കടുത്തുരുത്തി വലിയ പള്ളി ഇടവകക്കാരായ 14 വീട്ടുകാരില്‍ ചാത്തന്‍ വീട്ടുകാര്‍ മാഞ്ഞൂരുവന്ന് ചാത്തനാട്ട് എന്ന വീട്ടുപേരില്‍ താമസമുറപ്പിച്ചു. ക്രമേണ മാക്കീല്‍ , മൂത്തന്‍ തുടങ്ങിയ കുടുംബക്കാരും ഈ പ്രദേശത്ത് വാസമുറപ്പിച്ചു. ചാത്തനാട്ടു കുടുംബത്തില്‍ പിറന്ന ചാത്തനാട്ടച്ചന്റെ മേല്‍നോട്ടത്തില്‍ ഒരു പള്ളി പണിയു ന്നതിനുള്ള ആലോചന തുടങ്ങുകയും വളരെയേറെ ശ്രമകരമായ ആ സംരംഭം ഏറെക്കാലത്തിന് ശേഷം പിന്‍തലമുറക്കരായ ബഹുമാനപ്പെട്ട കട്ടപ്പുറത്ത് യാക്കോബ് കത്തനാരുടെയും അയത്തില്‍ യോഹന്നാന്‍ കത്തനാരുടെയും നേതൃത്വത്തില്‍ നിറവേറപ്പെടുകയും ചെയ്‌തു. അങ്ങനെ എ. ഡി. 1884 ല്‍ കോതനല്ലൂര്‍ കരയില്‍ ചാമക്കാല പുരയിടത്തില്‍ സ്‌നേഹത്തിന്റെ ശ്ലീഹാ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വി. യോഹന്നാന്‍ ശ്ലീഹായുടെ നാമത്തില്‍ ചാമക്കാലാ പള്ളി സ്ഥാപിതമായി.
ഇടവക ജനങ്ങളുടെ അക്ഷീണയത്‌നത്താല്‍ 1918 ല്‍ ഒരു എല്‍ .പി. സ്‌കൂളും പ്രവര്‍ത്തനം തുടങ്ങി. പള്ളിയിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ഒരു വലിയ പള്ളി പണിയുന്നതിനുള്ള ശ്രമമാരംഭിച്ചു. ബഹുമാനപ്പെട്ട കോട്ടൂര്‍ സൈമണ്‍ അച്ചന്റെ കാലത്ത് പ്രാരംഭ നടപടി തുടങ്ങി. തുടര്‍ന്ന് ബഹുമാനപ്പെട്ട വിശാഖംതറ ഫിലിപ്പച്ചന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വലിയപള്ളി 1940 ല്‍ വെഞ്ചിരിച്ചു.1953 ഏപ്രില്‍ 19-ന് വിസിറ്റേഷന്‍ സന്യാസ സമൂഹത്തിന്റെ ഒരു ശാഖ ഇവിടെ സ്ഥാപിതമായി. പള്ളിക്ക് മൂന്ന് കുരിശ് പള്ളികളുണ്ട്. 400 ല്‍ പരം കുടുംബങ്ങള്‍ ഈ ഇടവകയിലുണ്ട്.