കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ , കല്ലാട് വില്ലേജില്‍ , പടിയൂര്‍ പഞ്ചായത്തിന്റെ വടക്കുകിഴക്ക് രണ്ട് ച. കിലോമീറ്ററില്‍ കിടക്കുന്ന ഒരു ചെറിയ കാര്‍ഷിക ഗ്രാമമാണ് തിരൂര്‍ . ഇതിന്റെ ഹൃദയഭാഗത്താണ് വി. ഫ്രാന്‍സിസ് അസ്സീസിയുടെ നാമത്തിലുള്ള തിരൂര്‍ പള്ളി സ്ഥിതിചെയ്യുന്നത്.
വിവിധ മതസ്ഥര്‍ ഒന്നിച്ചുതാമസിക്കുന്ന തിരൂര്‍ദേശത്ത് ഏകദേശം 108 ക്‌നാനായ കുടുംബക്കാര്‍ താമസിച്ചിരുന്നു. ഇതില്‍ 18 കുടുംബക്കാരുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ പയ്യാവൂര്‍ വലിയപള്ളി (കണ്ടകശ്ശേരി പള്ളി) യും 90 കുടുംബക്കാരുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ചമതച്ചാല്‍ പള്ളിയുമാണ് നിര്‍വഹിച്ചുകൊണ്ടിരുന്നത്.
തിരൂര്‍ നിവാസികള്‍ക്ക് തങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ നിറവേറ്റാന്‍ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. വര്‍ഷകാലത്ത് പുഴയില്‍ വെള്ളം പൊങ്ങുന്നതുകൊണ്ട് തിരൂര്‍ നിവാസികള്‍ക്ക് അവരുടെ മാതൃ- ഇടവകകളായ കണ്ടകശ്ശേരിയിലും ചമതച്ചാലിലും എത്തി മുഴുവന്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ആയതിനാല്‍ തിരൂരില്‍ ഒരു പള്ളി വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നു.
അഭി. കുന്നശ്ശേരി പിതാവിന്റെ അനുമതിയോടുകൂടി, മോണ്‍ . സ്റ്റീഫന്‍ ജയരാജച്ചന്‍ വികാരി ജനറാളും നെടുന്തുരുത്തി മൈക്കിളച്ചന്‍ മടമ്പം ഫൊറാനാ വികാരിയും ജോസഫ് മുളവനാലച്ചന്‍ കണ്ടകശ്ശേരി വികാരിയും ജയിംസ് പൂത്തൃക്കയിലച്ചന്‍ ചമതച്ചാല്‍ പള്ളി വികാരിയുമായിരുന്ന അവസരത്തില്‍ , ഇവരുടെയെല്ലാം സഹകരണത്തോടുകൂടി തിരൂരില്‍ ആദ്യം 75 സെന്റ് സ്ഥലം വാങ്ങിച്ചു. പിന്നീട് ഫാ. ജോര്‍ജ്ജു കപ്പുകാലായിലച്ചന്‍ ചമതച്ചാല്‍ പള്ളി വികാരിയായിരിക്കെ, ശ്രീ. സൈമണ്‍ പുന്നോടത്തിന്റെ സഹകരണത്തോടെ പള്ളിക്കുവേണ്ടി 1.30 സെന്റ് സ്ഥലവും കൂടി വാങ്ങിച്ചു. തുടര്‍ന്ന് തോട്ടപ്ലാക്കിപത്രോസിന്റെ ഭവനത്തില്‍ തദ്ദേശീയരായ ക്‌നാനായക്കാരുടെ ആദ്യ യോഗം വിളിച്ചുകൂട്ടുകയും തത്ക്കാലത്തേക്കുള്ള പള്ളി പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. 18/10/92 ല്‍ ശ്രീ. എളബാശ്ശേരില്‍ കുര്യന്റെ വീട്ടില്‍ കൂടിയ യോഗത്തില്‍ പള്ളിപണിക്കുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു.
മോണ്‍ . സ്റ്റീഫന്‍ ജയരാജനച്ചന്‍ 31/10/1992 ന് പള്ളിക്ക് കല്ലിട്ടു. ചമതച്ചാല്‍ പള്ളി വികാരിയായിരുന്ന ജോര്‍ജ് കപ്പുകാലായിലച്ചന്റെ അക്ഷീണ പരിശ്രമഫലമായി 04/10/1993 ല്‍ പള്ളി വെഞ്ചരിച്ചു. ആ കാലഘട്ടത്തില്‍ ചമതച്ചാല്‍ പള്ളി സംഭാവനചെയ്ത പഴയപള്ളിയുടെ തടിയും മറ്റും ഉപയോഗിച്ച് ഇന്നു കാണുന്ന നഴ്‌സറി സ്‌കൂള്‍ സ്ഥാപിക്കുകയും, പിന്നീട് ചമതച്ചാലില്‍ അസി.വികാരിയായി വന്ന കിന്തനാനിക്കല്‍ തോമസച്ചന്റെ കാലത്ത് പള്ളി മുറി പണിയുകയും ചെയ്തു. ആദ്യ വികാരി ബഹു. ജോയി കുന്നശ്ശേരി അച്ചനായിരുന്നു. പിന്നീട് സഹായ മെത്രാനായിരുന്ന അഭി. മൂലക്കാട്ട് പിതാവിന്റെ മേല്‍നോട്ടത്തില്‍ ബഹു. സുനില്‍ പെരുമാനൂരച്ചന്‍ വികാരിയായിരിക്കെ, ഇന്നു കാണുന്ന പള്ളി സ്ഥാപിക്കുകയും, 2004 ഫെബ്രുവരി 21-ാം തീയതി അഭി. കുന്നശ്ശേരി പിതാവ് പുതിയ പള്ളി കൂദാശചെയ്യുകയും ചെയ്തു