മണക്കാട്, നെടിയശാല, പുതുപ്പരിയാരം എന്നീ പ്രദേശങ്ങളിലെ ചുങ്കം പള്ളി ഇടവകക്കാരായ ആളുകള്‍ വളരെനാള്‍ മുമ്പ് തന്നെ തങ്ങളുടെ പ്രദേശത്ത് സ്വന്തമായ ഒരു ദേവാലയം വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിന് തെളിവാണ് പള്ളി ലഭിക്കുവാനായി അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിന് 1950-ല്‍ ഇവര്‍ നല്‍കിയ അപേക്ഷ. 1958 ഫെബ്രുവരി 9-ാം തീയതി തറയില്‍ തിരുമേനി ചുങ്കം പള്ളിയില്‍ ഇടയസന്ദര്‍ശനം നടത്തിയ അവസരത്തില്‍ കൂടിയ പൊതുയോഗത്തില്‍ മണക്കാട് ഭാഗത്ത് ഒരു കുരിശുപള്ളിയുടെ ആവശ്യം വീണ്ടും ഉന്നയിക്കപ്പെടുകയും, മറുപടിയായി, മണക്കാട് ഒരു പള്ളി പണിയുന്ന കാലത്ത് അവിടെയുള്ള ചുങ്കം പള്ളിവക ചെറുകാട്ട് പുരയിടവും, നിലവും ആ പള്ളിക്ക് ഉള്ളതായിരിക്കുമെന്ന് അഭി.പിതാവ് പറയുകയും ചെയ്തു. എന്നാല്‍ പള്ളി പണിയുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാലതാമസം നേരിട്ടു.
1982-ല്‍ ചുങ്കം പള്ളിയില്‍ കൂടിയ പാരിഷ് കൗണ്‍സില്‍ യോഗം, ചെറുകാട്ട് പുരയിടവും, നിലവും വില്ക്കുന്നതിന് ആലോചിച്ചപ്പോള്‍ ഈ പ്രദേശത്ത് നിന്നുമുള്ള പുത്തന്‍പുരയ്ക്കല്‍ ഏപ്പുകുട്ടി, കുന്നുംചിറയില്‍ ചാക്കോ, കുഴിക്കാട്ട് മത്തച്ചന്‍ എന്നീ യോഗാംഗ ങ്ങള്‍ തറയില്‍ പിതാവിന്റെ വാക്കുകള്‍ അനുസ്മരിപ്പിക്കുകയും അത് വില്ക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഈ സാഹചര്യം ഇവിടെ പള്ളി പണിയുന്നതിനുള്ള തീവ്രശ്രമങ്ങള്‍ക്ക് കാരണമായി.
1982 ഡിസംബര്‍ 27ന് കുന്നശ്ശേരി തിരുമേനി ചുങ്കത്ത് ഇടയസന്ദര്‍ശനം നടത്തിയപ്പോള്‍ മണക്കാട് പ്രദേശത്തെ 72 വീട്ടുകാര്‍ ഒപ്പിട്ട അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത അപേക്ഷ അന്നുതന്നെ പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യുകയും പള്ളി ആവശ്യമാണ് എന്ന നിഗമനത്തില്‍ എത്തുകയും ചെറുകാട് പുരയിടം അഭിവന്ദ്യ പിതാവ് സന്ദര്‍ശിക്കുകയും ചെയ്തു. ഈ സ്ഥലം പള്ളി പണിയുവാന്‍ അനുയോജ്യമല്ല എന്ന് പറഞ്ഞ പിതാവ് ഇപ്പോള്‍ പള്ളിയിരിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ച് തന്നു. മഠത്തില്‍ ജോണിന്റെതായി രുന്നു ആ സ്ഥലം. വികാരി. ഫാ. സൈമണ്‍ ഇടത്തിപ്പറമ്പലിന്റെ നേതൃത്വത്തില്‍ ജോണുമായി സംസാരിച്ച് സ്ഥലം വച്ചു മാറുന്നതിന് ധാരണയായി. 1983 മാര്‍ച്ച് 20-ാം തീയതി ചുങ്കം പള്ളിയില്‍ പൊതുയോഗത്തില്‍ ഇത് ചര്‍ച്ച ചെയ്ത് അംഗീകരിച്ച്, പള്ളിവക ചെറുകാട്ട് പറമ്പില്‍നിന്നും 1 ഏക്കര്‍ 20 സെന്റ് സ്ഥലം വിട്ടുകൊടുത്തു. മഠത്തില്‍ ജോണിന്റെ 96 സെന്റ് സ്ഥലം മണക്കാട് പള്ളിക്കുവേണ്ടി വാങ്ങാമെന്ന് തീരുമാനിക്കുകയും, അഭിവന്ദ്യ പിതാവ് ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു.
1983 ഏപ്രില്‍ 24-ാം തീയതി മണക്കാട് വച്ച് ഇടത്തിപ്പറമ്പില്‍ സൈമണച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും വരുകുകാലായില്‍ കോര, പുത്തന്‍പുരയ്ക്കല്‍ ഉതുപ്പാന്‍ , കുന്നുംചിറയില്‍ ചാക്കോ, കൂട്ടുമലയില്‍കുടി മഠത്തില്‍ കുട്ടപ്പന്‍, വെള്ളാമറ്റത്തില്‍ പാപ്പച്ചന്‍ , കുന്നുപ്പിള്ളില്‍ കുര്യാച്ചന്‍ നെടുമ്പള്ളില്‍ കുഞ്ഞേപ്പ്, കുഴിക്കാട്ട് മത്തച്ചന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപികരിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തു.
1983 ജൂലൈ 3-ാം തീയതി ദുക്‌റാനതിരുനാളില്‍ ചെറിയ ഒരു കുരിശുപള്ളി സ്ഥാപിക്കുവാന്‍ തറക്കല്ലിടുകയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പണി തീര്‍ത്ത് 1984- ഏപ്രില്‍ 4-ാം തീയതി വെഞ്ചരിച്ച് ബലി അര്‍പ്പിക്കുകയും ചെയ്തു. അന്നുമുതല്‍ എല്ലാ ഞായറാഴ്ചകളിലും, കടമുത്തു ദിവസങ്ങളിലും ദിവ്യബലി അര്‍പ്പിച്ച് പോന്നു. ഇതേ വര്‍ഷം ജൂലൈ 29-ാം തീയതി അഭി. കുന്നശ്ശേരില്‍ പിതാവ് മണക്കാട്ടു പുതിയ പള്ളി പണിയുന്നതിന് തറക്കല്ലിട്ടു. അദ്ധ്വാനത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ 1989 ഏപ്രില്‍ ഒന്നാം തീയതി കുന്നശ്ശേരി തിരുമേനി പള്ളി കൂദാശ ചെയ്തു. പിറ്റേ വര്‍ഷം മുതല്‍ ഇടവക മദ്ധ്യസ്ഥന്റെ തിരുനാള്‍, തൊഴിലാളി ദിനമായ മെയ് 1-ന് ആഘോഷിച്ചു തുടങ്ങി.
1991 കാലഘട്ടത്തില്‍ ശ്രീ.മത്തായി പുലിമനയ്ക്കല്‍ സംഭാവനനല്‍കിയ ഒരു സെന്റ് സ്ഥലത്ത് കുരിശടി സ്ഥാപിച്ചു. 1996 ഒക്‌ടോബറില്‍ വോള്‍ട്ട് പണിതീര്‍ത്ത് അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ് വെഞ്ചരിച്ചു. 1999 സെപ്റ്റംബര്‍ 12-ാം തീയതി മണക്കാട് പള്ളിയെ ചുങ്കം പള്ളിയില്‍ നിന്ന് സ്വതന്ത്രയൂണീറ്റായി മാറ്റുകയും പ്രഥമ വികാരിയായി ചമ്പക്കരയില്‍ ബഹുമാനപ്പെട്ട പത്രോസ് അച്ചന്‍ നിയമിതനാവുകയും ചെയ്തു.
2002 മുതല്‍ ഇവിടെ കുട്ടികള്‍ക്ക് വേദപാഠം ആരംഭിച്ചു. പള്ളിമുറി പണിയുന്നതിനുള്ള പരിശ്രമങ്ങള്‍ ഇക്കാലയളവില്‍ ആരംഭിച്ചു. ഇവിടുത്തെ കെ.സി.വൈ.എല്‍. ഒരുലക്ഷം രൂപ സമാഹരിച്ച് നല്‍കാമെന്ന ഉറപ്പില്‍ അരമനയില്‍നിന്ന് വൈദികമന്ദിരം പണിയുവാനുള്ള അനുവാദം വാങ്ങുകയും 2003 ഏപ്രില്‍ 15-ന് അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ് തറക്കല്ലിടുകയും ചെയ്തു. പണികള്‍ക്ക് ശൗര്യാമാക്കില്‍ ജോസച്ചന്‍ മേല്‍നോട്ടം വഹിച്ചു. 2004 ഏപ്രില്‍ 29-ാം തീയതി കുന്നശ്ശേരില്‍ പിതാവ് പള്ളിമുറി വെഞ്ചരിച്ചു. ഇക്കാലത്ത് തന്നെ നെടിയശാലയുള്ള പള്ളിയുടെ പറമ്പില്‍നിന്നും പത്ത് സെന്റ് സ്ഥലം ഹോമിയോ ആസ്പത്രി നിര്‍മ്മിക്കുവാന്‍ ജില്ലാ പഞ്ചായത്തിന് ദാനമായി നല്കി. പള്ളിമുറിയുടെ താഴ്ഭാഗം പാരിഷ് ഹാളായി പണി പൂര്‍ത്തിയാക്കി, 2005 ഏപ്രില്‍ 30-ാം തീയതി അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വെഞ്ചരിച്ചു.
എഴുപത് കുടുംബങ്ങള്‍ ഇപ്പോള്‍ ഇടവകയിലുണ്ട്. ഇതിനെമൂന്ന് കൂടാരയോഗങ്ങളായി തിരിച്ചിരിക്കുന്നു. തിരുബാലസംഖ്യം, മിഷന്‍ലീഗ്, കെ.സി.വൈ.എല്‍ .,കെ.സി.സി., കെ.സി.ഡബ്ലൂ.എ., വിന്‍സെന്റ് ഡി പോള്‍ എന്നീ ഭക്തസംഘടനകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. കെ.എസ്.എസ്. എസ്.ന്റെ ഗ്രൂപ്പ് എട്ട് വനിതാസംഘങ്ങളും, ഹരിതവേദിയും, നവോമി ഗ്രൂപ്പും, സ്മാര്‍ട്ട്, സീനിയര്‍ ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു.