ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകം വരെ മാറിക, വെങ്ങാലൂര്‍ , ചൂരല്ലൂര്‍ , പുറപ്പുഴ പ്രദേശങ്ങ ളില്‍ താമസിച്ചിരുന്ന ക്‌നാനായ കത്തോലിക്കരുടെ ഇടവക ദേവാലയം ചുങ്കം പള്ളിയായിരുന്നു. അക്കാലത്ത് അമ്പതോളം ക്‌നാനായ കുടുംബങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടായിരുന്നു. അന്നത്തെ ചുങ്കംപള്ളി വികാരിയായിരുന്ന റവ. കോച്ചേരില്‍മത്തായി അച്ചന്റെ സമ്മത ത്തോടെ 1908 ഇടവം 21-ാം തീയതി യോഗം ചേര്‍ന്ന് മാറികയില്‍ ഒരു ദേവാലയ സ്ഥാപനത്തിന് മുന്നോടിയായി ഒരു കുരിശുപള്ളി പണിയുന്നതിന് തീരുമാ നിച്ചു. 1909 കുംഭമാസം 4-ാം തീയതി അന്നത്തെ എറണാകുളം മെത്രാന്‍ മാര്‍ ളൂയിസ് പഴയപറമ്പില്‍ തിരുമേനിക്ക് കുരിശുപള്ളി പണിയുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഏങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അപേക്ഷ മടക്കി അയച്ചു. 1911-ല്‍ കോട്ടയം രൂപത സ്ഥാപിതമായതോടെ രൂപതാദ്ധ്യക്ഷനായ മാര്‍ മാക്കീല്‍ പിതാവ് 1912 മെയ് 1-ാം തീയതി 192-ാം നമ്പര്‍ കല്പന പ്രകാരം കുരിശുപള്ളി പണിയുന്നതിന് അനുവാദം നല്‍കി. കൊല്ലവര്‍ഷം 1084-ല്‍ ഇല്ലിക്കാട്ടില്‍ മാത്തുള്ള തൊമ്മന്‍ കുരിശുപള്ളി പണിയുവാന്‍ ഒരേക്കര്‍ അമ്പത് സെന്റ് സ്ഥലം കിഴക്കേക്കര കുന്നുംപുറത്ത് പുരയിടത്തില്‍ നിന്നും ദാനം നല്‍കി. കുരിശുപള്ളി പണി തുടങ്ങിയെങ്കിലും സ്ഥലം സന്ദര്‍ശിച്ച കോട്ടയം പിതാവിന് പ്രസ്തുത സ്ഥലത്തേക്ക് ഗതാഗതസൗകര്യം കുറവായി തോന്നിയതിനാല്‍ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്ന ഒരേക്കര്‍ അമ്പത്തിയൊന്‍പത് സെന്റ് സ്ഥലം ടി മാത്തുള്ള തൊമ്മന്‍ ദാനമായി നല്‍കുകയും ആദ്യം നല്‍കിയ സ്ഥലം തിരികെ എടുക്കുകയും ചെയ്തു. പള്ളിമുറി ആദ്യം നിര്‍മ്മിക്കുകയും വെഞ്ചരിപ്പിന് ശേഷം അവിടെ ദിവ്യബലി അര്‍പ്പിക്കുന്നതിന് അഭിവന്ദ്യ പിതാവ് അനുവദിക്കുകയും ചെയ്തു. 1915 നവംബര്‍ ഒന്നാം തീയതി കോച്ചേരില്‍ ബഹുമാനപ്പെട്ട മത്തായി അച്ചന്‍ വെഞ്ചരിപ്പു കര്‍മ്മം നടത്തി ദിവ്യബലി അര്‍പ്പിച്ചു.
1916 നവംബര്‍ 24-ാം തീയതി കോട്ടയം പിതാവില്‍ നിന്നും മാറികയില്‍ പള്ളി പണിയുന്നതിനുള്ള അനുമതി ലഭിച്ചു. 1917 അവസാനത്തോടെ പള്ളി പണി പൂര്‍ത്തിയായി. 1917 ഒക്‌ടോബര്‍ 14-ാം തീയതിയിലെ കോട്ടയം പിതാവിന്റെ കല്പനപ്രകാരം പുതിയ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനും എല്ലാ വര്‍ഷവും ഫെബ്രുവരി 15-ാം തീയതി ഇടവക മദ്ധ്യസ്ഥനായ വി. അന്തോ നീസിന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനും മകരം 20-ാം തീയതി കഴിഞ്ഞു വരുന്ന ഞായറാഴ്ച വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്നതി നും അനുമതിയായി. 1918 ഫെബ്രുവരി 28-ാം തീയതിയിലെ 1220-ാം നമ്പര്‍ കല്പനപ്രകാരം മാറിക പള്ളിയെ ചുങ്കം പള്ളിയില്‍ നിന്നും വേര്‍പെടുത്തി ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. ചുങ്കം പള്ളിയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന വട്ടപ്പറമ്പില്‍ ബഹു. പീലിപ്പോസച്ചനെ മാറിക പള്ളിയിലെ പ്രഥമവികാരിയായി നിയമിച്ചു. മാറികയില്‍ സ്ഥാപിച്ച ഈ പള്ളി ആരംഭകാലത്ത് തേക്കുംകാട്ടില്‍ പള്ളിയെന്ന് അത് അറിയപ്പെട്ടിരുന്നു. മാറികയില്‍ മറ്റൊരു കത്തോലിക്കാ ദേവാലയം ഉണ്ടായിരുന്നതിനാല്‍ പുതുതായി സ്ഥാപിച്ച പള്ളിയെ പുത്തന്‍പള്ളി എന്ന് ജനങ്ങള്‍ വിളിച്ചുപോന്നു.
