ചിങ്ങവനം സെന്റ് ജോണ്‍സ് മലങ്കര ക്‌നാനായ കത്തോലിക്കാപ്പള്ളിയുടെ തുടക്കം ഒരു യാക്കോബായ ചാപ്പലായിട്ടായിരുന്നു. ബഹു. കരോട്ട് തോമസച്ചന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്ഥലത്ത് യാക്കോബായ പള്ളിക്കുവേണ്ടി അടിത്തറ കെട്ടിയെങ്കിലും 1920-ല്‍ ബഹു. അച്ചനും കുടുംബവും മറ്റു ചില കുടുംബങ്ങളും കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. അങ്ങനെ ചാപ്പലും സ്ഥലവും കോട്ടയം രൂപതയ്ക്ക് കൈമാറി. പുനരൈക്യപ്രസ്ഥാനത്തിന് പ്രചോദനമായി പള്ളി സ്ഥാപിക്കുന്നതിനു മുന്‍പായി തന്നെ അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് ഇന്നത്തെ സെന്റ് തോമസ് ഹൈസ്‌കൂളിന്റെ സ്ഥാനത്ത് ഒരു എല്‍ .പി. സ്‌കൂള്‍ തുടങ്ങി. പിന്നീട് അത് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. താത്കാലിക ചാപ്പലിന്റെ സ്ഥാനത്ത് ഒരു പള്ളി പണിത് 1937 ഫെബ്രുവരി 2-ാം തീയതി കൂദാശചെയ്യപ്പെട്ടു. ക്‌നാനായ യാക്കോബായ മെത്രാനായിരുന്ന ഒറ്റത്തൈയ്ക്കല്‍ അഭിവന്ദ്യ ദീയസ്‌കോറസ് തിരുമേനി 1939-ല്‍ കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ടപ്പോള്‍ ഈ പള്ളിമേടയില്‍ ഏതാനും മാസങ്ങള്‍ താമസിക്കുകയുണ്ടായി. പുനരൈക്യ പ്രസ്ഥാനത്തിന്റെ രജതജൂബിലി സ്മാരകമായിട്ടാണ് ഇന്നു കാണുന്ന പള്ളി പുനര്‍നിര്‍മ്മാണം ചെയ്തത്. 1957 ഡിസംബര്‍ 27-ന് പള്ളി കൂദാശ ചെയ്യപ്പെട്ടതുമുതല്‍ ഇടവക തിരുന്നാള്‍ ഡിസംബര്‍ 26, 27 തീയതികളിലായി നടത്തപ്പെടുന്നു. 1963-ല്‍ കേളച്ചന്ദ്ര ബഹു. മര്‍ക്കോസച്ചനും കുടുംബവും പുനരൈക്യപ്പെട്ടു ഇടവകാംഗങ്ങളായി. ഇടവകാംഗമായിരുന്ന ബഹു. ഇമ്മാനുവേല്‍ കൈത്താരം അച്ചന്‍ ആജ്മീര്‍/ഉദയപ്പൂര്‍ രൂപതകളില്‍ സേവനം ചെയ്തു. 1976-ല്‍ നിര്യാതനായി. പള്ളിയുടെ പ്ലാറ്റിനം ജൂബിലി സ്മാരകമായി 2009-ല്‍ പുതിയ മോണ്ടളം നിര്‍മ്മിച്ചു. വിസിറ്റേഷന്‍ സമൂഹത്തിന്റെ മഠവും ഇടവകയോടനുബന്ധിച്ചുണ്ട്.
കുടുംബങ്ങള്‍ -132, ഇടവക വൈദികര്‍ -4, മിഷനറി വൈദികന്‍ -1, മിഷനറി ബ്രദര്‍ -1, രൂപതാ സന്യാസിനികള്‍ -3, മിഷ്യനറി സന്യാസിനികള്‍ -2, ഹൈസ്‌കൂള്‍ -1, എല്‍ .പി. സ്‌കൂള്‍ -1, നഴ്‌സറി -1