1997-ല്‍ ബഹു. ജോസഫ് മുളവനാലച്ചന്‍ വികാരിയായിരുന്ന കാലത്ത് മലബാര്‍ റീജണ്‍ വികാരി ജനറാളായിരുന്ന ബഹു. മോണ്‍ സ്റ്റീഫന്‍ ജയരാജച്ചന്റെ സഹായത്തോടെ അറുപതു കവലയിലെ ഗ്രോട്ടോയോട് ചേര്‍ന്ന് അരയേക്കര്‍ സ്ഥലം വാങ്ങി ക്രൈസ്റ്റ് നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു. അവിടെ വി.യൂദാതദ്ദേ വൂസിന്റെ നാമത്തില്‍ പള്ളി ആരംഭിക്കുകയും ഞായറാഴ്ച തോറും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും ചെയ്തു. പിന്നീട് ബഹു. ബന്നി കന്നുവെട്ടിയലച്ചന്‍ വികാരിയാ യിരുന്ന കാലത്ത് ഇപ്പോള്‍ പള്ളിയിരിക്കുന്ന സ്ഥലം വാങ്ങിച്ചു. 2006-ല്‍ പുതിയപള്ളിയുടെ നിര്‍മ്മാണം ആരംഭിക്കുകയും 2007 ഒക്‌ടോബര്‍ 28-ാം തീയതി വി.യൂദാതദ്ദേവൂസിന്റെ തിരുനാള്‍ ദിനത്തില്‍ പെരിക്കല്ലൂര്‍ സെന്റ് തോമസ് പള്ളിയുടെ സുവര്‍ണ്ണ ജൂബിലി സ്മാരകമായി ദൈവാലയം വെഞ്ചിരിച്ച് സഭയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇടവക ജനങ്ങളുടെ കൂട്ടായ ശ്രമഫലമായി 11 മാസം കൊണ്ട് പള്ളിപണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വികാരിയായിരുന്ന ഫാ. ജോസ് നെടുങ്ങാട്ടച്ചന്റെ നേതൃത്വപാടവം കൊണ്ടു കൂടിയാണ്.
ഇവിടെ വ്യാഴാഴ്ചതോറും നടത്തിവരുന്ന വി. യൂദാതദ്ദേവൂസിന്റെ നോവേനയും വി. കുര്‍ബാനയും ആരാധനയും സമീപപ്രദേശത്തുള്ള അനേകര്‍ക്ക് ദൈവാനുഗ്രഹം പകര്‍ന്നു നല്കുന്ന ശുശ്രൂഷയാണ്. കൂടാതെ വെള്ളി, ശനി ദിവസങ്ങളിലും വി.കുര്‍ബാനയുണ്ട്. 2009 ഇടവകയുടെ അതിര്‍ത്തി നിശ്ചയിക്കുകയും മാതൃ ഇടവകയായ പെരിക്കല്ലൂരില്‍ നിന്നും 110 കുടുംബങ്ങളെ ഉള്‍പ്പെടുത്തി ക്രൈസ്റ്റ് നഗര്‍ ഇടവകയെ സ്വയം ഭരണ ഇടവകയായി മാറ്റുകയും ചെയ്തു. സ്വതന്ത്രഇടവകയാകാനുള്ള ആഗ്രഹത്തോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി വരുന്നു. ഇപ്പോള്‍ പെരിക്കല്ലൂര്‍ ഇടവകയുടെ ഭാഗമായിത്തന്നെ പ്രവര്‍ത്തിക്കുന്ന ക്രൈസ്റ്റ് നഗറില്‍ ഫാ. വിന്‍സണ്‍ കുരുടുപറമ്പില്‍ , ഫാ. ബിബിന്‍ വെള്ളിയേപ്പള്ളി എന്നിവര്‍ അജപാലനശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നു.