ഒരു കാലത്ത് കണ്ണങ്കര എന്നത് ഒരു പുരയിടത്തിന്റെ പേരായിരുന്നു. എന്നാല്‍ പ്രസ്‌തുത പുരയിടത്തില്‍ പള്ളി സ്ഥാപിതമായതോടെ കണ്ണങ്കര എന്ന സ്ഥലനാമമായി. കണ്ണങ്കര ഇടവകയുടെ വ്യാപ്‌തി തണ്ണീര്‍മുക്കം, മുഹമ്മ, കഞ്ഞിക്കുഴി എന്നീ മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നു. മദ്ധ്യതിരുവിതാംകൂറിലെ കടുത്തുരുത്തി, കോട്ടയം, കല്ലിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വന്ന് താമസമാക്കിയ ക്‌നാനായക്കാരില്‍ കടുത്തുരുത്തി, കല്ലിശ്ശേരി എന്നി സ്ഥലങ്ങളില്‍ നിന്നുമായി 7 കുടുംബക്കാര്‍ കണ്ണങ്കരയിലേക്ക് കുടിയേറി. സാഹസികരും കഠിനാദ്ധ്വാനികളുമായിരുന്ന അവരുടെ ആത്മീയ കാര്യങ്ങളുടെ നിര്‍വ്വഹണത്തിനായി വേമ്പനാട് കായല്‍ താണ്ടി മാതൃദേവാലയമായ കടുത്തുരുത്തിപ്പള്ളിയിലും കായലിനക്കരെയുള്ള വെച്ചൂര്‍ പള്ളിയിലും പോകേണ്ടിയിരുന്നു. അവര്‍ അന്നത്തെ വരാപ്പുഴ രൂപത മെത്രാനായിരുന്ന ബിഷപ്പ് ഫ്രാന്‍സിസ് സേവ്യറില്‍ നിന്നും ഒരു ദേവാലയം പണികഴിപ്പിക്കുന്നതിനുള്ള ഉത്തരവ് സമ്പാദിച്ചു. പ്രഥമ ഏതദ്ദേശീയ സന്യാസസഭയുടെ ആദ്യത്തെ പ്രിയോര്‍ ജനറല്‍ ആയിരുന്ന വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ ആദ്യപള്ളിയുടെ അടിസ്ഥാനശിലപാകി.
മോണ്‍.മാത്യു കൂപ്ലിക്കാട്ടിന്റെ പിതാവ് ശ്രീ. മത്തായിയുടെ സഹോദരന്‍ ചാക്കുണ്ണിപ്പോറ്റിയുടെ നേതൃത്വത്തില്‍ ത്യാഗശീലരും കര്‍മ്മോത്സുകരുമായ വിശ്വാസികളുടെ ശ്രമഫലമായി പണിപൂര്‍ത്തിയാക്കിയ ദേവാലയം 1842-ല്‍ കടുത്തുരുത്തി വലിയപള്ളിയുടെ കുരിശുപള്ളിയായി ആരംഭിക്കുകയും പിന്നീട് അത് ദേവാലയമായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു. വരാപ്പുഴ വികാരിയാത്തിന്റെ ബിഷപ്പായിരുന്ന മാര്‍ ഫ്രാന്‍സീസ് സേവ്യറിന്റെ നാമഹേതുകനായിരുന്ന സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍ വി.ഫ്രാന്‍സിസ് സേവ്യര്‍ സുവിശേഷ പ്രവര്‍ത്തകനായി ഭാരതത്തില്‍ വന്നതിന്റെ 300-ാം വര്‍ഷം തികയുന്നതുമൊക്കെ കണക്കിലെടുത്ത് ആയിരിക്കാം ദേവാലയം വി. ഫ്രാന്‍സിസ് സേവ്യറിന്റെ മദ്ധ്യസ്ഥതയില്‍ തുടങ്ങിയത്. വരാപ്പുഴ വികാരിയാത്തിന്റെ കീഴിലായിരുന്നതിനാല്‍ നമ്മുടെ ആദ്യകാല വികാരിമാരെപ്പറ്റിയുള്ള ചരിത്രരേഖകള്‍ ഒന്നും തന്നെ നമ്മുടെ പക്കലില്ല. എന്നാല്‍ കണ്ണങ്കര ഇടവകക്കാരനായിരുന്ന ആദ്യത്തെ വൈദികന്‍ അത്താഴക്കാട്ടച്ചന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മാപ്പിളശ്ശേരില്‍ ബഹു. ശിമയോനച്ചന്‍ ആയിരുന്നു. കണ്ണങ്കരയുടെ സമഗ്രമായ പുരോഗതിക്കുവേണ്ടി ക്രാന്തദര്‍ശിത്വത്തോടെ പ്രയത്‌നിച്ച പ്രതിഭാധനനായിരുന്നു കുപ്ലിക്കാട്ട് ബഹു. മോണ്‍സിഞ്ഞോര്‍ മാത്യു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി ഇടവക മദ്ധ്യസ്ഥന്റെ പേരില്‍ 1917-ല്‍ പ്രൈമറി വിദ്യാലയവും, പെണ്‍കുട്ടികള്‍ക്ക് മാത്രമായി 1924-ല്‍ സെന്റ് തെരെസീനാസ്
ഗേള്‍സ് എല്‍.പി. സ്‌കൂളും ആരംഭിച്ചു. സെന്റ് മാത്യൂസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചതോടെ ഇടവകാംഗങ്ങള്‍ക്കും സമീപപ്രദേശങ്ങളിലുള്ളവര്‍ക്കും അപ്പര്‍ പ്രൈമറിതലം വരെയുള്ള വിദ്യാഭ്യാസത്തിന് സൗകര്യം ലഭിച്ചു. 1952-ല്‍ ബഹു. ജോസഫ് പുത്തന്‍പുരയ്‌ക്കലച്ചന്‍ വികാരിയായിരിക്കുമ്പോള്‍ മിഡില്‍ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.
