തിയാട്, കാനപ്പുറം എന്നീ സ്ഥലങ്ങളില്‍ പാര്‍ത്തിരുന്നു. ഇവരുടെ ആദ്ധ്യാത്മികകാര്യങ്ങള്‍ 5 കി.മീ. അകലെയുള്ള മടമ്പം ലൂര്‍ദ് മാതാവിന്റെ ദേവാലയത്തിലായിരുന്നു നടത്തിയിരുന്നത്. ഈ പ്രദേശത്തുള്ളവര്‍ക്ക് അനുഭവിക്കേണ്ടിവന്ന കഷ്ടതകള്‍ മനസ്സിലാക്കിയ അന്നത്തെ മടമ്പം പള്ളി വികാരി, ബ.മാത്യു ചെള്ളക്കണ്ടത്തിലച്ചന്‍ പന്ന്യാലില്‍ ഒരു കൊച്ചു ദേവാലയം നിര്‍മ്മിക്കുന്നതിനെക്കുറിച്ചാലോചിക്കുകയും ഇപ്പോള്‍ ദേവാലയം സ്ഥിതിചെയ്യുന്ന, തോടിനക്കരെ 1978 ഡിസംബര്‍ മാസം ഒരു പന്തല്‍ കെട്ടി ആദ്യമായി ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇപ്പോള്‍ പള്ളിയിരിക്കുന്നതിന്റെ സമീപത്തായി തോട്ടപ്ലാക്കില്‍ കുടുംബക്കാരായ മത്തായി, അബ്രാഹം, ജോസഫ്, പത്രോസ്, ചാക്കോ എന്നിവര്‍ ദാനമായി നല്കിയ സ്ഥലത്ത് ഒരു ഷെഡ് പണിയുകയും പ്രസ്തുത ഷെഡില്‍ മടമ്പം ഫൊറോനാ വികാരി ബലിയര്‍പ്പിക്കുകയും ചെയ്തുപോന്നു.
1981 ല്‍ വെള്ളാപ്പള്ളി കുടുംബത്തില്‍പ്പെട്ട ഒരു വ്യക്തി ഉദിഷ്ടകാര്യസാദ്ധ്യത്തിന് നന്ദിയായി വി. യൂദാതദ്ദേവൂസ്സിന്റെ ഒരു കപ്പേള പണിയാന്‍ ഏല്പിച്ച 30000 രൂപ ബ.മാത്യു ചെള്ളക്കണ്ടത്തിലച്ചന്‍ ശുപാര്‍ശ ചെയ്ത് അഭിവന്ദ്യ കുന്നശ്ശേരി പിതാവ് പന്ന്യാലിനുവേണ്ടി നീക്കിവയ്ക്കുകയും അതുവഴി ഇന്നത്തെ പള്ളിയുടെ പണി ആരംഭിക്കുകയും ചെയ്തു. 1986 -ല്‍ ദേവാലയത്തിന്റെ പണി പൂര്‍ത്തീകരിച്ചു. ഈ കാലയളവില്‍ മാതൃസംഘം, K.C.Y.L, മിഷന്‍ലീഗ്, വിന്‍സെന്റ് ഡി പോള്‍, ലാസ്സി ഗ്രഹണിയൂണിറ്റ് എന്നീ ഭക്തസംഘടനകള്‍ രൂപീകരിച്ചു.
1986 മാര്‍ച്ച് മാസം 16 ന് പന്ന്യാല്‍ പള്ളിയെ മടമ്പം ഇടവകയില്‍ നിന്നും വേര്‍പ്പെടുത്തി ഒരു ഓട്ടോണമസ് യൂണിറ്റായി ഉയര്‍ത്തുകയും ആ വകയില്‍ 20000 രൂപ ലഭിക്കുകയും ചെയ്തു. 1988 മുതല്‍ K.C.Y.L സംഘടനയുടെ നേത്യത്വത്തില്‍ ഇടവകയില്‍ മതബോധനം ആരംഭിച്ചു. തുടര്‍ന്ന് 1989- ല്‍ സെമിത്തേരിക്കായി 11 സെന്റ് സ്ഥലം പള്ളിയുടെ സമീപത്തായി വാങ്ങി പണിയാരംഭിച്ചു. കൂട്ടുമുഖം കവലയിലും പന്ന്യാല്‍ കുന്നിലും കുരിശടിക്കായി സ്ഥലം വാങ്ങി. തുടര്‍ന്ന് പള്ളിമുറിയും പണിതു.
2002-03 ല്‍ ഇടവകക്കാരുടെ ചിരകാലസ്വപ്നമായ പാരീഷ്ഹാള്‍ ജൂബിലി സ്മാരകമായി പൂര്‍ത്തിയാക്കുകയും കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ പിതാക്കന്മാരായ മാര്‍ കുന്നശ്ശേരി പിതാവും മാര്‍ മൂലക്കാട്ടു പിതാവും ചേര്‍ന്ന് ആശീര്‍വദിക്കുകയും ചെയ്തു.
അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് 2006 മുതല്‍ കൊട്ടൂര്‍വയല്‍ സെന്റ് ജോസഫ് കോണ്‍വെന്റില്‍ നിന്നും രണ്ടു കന്യാസ്ത്രീകള്‍ വിശ്വാസപരിശീലനരംഗത്തും, മറ്റ് ആദ്ധ്യാത്മിക രംഗത്തും, ശൂശ്രൂഷകള്‍ക്ക് നേത്യത്വം നല്കിവരുന്നു. 2009-ല്‍ കൂട്ടുമുഖം കുരിശടിയുടെ പണിപൂര്‍ത്തീകരിച്ച് വെഞ്ചരിച്ചു. വി. യൂദാതദ്ദേവൂസിന്റെ നാമധേയത്തിലുള്ള ഈ കൊച്ചുദേവാലയത്തില്‍ ദൈവകൃപയാല്‍ ഇപ്പോള്‍ 62 കുടുംബങ്ങള്‍ നിലവിലുണ്ട്.