ഒളശ്ശ, പരിപ്പ് നിവാസികളായ ക്‌നാനായ കത്തോലിക്കരുടെ മാതൃദേവാലയം ഇടയ്‌ക്കാട്ടുപള്ളിയായിരുന്നു. ആ പള്ളിയുമായി ബന്ധപ്പെടുന്നതിനുള്ള ബുദ്ധിമുട്ടു മുന്‍നിര്‍ത്തി ഇവിടത്തെ വിശ്വാസികള്‍ ഈ പ്രദേശത്ത് ഒരു ദേവാലയം ഉണ്ടാകണമെന്നാഗ്രഹിച്ചു. അതിനായി അവര്‍ പരിശ്രമം തുടങ്ങി. 1903 ല്‍ തിരുവുതാംകൂര്‍ ദിവാന്‍ജിയായിരുന്ന കൃഷ്‌ണസ്വാമി റാവുവില്‍നിന്ന് 797-ാം നമ്പര്‍ കല്‌പന പ്രകാരം ഒളശ്ശ, പരിപ്പ് പ്രദേശത്ത് ഒരു പള്ളി പണിയുവാന്‍ പാടില്ലെന്ന നിയമം പ്രാബല്യത്തില്‍ വന്നിരുന്നു.
കളപ്പുരയില്‍ ഏലീശാ എന്ന സ്‌ത്രീയ്‌ക്ക് ഉണ്ടായതായി പറയപ്പെടുന്ന വെളിപാട് പ്രകാരം ഒരു കാലത്ത് ഇടത്തില്‍ രാജാക്കന്‍മാര്‍ താമസിച്ചിരുന്ന ഇടത്തില്‍ പുരയിടത്തിനു കിഴക്കുവശത്തുള്ള കളപ്പുരക്കാരുടെ കല്ലുവെട്ടാംകുഴിയില്‍ ഒരു പള്ളി പണിയണമെന്ന നിര്‍ദേശം വന്നു. അങ്ങനെയാണ് ഒളശ്ശ പള്ളി ഇന്ന് ഇരിക്കുന്നസ്ഥാനത്ത് പണിയാനിടയായതും നാട്ടുകാര്‍ ഇതിനെ`ഇടത്തിപള്ളി’ എന്നുവിളിച്ചതും. മേല്‍പറഞ്ഞ സംഭവത്തെതുടര്‍ന്ന് കളപ്പുരയില്‍ ഉതുപ്പാന്‍, തണ്ണീക്കരിയില്‍ പാച്ചി, തയ്യില്‍ ചാക്കോ, കളത്ര ചാക്കോ എന്നിവരുടെ നേത്യത്വത്തില്‍ പള്ളിപണിയെക്കുറിച്ച് ആലോചനനടത്തുകയും, അഭിവന്ദ്യ മാക്കില്‍ പിതാവിനെകണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്‌തു. അഭിവന്ദ്യ മാക്കില്‍ പിതാവ് നല്‌കിയ കത്തുമായി അവര്‍ തിരുവനന്തപുരത്തുപോയി ദിവാന്‍ജിയെ കണ്ട് പള്ളി പണിക്കെതിരായ സ്റ്റേ നീക്കം ചെയ്യിപ്പിച്ചു. കളപ്പുരയില്‍ പാച്ചിയും ഇട്ടിയും ദാനമായി കൊടുത്ത സ്ഥലത്ത് 1912 ഡിസംബര്‍ 8-ാം തീയതി അന്നത്തെ ഇടയ്‌ക്കാട്ടുപള്ളി വികാരിയായിരുന്ന ബ. വട്ടക്കുളത്തില്‍ മത്തായി അച്ചന്‍ പള്ളിക്കു തറക്കല്ലിട്ടു. താത്‌കാലികമായി ഓല ഷെഡ് കെട്ടിയ പള്ളിയില്‍ 1912 ഡിസംബര്‍ 25-ാം തീയതി ബ. തച്ചേടത്ത് തൊമ്മിയച്ചന്‍ ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു.
ഈ നാട്ടിലെ വിശ്വാസികളുടെ ചിരകാലാഭിലാഷമായ ദേവാലയം 1920 ജൂണ്‍ 13-ാം തീയതി വി. അന്തോനീസിന്റെ തിരുനാള്‍ ദിവസം അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവു വെഞ്ചരിച്ചു. പള്ളി പണിക്കു നേത്യത്വം നല്‌കിയത് അന്നത്തെ വികാരിയായിരുന്ന ബ. ഒട്ടക്കാട്ടിലച്ചനും കൈക്കാരന്മാരായിരുന്ന തയ്യില്‍ ചാക്കോയും കളപ്പുര ഉതുപ്പാനുമായിരുന്നു. 1976 ല്‍ വിസിറ്റേഷന്‍ കന്യകാമഠത്തിന്റെ ഒരു ശാഖാഭവനം ഇവിടെ സ്ഥാപിതമായി. ബ. സിസ്റ്റേഴ്‌സ് ഒരു നഴ്‌സറി സ്‌കൂളും ഒരു തയ്യല്‍ പരിശീലനകേന്ദ്രവും നടത്തുന്നു. 1979ല്‍ ബ. വെള്ളിയാന്‍ ജേക്കബ് അച്ചന്‍ സെന്റ് ആന്റണീസ് എല്‍ പി സ്‌കൂള്‍ സ്ഥാപിച്ചു. ബ. ജേക്കബ് കളപ്പുരയിലച്ചന്‍ 1994 ല്‍ ആണ് പള്ളിമേട പുതുക്കി പണിയിച്ചത്. മഹാജൂബിലി വര്‍ഷത്തില്‍ സുനില്‍ പെരുമാനൂരച്ചന്‍ പരിപ്പിലുള്ള സെന്റ് ആന്റണീസ് ഷോപ്പിംഗ് കോംപ്ലക്‌സ് പൂര്‍ത്തീകരിച്ച് വെഞ്ചരിച്ചു. 2004 ല്‍ ബ. ജയ്‌മോന്‍ ചെന്നാക്കുഴിയിലച്ചന്‍ പള്ളി പുതുക്കി പണിയിച്ച് മനോഹരമാക്കി.