ചില വ്യക്തികളുടെ സങ്കുചിത ചിന്തകൾക്കനുസരിച്ച് സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും വഴിതെറ്റിക്കുവാനും നടത്തുന്ന പരിശ്രമങ്ങളെക്കറിച്ച് ചർച്ച ചെയ്യണമെന്ന് പാസ്റ്റററൽ കൗൺസിൽ ആവശ്യപ്പെടുകയും വിശദമായ ചർച്ചകൾക്കുശേഷം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ ഒന്നടങ്കം പ്രസ്തുത നടപടികളെ അപലപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സങ്കുചിത ചിന്ത സമുദായത്തിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതല്ല എന്ന് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയത്. സ്വാർത്ഥ താല്പര്യക്കാർ സമുദായത്തെയും സമുദായ വികാരങ്ങളെയും വളച്ചൊടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നത് ആപത്ക്കരമാണ് എന്നാണ് പിതാവ് ചൂണ്ടിക്കാട്ടിയത്.
തെറ്റായ കാര്യങ്ങളാണ് സമുദായ സംരക്ഷണത്തിനെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് ഫെബ്രുവരി 22 ന് ചേർന്ന പാസ്റ്ററൽ കൗൺസിലിന് ബോദ്ധ്യമായി. തികച്ചും സുതാര്യമായി അതിരൂപതയിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ആതുരസേവന പ്രവർത്തനങ്ങളെ തെറ്റായി അവതരിപ്പിച്ചതിന്റെയും സമുദായത്തെ സമൂഹമദ്ധ്യത്തിൽ അപഹാസ്യമാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചതിന്റെയും കടുത്തുരുത്തി വലിയ പള്ളിക്ക് ലഭിച്ച അംഗീകാരത്തിനെതിരെ നിലപാടുകളെടുത്തതിന്റെയും പിന്നിലെ ലക്ഷ്യം സമുദായസംരക്ഷണമല്ലെന്ന് പാസ്റ്ററൽ കൗൺസിൽ കണ്ടെത്തുകയുണ്ടായി. മറ്റു രൂപതകളിലെ മെത്രാന്മാരോ വൈദികരോ ക്‌നാനായ ഇടവകളിൽകയറുകപോലും ചെയ്യുന്നത് തടയാൻ ശ്രമിച്ച ചില വ്യക്തികകളുടെ നടപടികളെ അപലപിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യേണ്ടത്? സമുദായത്തിനു പുറത്തുനിന്നും വിവാഹം കഴിച്ചവരെ അതിരൂപതയിലെ ഇടവകകളിൽ ചേർക്കണമെന്ന് ഒരിക്കലും ആരും പറഞ്ഞിട്ടില്ല. വസ്തുതകൾ ഇങ്ങനെയായിരിക്കെ അഭിവന്ദ്യ രൂപതാദ്ധ്യക്ഷൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു സമുദായത്തിനു ഗുണകരമല്ലാത്ത ഇത്തരക്കാരുടെ പ്രവർത്തിയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
പിതാവിന്റെ നിലപാടുകളെ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ പൂർണ്ണമായും പിന്തുണയ്ക്കുന്നു. തെറ്റായ പ്രചരണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണം.