കുടിയേറ്റ ജനത പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറാന്‍ തുടങ്ങിയപ്പോള്‍ കോട്ടയം രൂപതയുടെ പലഭാഗങ്ങളില്‍ നിന്നും ക്‌നാനായ മക്കള്‍ മലബാറിലേക്കു പ്രവഹിക്കാന്‍ തുടങ്ങി. മടമ്പത്ത് കുടിയേറിയവര്‍ അമ്പത്താറ്, നരന്തോന്‍മല, പാടി, പന്നിയാല്‍ , കൊട്ടൂര്‍വയല്‍ എന്നീ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കി. കൊട്ടൂര്‍വയലില്‍ സ്ഥിരതാമസമാക്കിയ ആദ്യകാല കുടിയേറ്റക്കാര്‍ 30 വീട്ടുകാരായിരുന്നു. അവര്‍ ആധ്യാത്മിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് മടമ്പം പള്ളിയില്‍ നിന്നുമായിരുന്നു. എന്നാല്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തത, പ്രതികൂലകാലാവസ്ഥ എന്നീ കാരണങ്ങളാല്‍ കൊട്ടൂര്‍വയലില്‍ നിന്ന് മടമ്പത്തെത്തി ആധ്യാത്മികകാര്യങ്ങള്‍ നിര്‍വഹിക്കുക ദുഷ്‌കരമായിരുന്നു. കൊട്ടൂര്‍വയല്‍ ഇടവകക്കാരുടെ ആധ്യാത്മിക കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ ഇവിടെത്തന്നെ സാഹചര്യമുണ്ടാക്കണമെന്ന് മടമ്പം പള്ളി വികാരിമാരായി വന്ന ബ. വൈദികരോട് നിരന്തരം അപേക്ഷിച്ചുകൊണ്ടിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ബഹു. ചെള്ളക്കണ്ടത്തില്‍ മാത്യു അച്ചന്‍ മടമ്പം പള്ളി വികാരിയായി വന്നത്. കൊട്ടൂര്‍ വയല്‍ സന്ദര്‍ശിച്ച അദ്ദേഹത്തിന് ഇവിടെ ഒരു പള്ളിയുണ്ടാക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുകയും 1978 ലെ ക്രിസ്തുമസ് രാത്രിയില്‍ കൊട്ടൂര്‍വയല്‍ എല്‍ . പി. സ്‌കൂളില്‍ ആദ്യമായി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നുള്ള എല്ലാ ശനിയാഴ്ചകളിലും കൊട്ടൂര്‍വയല്‍ സ്‌കൂളില്‍ ദിവ്യബലി അര്‍പ്പിച്ചു തുടങ്ങി.
ബഹു. ചെള്ളക്കണ്ടത്തിലച്ചനു ശേഷം വന്ന നെടുങ്ങാട്ട് ബഹു. അബ്രാഹം അച്ചന്റെ കാലത്ത് ഇടവകയ്ക്ക് സ്വന്തമായി പള്ളിപണിയുന്നതിനുള്ള ആലോചനവന്നു. പണം കൊടുത്ത് ഭൂമി വാങ്ങുന്നതിനുള്ള സാമ്പത്തികശേഷി ഇല്ലാതിരുന്നതുകൊണ്ട് പലരോടും പള്ളിക്കുവേണ്ട സ്ഥലം സംഭാവനയായി ചോദിക്കുകയുണ്ടായി. ശ്രീ. ജോസഫ് കുബ്ലാനിക്കല്‍ പള്ളിക്കുവേണ്ടി ഒരേക്കര്‍ ഒരു സെന്റ് സ്ഥലം സംഭാവനചെയ്തു. തുടര്‍ന്നു വഴിക്കുവേണ്ടി സ്ഥലം കിട്ടാതെ വന്നപ്പോള്‍ പരേതനായ ശ്രീ. ഞാറോലിയ്ക്കല്‍ ജോണ്‍ വഴിയുണ്ടക്കുന്നതിനുള്ള സ്ഥലം സംഭാവന ചെയ്തു. അന്നത്തെ കൈക്കാരനായിരുന്ന പരേതനായ ശ്രീ. ഉറുമ്പനാനിക്കല്‍ കുര്യാക്കോയുടെ നേത്യത്വത്തില്‍ ദീര്‍ഘനാളത്തെ കഠിനാധ്വാനത്തിന്റെ ഫലമായി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി.
റോഡിന്റെ പണി പൂര്‍ത്തികരിച്ച ശേഷം പള്ളിയുടെ നിര്‍മ്മാണത്തിനുള്ള ശ്രമം ആരംഭിച്ചു. അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് തറക്കല്ലിട്ട പള്ളിയുടെ തറ വോള്‍ട്ടോടുകൂടി താമസം വിനാ പൂര്‍ത്തിയായി. മടമ്പം പള്ളി വികാരി ബഹു. തൊടുകയില്‍ ഫിലിപ്പച്ചന്റെ നിര്‍ല്ലോഭമായ സഹായവും സഹകരണവും പള്ളിപണിക്കു ലഭിച്ചു. മടമ്പം കോളനി വക സ്ഥലം വിറ്റതില്‍ മുപ്പത്തിമൂവായിരം രൂപാ പള്ളി പണിക്കായി അദ്ദേഹം നല്കുകയുണ്ടായി. പള്ളി പണിക്കായി അഭിവന്ദ്യ പിതാവ് തന്ന അറുപത്തിഅയ്യായിരം രൂപ കൂടി ചേര്‍ത്ത് പള്ളിപണി പൂര്‍ത്തിയാക്കുകയും 1989 മെയ് മാസം 14 -ാം തീയതി അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി വെഞ്ചരിപ്പുകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.
ഇടവകയിലെ കുട്ടികള്‍ക്ക് ആദ്ധ്യാത്മികവും മതപരവുമായ കാര്യങ്ങള്‍ക്ക് പരിശീലനവും നേത്യത്വവും നല്കുന്നതിനായി സെന്റ് ജോസഫ്‌സ് കോണ്‍വെന്റിന്റെ ഒരു ശാഖ 1977 ഓഗസ്റ്റ് 15 ന് ഇവിടെ സ്ഥാപിതമായി. ഒരു എല്‍ .പി. സ്‌കൂളും നഴ്‌സറിസ്‌കൂളും ദേവാലയത്തിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്നു.