1951 ഏപ്രില്‍ 23-ന് കോട്ടൂര്‍ ബഹു. ജോണ്‍ അച്ചന്‍ വികാരിയായിരിക്കുമ്പോള്‍ പുതിയ ദേവാലയത്തിന് ശിലാസ്ഥാപനം നടത്തുകയും 13 വര്‍ഷവും 8 മാസം കൊണ്ട് പണികള്‍ പൂര്‍ത്തീകരിച്ച് 1964 ഡിസംബര്‍ 20-ാം തീയതി അഭി.തോമസ് തറയില്‍ പിതാവ് ദൈവാലയം കൂദാശ ചെയ്യുകയും ചെയ്‌തു. കണ്ണങ്കരയില്‍ നിന്നും 8 കി.മീ ദൂരെ ചാരമംഗലം പ്രദേശത്തു താമസിച്ചിരുന്ന ഇടവകാംഗങ്ങളുടെ ആത്മകാര്യങ്ങളുടെ നിര്‍വഹണത്തിനായി 1941-ല്‍ ഒരു പ്രാര്‍ത്ഥനാലയം സ്ഥാപിക്കുകയും 1946 ഒക്‌ടോബര്‍ 18-ന് അവിടെ ദൈവാലയം സ്ഥാപിച്ച് കൂദാശകര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു. 1956-ല്‍ ഇടവകയായി ഉയര്‍ത്തപ്പെടുന്നതുവരെ ചാരമംഗലം പള്ളി കണ്ണങ്കര പള്ളിയുടെ കുരിശുപള്ളിയായി പ്രവര്‍ത്തിച്ചുപോന്നു. ഇടവക പള്ളിയോടു ചേര്‍ന്ന് 1940 സെപ്‌റ്റംബര്‍ 8-ാം തീയതി വിസിറ്റേഷന്‍ കന്യകാസമൂഹത്തിന്റെ ശാഖാഭവനം പ്രവര്‍ത്തനം ആരംഭിച്ചു. ബഹു. സിസ്റ്റേഴ്‌സിന്റെ സഹകരണത്തിലും ഇടവകയുടെ മേല്‍നോട്ടത്തിലും സെന്റ് സേവ്യേഴ്‌സ് നേഴ്‌സറി സ്‌കൂള്‍, സെന്റ് ഫിലിപ്പ് നേരി ഡിസ്‌പെന്‍സറി, എയ്‌ച്ചലാലയം വീവിംഗ് സെന്റര്‍ എന്നിവ നടത്തിപ്പോന്നു. 1992-ല്‍ ഇടവകയുടെ 150-ാം വാര്‍ഷികാഘോഷങ്ങളും ബഹു. മോണ്‍സിഞ്ഞോര്‍ പീറ്റര്‍ ഊരാളില്‍ തുടക്കം കുറിക്കുകയും ശതോത്തര സുവര്‍ണ്ണ ജൂബിലി സ്‌മാരകമായി നിര്‍മ്മിച്ച ഹാള്‍ 1999-ല്‍ ഇടവകാംഗങ്ങള്‍ക്കായി അഭി. കുന്നശ്ശേരി പിതാവ് ആശീര്‍വദിച്ചു നല്‌കുകയും ചെയ്‌തു. ഈ ഇടവകയില്‍ 299 കുടുംബങ്ങളിലായി 1893 അംഗങ്ങളാണുള്ളത്.