ഈ പ്രദേശത്തുള്ള കുട്ടികളുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തി 1106 ഇടവമാസത്തില്‍ ഒരു പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. 1936-ല്‍ വികാരിയായിരുന്ന കണ്ടാരപ്പിള്ളില്‍ ബഹുമാനപ്പെട്ട ഫിലിപ്പച്ചന്റെ നേതൃത്വത്തില്‍ ശ്രീ. ജോസഫ് പുളിയപ്പിള്ളില്‍ ദാനം ചെയ്ത സ്ഥലത്ത് വി. കൊച്ചുത്രേസ്യായുടെ നാമത്തില്‍ വഴിത്തലയില്‍ ഒരു കുരിശുപള്ളി സ്ഥാപിച്ചു. നിലവിലുണ്ടായിരുന്ന സ്‌കൂളിന് സ്ഥലപരിമിതി മൂലം 1936-37 കാലഘട്ടത്തില്‍ ഇപ്പോഴത്തെ സ്‌കൂള്‍ കെട്ടിടം പണികഴിപ്പിച്ചു. 1958-59 കാലഘട്ടത്തില്‍ വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോസഫ് മണ്ണാത്തുമാക്കില്‍ അച്ചന്റെ നേതൃത്വത്തില്‍ പള്ളിയുടെ മുന്‍വശ ത്തുള്ള തോടിന് പാലം നിര്‍മ്മിച്ചു. 1965-ല്‍ വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോണ്‍ ടവിലച്ചന്റെ നേതൃത്വത്തില്‍ പള്ളി മുറി പുതുക്കി പണിയുകയും വിസിറ്റേഷന്‍ മഠം സ്ഥാപിക്കുന്നതിന് ആലോചിക്കുകയും ചെയ്തു. ചെള്ളക്കണ്ട ത്തില്‍ ബഹുമാനപ്പെട്ട മത്തായി അച്ചന്റെ കാലത്താണ് മഠം സ്ഥാപിച്ചത്. ആരാധനസൗകര്യം കുറവായ സ്ഥിതി പരിഗണിച്ച് 1974-75 കാലഘട്ടത്തില്‍ വികാരിയായിരുന്ന കൊരട്ടിയില്‍ ബഹുമാനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില്‍ പള്ളി പുതുക്കി പണിയുകയുണ്ടായി. സെമിത്തേരിയില്‍ സ്ഥല പരിമിതി മൂലം വികാരി ഇടത്തിപ്പറമ്പില്‍ ബഹുമാനപ്പെട്ട സ്റ്റാനി അച്ചന്റെ നേതൃത്വത്തില്‍ 40 സെല്ലുകളോടു കൂടിയ ഒരു വോള്‍ട്ട് നിര്‍മ്മിച്ചു. 1975-ല്‍ പുതുക്കി പണിത പള്ളി 2001-ല്‍ വികാരിയായിരുന്ന പാറടിയില്‍ ബഹുമാനപ്പെട്ട ഏബ്രഹാം അച്ചന്റെ നേതൃത്വത്തില്‍ ആധുനിക രീതിയില്‍ നവീകരിക്കുകയും അതേത്തുടര്‍ന്ന് 500-ഓളം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഒരു പാരീഷ്ഹാളും 150-പേര്‍ക്ക് ഇരിക്കാവുന്ന ഒരു ചെറിയ പാരിഷ് ഹാളും പണിയുകയുണ്ടായി. 2010-11 കാലഘട്ടത്തില്‍ വികാരിയായ മാളിയേക്കല്‍ ബഹു.ബിജുവച്ചന്റെ നേതൃത്വത്തില്‍, കാലഘട്ടത്തിന്റെ പെട്ടെന്നുള്ള പുരോഗമനം മനസ്സിലാക്കുകയും പാരിഷ് ഹാളിന്റെ ഉന്നമനം കണക്കിലെടുത്തും കുരിശും തൊട്ടിയും പള്ളിപ്പരിസരവും ടാറിംഗ് നടത്തി ഭംഗി ആക്കുകയും ഉണ്ടായി.
ഇന്ന് പതിനാറ് കൂടാരയോഗങ്ങളും ഇരുന്നൂറ്റി എഴുപത്തിയഞ്ചിലധികം കുടുംബങ്ങളും 1800-ല്‍ പരം ഇടവകാംഗങ്ങളും ഉണ്ട്. കൂടാതെ ഇടവകയില്‍ നിന്നും ബഹുമാനപ്പെട്ട ഒമ്പത് വൈദികരും ബഹുമാനപ്പെട്ട ഒമ്പത് ബ്രദേഴ്‌സും 49 സിസ്റ്റേഴ്‌സും അഭിമാനകരമായി ദൈവവചനപ്രഘോഷണം നടത്തുന്നു.