മറ്റക്കര മണ്ണൂര്‍ പ്രദേശത്തു ചേര്‍പ്പുങ്കല്‍ , മാറിടം, കിടങ്ങൂര്‍ എന്നീ പ്രദേശങ്ങളില്‍നിന്നും ഉദ്ദേശം നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറിപ്പാര്‍ത്ത ഏതാനും കുടുംബങ്ങളാണ് ഈ ഇടവകയിലെ ആദ്യതലമുറക്കാര്‍ , ഔദ്യോഗികനിലയില്‍ അവര്‍ പുന്നത്തുറ ഇടവകക്കാര്‍ ആയിരുന്നെങ്കിലും ആത്മീയാവശ്യങ്ങള്‍ മിക്കവാറും നടത്തിയിരുന്നത് മറ്റക്കര തിരുക്കുടുംബ ദേവാലയത്തിലാണ്. 1918-ല്‍ ഈ പ്രദേശത്തുണ്ടായിരുന്ന 21 ക്‌നാനായ കുടുംബക്കാര്‍ സമ്മേളിച്ചു സ്വന്തമായി ഒരു പള്ളി ഉണ്ടാകണം എന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിനായി ഒരു അപേക്ഷ അന്നത്തെ കോട്ടയം രൂപതാദ്ധ്യക്ഷന്‍ ചൂളപ്പറമ്പില്‍ മാര്‍ അലക്‌സാണ്ടര്‍ പിതാവിന് നല്‍കുകയും ചെയ്‌തു. അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിച്ച പിതാവ് താമസിയാതെ പള്ളി പണിയുന്നതിനുള്ള അനുവാദം നല്‍കി.
ഇപ്പോള്‍ പള്ളിയിരിക്കുന്ന സ്ഥലം വാങ്ങി അവിടെ 1920-ല്‍ ബഹു. രാമച്ചനാട്ട് ജോസഫ് അച്ചന്‍ പള്ളിക്ക് തറക്കല്ലിട്ടു. അതിനു സമീപം താല്‌ക്കാലികമായി ഉണ്ടാക്കിയ കെട്ടിടത്തില്‍ കുര്‍ബാന തുടങ്ങുകയും ചെയ്‌തു. പുന്നത്തുറ പള്ളി വികാരിമാരായിരുന്നു ആരംഭകാലത്ത് ഞായറാഴ്‌ചകളില്‍ ഇവിടെ വന്ന് ബലിയര്‍പ്പിച്ചിരുന്നത്. അവരില്‍ മാപ്ലേട്ട് ബഹു. തോമസ് അച്ചനും മാക്കില്‍ ബഹു. ലൂക്കാച്ചനും ആദ്യത്തെ പള്ളി പണിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. രാമച്ചനാട്ട് ബഹു. ജോസഫ് അച്ചന്റെ നേതൃത്വത്തില്‍ പള്ളിപണി പൂര്‍ത്തിയാക്കുകയും 1929-ല്‍ അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് പള്ളി കൂദാശ ചെയ്യുകയും ചെയ്‌തു. റവ. ഫാ. മാത്യു എട്ടാട്ട് വികാരിയായിരിക്കുമ്പോള്‍ 1992 ജൂണ്‍ 1-ന് ഇപ്പോഴത്തെ പുതിയ പള്ളിക്ക് തറക്കല്ലിടുകയും 1993 ഏപ്രില്‍ 20-ന് അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് പള്ളി കൂദാശ ചെയ്യുകയും ചെയ്‌തു.
ഇടവകയുടെ ആരംഭകാലത്ത് തന്നെ ഇവിടെ പള്ളിവക ഒരു എല്‍ .പി. സ്‌കൂളും 1992 മുതല്‍ മഠത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു നേഴ്‌സറി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. 1979-ല്‍ വിസിറ്റേഷന്‍ കന്യകാ സമൂഹത്തിന്റെ ഒരു ശാഖ ഇവിടെ സ്ഥാപിതമായി. ഇപ്പോള്‍ ഈ ഇടവകയില്‍ 307 കുടുംബങ്ങളും 1670 അംഗങ്ങളും ഉണ്ട്.