വി. അന്നയുടെ മാദ്ധ്യസ്ഥ്യം സ്വീകരിച്ച് വി. പത്താംപീയൂസ് മാര്‍പാപ്പയെ കണ്ട് ദൈവദാസന്‍ മാക്കീല്‍ തിരുമേനി, കോട്ടയം രൂപതാലബ്‌ധിക്ക് പ്രതിനന്ദിയായി വി. അന്നയുടെ നാമത്തില്‍ സ്ഥാപിച്ചതാണ് ഇടക്കോലിപള്ളി അഥവാ ഉഴവൂര്‍ കിഴക്കുംഭാഗം പള്ളി.
1911-ല്‍ ഇടക്കോലിക്കരയില്‍ ചെറിയൊരുപന്തലില്‍ ആത്മീയ ശൂശ്രൂഷകള്‍ക്ക് ഒത്തുചേര്‍ന്നിരിക്കുന്നവര്‍ക്കായി 1913 -ലാണ് കുരിശുംഭണ്‌ഡാരവും സ്ഥാപിക്കുന്നതും, `ചെമ്പ്രന്താനം’ പുരയിടം വാങ്ങുന്നതും. 1914 മാര്‍ച്ച് 18 ന് അഡ്‌മിനിസ്‌ട്രേറ്റര്‍ കൂപ്ലിക്കാട്ട് തൊമ്മിയച്ചന്‍ ഇടക്കോലി കുരിശുപള്ളി വി. അന്നയുടെ നാമത്തില്‍ വെഞ്ചരിക്കുന്നതിന് കല്‌പന ഇറക്കി. 1917 ഫെബ്രുവരി 6ന് ഇടക്കോലി കുരിശുപള്ളിയുടെ അതിര്‍ത്തികള്‍ നിശ്ചയിച്ചു.പുളിവേലില്‍ മാണി അച്ചനെ ഉഴവൂര്‍ അസിസ്റ്റന്റായും കടമുള്ള ദിവസങ്ങളില്‍ ഇടക്കോലിയില്‍ വി. കുര്‍ബ്ബാനഅര്‍പ്പിക്കുന്നതിനും ചുമതലപ്പെടുത്തി. 60 ഇടവകക്കാരോടുകൂടി ആരംഭിച്ച ഈ ഇടവകയുടെ സ്ഥാപനത്തിന് നേത്യത്വം നല്‍കിയതും, സ്ഥലം സൗജന്യമായി നല്‍കിയതും ബഹു. മാണിപുളിവേലില്‍ അച്ചനാണ്. കല്ലിടുക്കില്‍ ചുമ്മാര്‍ , കവന്നുംപാറയില്‍ കുഞ്ഞേപ്പ്, കിഴക്കേപ്പുറത്ത് ചുമ്മാര്‍ , കിഴക്കേപ്പുറത്ത് കൊച്ചേപ്പ്, നെല്ലിക്കാട്ടില്‍ കോര, പുളിവേലില്‍ ലൂക്കാ, തൊഴുത്തുങ്കല്‍ ഔസേപ്പ്, മുപ്രാപ്പിള്ളില്‍ ചുമ്മാര്‍ എന്നിവരുടെ പരിശ്രമത്തിലാണ് ദൈവാലയ നിര്‍മ്മാണം പൂര്‍ത്തിയായത്. അതുകൊണ്ട് `എട്ടുവീടന്മാരുടെ പള്ളി’ എന്നാണ് ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത്. ഇപ്പോഴത്തെ സെമിത്തേരി സ്ഥിതി ചെയ്യുന്നിടത്താണ് ആദ്യദൈവാലയം പണിതത്. ഇപ്പോഴത്തെ ദൈവാലയം മൂന്നാമതായി 2005 -ല്‍ പണിതതാണെങ്കിലും, ഇവിടെ രണ്ടാമത് ദൈവാലയത്തിന്റെ പണി 1937 ല്‍ തുടങ്ങി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം 1944 -ല്‍ മാത്രമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 1950 ല്‍ ഇപ്പോഴത്തെ പള്ളിമുറിയും, 1966 -ല്‍ വിശ്വാസപരിശീലനഹാളും പൂര്‍ത്തിയായി.
1977 മുതല്‍ സെന്റ് തോമസ് കുരിശുമലകയറ്റത്തിന് തുടക്കമിട്ടു. 1981-ല്‍ വി.സെബസ്‌ത്യാനോസിന്റെ നാമത്തില്‍ തെക്കേ കുരിശു പള്ളി സ്ഥാപിച്ചു. 2010 ല്‍ വടക്കേ കുരിശുപള്ളി പുതുക്കിപണിയുകയും ഇടവകയുടെ ശതാബ്‌ദി വര്‍ഷം ഉദ്‌ഘാടനം ചെയ്യപ്പെടുകയുമുണ്ടായി. 1985 ജൂണ്‍ 15 മുതല്‍ സെന്റ് ജോസഫ്‌സ് സന്യാസിനികള്‍ `മഞ്ഞുമാതാ’വിന്റ പേരില്‍ ഒരു ശാഖാഭവനം ഇവിടെ സ്ഥാപിച്ചു. ഫാ. സ്റ്റീഫന്‍ കിഴക്കേപ്പുറത്ത് ഇതിനാവശ്യമായ ഭവനവും സ്ഥലവും സൗജന്യമായി നല്‌കി. പത്തുകൂടാരങ്ങളിലും 170 കുടുംബങ്ങളിലുമായി 1000-ല്‍ പരം വിശ്വാസികള്‍ ഈ ഇടവകയിലുണ്ട്. ജനുവരി 20 കഴിഞ്ഞുവരുന്ന ഞായര്‍ പ്രധാനതിരുനാളായി വി. സെബസ്‌ത്യാനോസിന്റെയും, ജൂലൈ 26 നോടനുബന്ധിച്ച ഞായര്‍ കല്ലിട്ടതിരുനാളായി വി. അന്നയുടെ തിരുനാളായും, ഇവിടെ ആചരിച്ചുവരുന്നു. `കരുണയിലാശ്രയിച്ച് തനിമയില്‍ മുന്നോട്ട്’ എന്ന മുദ്രാവാക്യവുമായി ആചരിച്ച ശതാബ്‌ദിയാഘോഷം 2011 മെയ് 1-ാം തീയതി സമാപിക്കുകയുണ്ടായി.