കോട്ടയം അതിരൂപതയില്‍ മലബാര്‍ റീജിണിലെ രാജപുരം ഫൊറോനയിലാണ് വി. അന്നാ ഉമ്മായുടെ നാമധേയത്തിലുള്ള കൊട്ടോടി പള്ളി സ്ഥിതി ചെയ്യുന്നത്. കോട്ടയം രൂപതയുടെ ഒരു ദൈവാലയം കൊട്ടോടിയില്‍ പണിയുന്നതിനുവേണ്ടി, 1978 -ല്‍ തേക്കിലക്കാട്ടില്‍ തോമസ് ദാനമായി നല്കിയ രണ്ടേക്കര്‍ സ്ഥലത്ത് പള്ളിക്ക് ശിലാസ്ഥാപനം നടത്തുകയും തുടര്‍ന്ന് പലരുടെയും സഹായത്തോടെ പള്ളി പണിത് 1982 ഡിസംബര്‍ 5 ന് അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് വെഞ്ചരിക്കുകയും ചെയ്തു. തുടര്‍ന്ന് 1991 മെയ് മാസം ഒന്നാംതീയതി വി.അന്നാ ഉമ്മായുടെ നാമധേയത്തിലുള്ള പള്ളിയെ അഭിവന്ദ്യ പിതാവ് ഒരു ഇടവകയായി ഉയര്‍ത്തി. പിന്നീട് ജനങ്ങളുടെ സൗകര്യത്തെപ്രതി ഇടവകജനങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ച് കൊട്ടോടിയില്‍ റോഡരികില്‍ പള്ളിക്ക് നേരത്തേ ഉണ്ടായിരുന്ന സ്ഥലത്ത് പുതിയ ദൈവാലയം പണിയാന്‍ തീരുമാനിച്ചു. 1993 ഫെബ്രുവരി മാസം 6-ാം തീയതി ബഹു. സ്റ്റീഫന്‍ മുരിയങ്ങോട്ടു നിരപ്പേലച്ചന്‍ വികാരിയായിരിക്കുമ്പോള്‍ അന്നത്തെ മലബാര്‍ റീജണ്‍ ഡയറക്ടര്‍ ആയിരുന്ന ബ. സ്റ്റീഫന്‍ ജയ്‌രാജ് അച്ചന്‍ പുതിയ ദൈവാലയത്തിന് തറക്കല്ലിടുകയും 1996 മെയ് 3-ാം തീയതി പണിതീര്‍ത്ത ദേവാലയം അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ആശീര്‍വദിക്കുകയും ചെയ്തു. 74 കുടുംബങ്ങള്‍ അടങ്ങുന്ന കൊട്ടോടി പള്ളിയില്‍ ആറു കൂടാരയോഗങ്ങളുണ്ട്. എല്ലാ സംഘടനകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇടവക ജനങ്ങളുടെ ആധ്യാത്മിക വളര്‍ച്ചയില്‍ ബ. വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ് സഹായിക്കുന്നു. കൊട്ടോടിയിലെ ജനങ്ങളുടെ വളര്‍ച്ചയ്ക്കായി നല്ല വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് CBSE സിലബസിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളും പള്ളിക്കു സമീപത്തായി പ്രവര്‍ത്തിക്കുന്നു.