കൈപ്പുഴയില്‍ , 1813 ഒക്‌ടോബര്‍ 11-ാം തീയതി വി. ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ കൈപ്പുഴ കുറ്റിക്കല്‍ പള്ളി സ്ഥാപിത മായി. അതിരമ്പുഴ പള്ളിയിലും കടുത്തുരുത്തിപള്ളിയിലും അംഗങ്ങളായിരുന്ന ഏതാനും കുടുംബക്കാരുടെ പരിശ്രമഫലമാണ് കൈപ്പുഴപ്പള്ളി. ബ. പ്രോസ്‌പര്‍ പാതിരി ദൈവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. തറയില്‍ കൊച്ചോക്കന്റെ നേതൃത്വത്തിലായിരുന്നു പള്ളി പണി പൂര്‍ത്തിയാക്കിയത്. പൂവത്തില്‍ കുര്യാക്കോസ് പള്ളിപ്പണിയുടെ പകുതി ചെലവും വഹിച്ചു. പച്ചിക്കരതരകന്‍ ആവശ്യമായ തടി ദാനമായി നല്‍കി.
കോട്ടയം രൂപതയില്‍ സ്ഥാപിതമായ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെയും സെന്റ് ജോസഫ്‌സ് കന്യകാസമൂഹത്തിന്റെയും ഉത്ഭവവും ഈ ഇടവകയില്‍ തന്നെയാണ്. 1892 ജൂണ്‍ 24-ാം തീയതിയാണ് വിസിറ്റേഷന്‍സമൂഹം രൂപം കൊണ്ടത്. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി അക്കാലത്ത് കൈപ്പുഴയില്‍ വിസിറ്റേഷന്‍ സഭാംഗങ്ങള്‍ നടത്തിവന്നിരുന്ന മലയാളം ഏഴാംക്ലാസ് വിദ്യാലയവും ബോര്‍ഡിംഗും മദ്ധ്യതിരുവിതാംകൂറിലെ ഒരു പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. സാധുക്കളെയും അംഗവൈകല്യമുള്ളവരെയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അഗതി മന്ദിരം പൂതത്തില്‍ ബ. തൊമ്മിയച്ചന്‍ സ്ഥാപിക്കുകയും അതിന്റെ സംരക്ഷണച്ചുമതല 1928 ജൂലൈ 3 ന് സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിനു നല്‍കുകയും ചെയ്‌തു.
രൂപതയിലെ ആദ്യത്തെ ആശുപത്രി 1947 ല്‍ കൈപ്പുഴയില്‍ ആരംഭിച്ചു. ഇടവകക്കാരനായിരുന്ന ഏലൂര്‍ ബ. തോമസച്ചനാണ് ഇത് സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കിയത്. പള്ളിക്കുന്നേല്‍ ബ. ജോസഫച്ചന്റെ നേതൃത്വത്തില്‍ 1941 ല്‍ ഈ ദൈവാലയം കുരിശാകൃതിയില്‍ വിസ്‌തൃതമാക്കി. 1983 ല്‍ ഫാ. ജയ്‌ക്കബ് കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ആധുനികരീതിയില്‍ ഇന്നു കാണുന്ന മനോഹരമായ ദൈവാലയം നിര്‍മ്മിച്ചു. മെയ് ആദ്യഞായറാഴ്‌ച വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാളും ഫെബ്രുവരി ആദ്യ ഞായറാഴ്‌ച കര്‍മ്മലമാതാവിന്റെ ദര്‍ശനത്തിരുനാളും ആഘോഷിക്കുന്നു. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 8,9,10 തീയതികളില്‍ നാല്‌പതുമണിയാരാധനയും ഒക്‌ടോബര്‍ 11 നു കല്ലിട്ട തിരുനാളും തിരുഹൃദയത്തിരുനാളില്‍ പന്ത്രണ്ടു മണിയാരാധനയും നടത്തുന്നു.
6 കുരിശു പള്ളികള്‍ ഈ പള്ളിക്കുണ്ട്. 722 ഭവനങ്ങളിലായി 4000 അംഗങ്ങള്‍ ഈ ഇടവകയിലുണ്ട്. പള്ളിയോടനുബന്ധിച്ച് 1890 ല്‍ മോണ്‍ ജോസഫ് മാക്കീല്‍ സെന്റ് മാത്യൂസ് എല്‍ . പി. സ്‌കൂള്‍ സ്ഥാപിച്ചു. 1926 ല്‍ സെന്റ് ജോര്‍ജ്ജസ് മിഡില്‍ സ്‌കൂള്‍ സ്ഥാപിതമായി. 1948 ല്‍ ഇതു ഹൈസ്‌കൂള്‍ ആയി. സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ആധുനിക രീതിയിലുള്ള കെട്ടിടം ഡോ. മാന്റില്‍ പണികഴിപ്പിച്ചു തന്നത് 2009 ലാണ്. 2009 ല്‍ സെന്റ് മാത്യൂസ് നേഴ്‌സറി സ്‌കൂള്‍ സെന്റ് ജോര്‍ജ് സ്‌കൂളിനോടനുബന്ധിച്ച് തുടങ്ങുകയുണ്ടായി.
1919-ല്‍ തിരുവിതാംകൂര്‍ ദിവാന്‍ മുന്‍കൈ എടുത്തു കൈപ്പുഴ പള്ളിമുറ്റത്തു സ്ഥാപിച്ചു. 120 വര്‍ഷം പഴക്ക ഒരു ലൈബ്രറിയും ഈ പള്ളിയോടനുബന്ധിച്ചുണ്ട്. ദൈവദാസന്‍ തോമസ് പൂതത്തിലച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്നതും ഇവിടെ തന്നെ.