പയ്യാവൂര്‍ ടൗണിന്റെ ഹൃദയഭാഗത്തുതന്നെയാണ് വി. അന്നാ ഉമ്മയുടെ നാമധേയത്തിലുള്ള പയ്യാവൂര്‍ ടൗണ്‍ പള്ളി സ്ഥാപിതമായിരിക്കുന്നത്. പയ്യാവൂര്‍ ടൗണിലും പരിസരങ്ങളിലുള്ള ആളുകളുടെ സൗകര്യം കണക്കിലെടുത്ത് പയ്യാവൂര്‍ പള്ളിയില്‍ നിന്നും വേര്‍തിരിച്ചതാണ് ഈ ഇടവക. ഫാ. സൈമണ്‍ എടത്തിപ്പറമ്പില്‍ പയ്യാവൂര്‍ പള്ളിവികാരിയായിരുന്ന കാലത്ത് ഇവിടൊരു കുരിശടി സ്ഥാപിച്ചു. ഫാ. തോമസ് തറയില്‍ പയ്യാവൂര്‍ പള്ളി വികാരിയായിരുന്നപ്പോള്‍ പുതിയ പള്ളിയുടെ ശിലാസ്ഥാപനകര്‍മ്മം 1977 ജൂലൈ 3 ന് അഭിവന്ദ്യ കുന്നശ്ശേരി പിതാവ് നിര്‍വഹിക്കുകയുണ്ടായി. 1982 ഏപ്രില്‍ 2 ന് പള്ളി കൂദാശ ചെയ്ത് പ്രഥമ വികാരിയായി ഫാ. ജേക്കബ് തടത്തിലിനെ നിയമിച്ചു. പുതുഞായറാഴ്ച ദിവസം വി.തോമാശ്ലീഹായുടെ തിരുനാള്‍ ആണ് ഇവിടെ പ്രധാനമായും ആഘോഷിക്കുന്നത്. മുമ്പുണ്ടായിരുന്ന ദേവാലയത്തിന് സ്ഥലസൗകര്യം കുറവായതിനാലും ഇടവകയിലെ ഭവനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിനാലും ഫാ. ജേക്കബ് മൂല്ലൂര്‍ വികാരിയായിരിക്കെ, 2007 ല്‍ പുതിയ ദേവാലയത്തിന് ശിലാസ്ഥാപനം നടത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും ചെയ്തു. ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പിലിന്റെ നേത്യത്വത്തില്‍ പുതിയ ദേവാലയമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടു. 2011 ഏപ്രില്‍ 28 ന് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പുതുക്കി പണിത ദേവാലയം കൂദാശ ചെയ്തു. ഇപ്പോള്‍ ഇവിടെ 445 കുടുംബങ്ങളും 2700 ഓളം ഇടവകാംഗങ്ങളുമുണ്ട്.
1982 മുതല്‍ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ ശാഖാഭവനവും 2005 മുതല്‍ വിസിറ്റേഷന്‍ ശാഖാഭവനവും അതോടൊപ്പം സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും പ്രവര്‍ത്തിക്കുന്നു. രൂപതവക മേഴ്‌സി ആശുപത്രിയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.