കൈപ്പുഴ നീണ്ടൂര്‍ നിവാസികളായ ക്‌നാനായക്കാര്‍ അതിരമ്പുഴ ഇടവകയില്‍ നിന്ന് പിരിഞ്ഞ് കൈപ്പുഴപ്പള്ളി സ്ഥാപിച്ചശേഷം അതിരമ്പുഴ ഇടവകയില്‍ അവശേഷിച്ചിരുന്ന ഏറ്റുമാനൂര്‍ , പേരൂര്‍ , കുറുമുള്ളൂര്‍ നിവാസികളായ ക്‌നാനായ സമുദായാംഗങ്ങള്‍ 1903 ല്‍ അവിടെ നിന്ന് പിരിയുകയും കുറുമുള്ളൂര്‍ നിവാസികള്‍ കുറുമുള്ളൂരും പേരൂര്‍ , ഏറ്റുമാനൂര്‍ നിവാസികള്‍ ചേര്‍ന്ന് പേരൂരും പുതിയ പള്ളികള്‍ സ്ഥാപിക്കുകയും ചെയ്‌തു.
ഏറ്റുമാനൂര്‍ നിവാസികളെ സംബന്ധിച്ചിടത്തോളം അതിരമ്പുഴയില്‍ നിന്ന് പിരിഞ്ഞ് പേരൂര്‍ ഇടവകയായപ്പോള്‍ ദൂരക്കൂടുതല്‍ പ്രയാസമായി. അഞ്ചാറ് കി.മീ. ദൂരെയുള്ള പേരൂര്‍ പള്ളിയില്‍ പോയി ആത്മീയകാര്യങ്ങള്‍ പ്രത്യേകിച്ച് മൃതസംസ്‌കാര ശൂശ്രൂഷകളും മറ്റും സാധിക്കുക ബുദ്ധിമുട്ടായതിനാല്‍ ഇവിടെ ഒരു പള്ളി സ്ഥാപിക്കണമെന്നുള്ള ആശയം ഏറ്റുമാനൂര്‍ നിവാസികള്‍ക്കുണ്ടായി. പള്ളി സ്ഥാപനങ്ങള്‍ക്കുള്ള ആലേചനകള്‍ നടത്തുകയും പ്രാരംഭ ചെലവുകള്‍ക്കായി ഭൂരിഭാഗം വീട്ടുകാരും സഹകരിച്ച് ഒരു `കൂട്ടച്ചിട്ടി’തുടങ്ങുകയും ചെയ്‌തു. അതുവഴി സമാഹരിക്കുന്ന തുക പള്ളി സ്ഥാപനത്തിന് ഉപയോഗിക്കണമെന്നും നിശ്ചയിച്ച് ആയതിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. സ്ഥലത്തെ ക്‌നാനായ സമുദായാംഗങ്ങളുടെ പ്രതിനിധികളായി പഴയമ്പള്ളില്‍ തൊമ്മന്‍ ഔസേപ്പ്, കറുത്തേടത്ത് (കോതാലടിയില്‍ ) ഔസേപ്പ് ചാക്കോ, ഐക്കരത്തുണ്ടത്തില്‍ മത്തായി ഉലഹന്നാന്‍ , ചകര്യാംതടത്തില്‍ ശിമയോന്‍ തൊമ്മന്‍ , മുപ്പാശ്ശേരില്‍ തൊമ്മി എന്നിവര്‍ ഒപ്പിട്ട നിയമപ്രകാരമുള്ള അപേക്ഷ 1902 ല്‍ കോട്ടയം ദിവാന്‍ പേഷ്‌ക്കാര്‍ക്ക് സമര്‍പ്പിച്ചെങ്കിലും സ്ഥലവാസികളായ വിവിധ വിഭാഗം ഹൈന്ദവരുടെ ഭാഗത്തുനിന്നും ഗവ. ഉദ്യോഗസ്ഥരില്‍ നിന്നുപോലും എതിര്‍പ്പുകളുണ്ടാവുകയും അപേക്ഷ നിരസിക്കപ്പെടുകയും ചെയ്‌തു. പല പ്രാവശ്യം അന്വേഷണവും തെളിവെടുപ്പും വിചാരണയും നടത്തി മൂന്നര വര്‍ഷത്തിനുശേഷം പള്ളി സ്ഥാപിക്കുന്നതിന് അനുവാദം ലഭിച്ചു. ഈ അനുമതി ലഭിച്ചത് വി. യൗസേപ്പിതാവിന്റെ പ്രത്യേകമായ മദ്ധ്യസ്ഥതയാലാണെന്ന് ഇടവകക്കാര്‍ വിശ്വസിക്കുന്നു.
നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1909 ല്‍ ഈ ദേവാലയം സ്ഥാപിതമായി. പള്ളിയും പള്ളിമേടയും സ്ഥിതിചെയ്യുന്ന സ്ഥലത്തില്‍ ഒന്നര ഏക്കര്‍ പഴയമ്പള്ളില്‍ തൊമ്മന്‍ ഔസേപ്പ് നല്‌കിയതാണ്. അന്ന് പേരൂര്‍ പള്ളി വികാരിയായിരുന്ന ബഹു.കുഴിമുള്ളില്‍ കുര്യനച്ചന്‍ ഇവിടെ വന്ന് ആദ്യകാലത്ത് മാസത്തില്‍ ഒരിക്കലും പിന്നീട് എല്ലാ ഞായറാഴ്‌ചകളിലും ദിവ്യലിയര്‍പ്പിക്കുകയും പള്ളിപണിക്ക് നേത്യത്വം നല്‌കുകയും ചെയ്‌തു. 1915-ല്‍ ഈ പള്ളിയുടെ തനതു വികാരിയായി ബഹു.പടിക്കമാലില്‍ എസ്‌തപ്പാനച്ചന്‍ നിയമിക്കപ്പെടുന്നതുവരെ ബഹു. കുഴിമുള്ളിലച്ചന്‍ ഈ ഇടവകയുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നു. ഇടവകാംഗങ്ങളില്‍ വര്‍ദ്ധനയുണ്ടായതോടെ 1948 ലും തുടര്‍ന്ന് 1996 ലും പള്ളി പുതുക്കിപ്പണിതു. ഇപ്പോള്‍ ഇടവകയില്‍ 434 കുടുംങ്ങളുണ്ട്.
പള്ളിയോടനുന്ധിച്ച് 1918 മുതല്‍ പള്ളിവക ടൗണ്‍ യു.പി. സ്‌കൂള്‍ , 1968 മുതല്‍ സെന്റ ജോസഫ് നേഴ്‌സറിസ്‌കൂള്‍ , 1983 മുതല്‍ ജോസ്‌ഗിരി (ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടികള്‍ക്കുള്ള ഭവനം) 1987 മുതല്‍ സാന്‍ജോസ് വിദ്യാലയ (മാനസിക വെല്ലുവിളികളുള്ള കുട്ടികള്‍ക്കുള്ള പരിശീലനകേന്ദ്രം) 1995 മുതല്‍ സാന്‍ജോസ് പ്രസ് (ബുദ്ധി വൈകല്യമുള്ള കുട്ടികള്‍ക്ക് പരിശീലനത്തിനായി) എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. 1957 ലും 1971 ലും സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്റെ ഓരോ ശാഖാഭവനം ഈ ഇടവകയില്‍ സ്ഥാപിതമായി. പള്ളി വകയായി സെന്റ് ആന്റണീസ്, സെന്റ് സൊസ്റ്റ്യന്‍സ്, സെന്റ് തോമസ് എന്നിങ്ങനെ മൂന്ന് കുരിശടികളും ഉണ്ട്. ഈ പള്ളിയില്‍ ഉയര്‍പ്പുകഴിഞ്ഞ് രണ്ടാം വെള്ളിയാഴ്‌ച 12 മണി ആരാധനയും ഉയിര്‍പ്പുകഴിഞ്ഞ് രണ്ടാം ഞായറാഴ്‌ച വി.യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാളും ആചരിക്കുന്നു.