കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പു താലൂക്കില്‍ ശ്രീ. കണ്ഠാപുരം വില്ലേജില്‍ മടമ്പത്തിനും പയ്യാവൂറിനും ഇടയ്ക്ക് വി. യൂസേപ്പ് പിതാവിന്റെ നാമത്തിലുള്ള പള്ളിയാണ് അലക്‌സ് നഗര്‍ . 1977 മെയ് മാസം 29-ാം തീയതി പെന്തക്കുസ്താ തിരുനാളില്‍ അന്നത്തെ എപ്പിസ്‌കോപ്പല്‍ വികാരിയായിരുന്ന മോണ്‍ . സൈമണ്‍ കൂന്തമറ്റത്തില്‍ പള്ളിയുടെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചു. മടമ്പം പള്ളി വികാരിയായിരുന്ന ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ , മേഴ്‌സി ഹോസ്പിറ്റല്‍ ഡയറക്ടറായിരുന്ന ഫാ.മാത്യു കാക്കനാട്ട് എന്നിവര്‍ പള്ളിപണിക്കു നേത്യത്വം നല്കി. പിന്നീട് എപ്പിസ്‌കോപ്പല്‍ വികാരിയായിരുന്ന ഫാ.ജോസഫ് പൂഴിക്കാല ഇന്ന് കാണുന്ന പള്ളിയുടെ പണി പൂര്‍ത്തിയാക്കി. 1980 ഡിസംബര്‍ 25-ാം തീയതി പള്ളി വെഞ്ചരിച്ചു.1983 ആഗസ്റ്റ് മാസത്തില്‍ ഫാ. ജോസഫ് മേലേടമാണ് ഈ പള്ളിയെ ഒരു ഇടവകപ്പള്ളിയുടെ നിലയിലേക്ക് ഉയര്‍ത്തുവാന്‍ പരിശ്രമിച്ചത്. അദ്ദേഹം ഇടവകയെ 6 വാര്‍ഡുകളായി തിരിച്ച്, മാസത്തില്‍ 2 പ്രാവശ്യമെങ്കിലും ഓരോ വാര്‍ഡിലും പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടത്തിക്കൊണ്ട് സാമ്പത്തികമായും ആദ്ധ്യാത്മികമായും ഇടവകയെ വളര്‍ത്തി. 150 കുടുംബങ്ങളിലായി 820 അംഗങ്ങളുള്ള ഇടവകയെ 1986 മാര്‍ച്ച് മാസം 16-ാം തീയതി ഒരു സ്വതന്ത്ര ഇടവകയായി അഭിവന്ദ്യ കുന്നശ്ശേരി പിതാവ് ഉയര്‍ത്തി. അതിന്റെ 25- ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ഇടവകയില്‍ 250 ഭവനങ്ങളിലായി 1230 അംഗങ്ങളുണ്ട്. 12 വൈദികരും 15 സിസ്റ്റേഴ്‌സും ഈ ഇടവകയില്‍ അംഗങ്ങളായിട്ടുണ്ട്. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശാഖാഭവനവും അവരുടെ മേല്‍നോട്ടത്തില്‍ വൃദ്ധസദനവും, തയ്യല്‍ പരിശീലനകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു.