ഈശോയുടെ തിരുഹൃദയത്തിന്റെയും വി.ദുമ്മിനിങ്കോസിന്റെയും (സെന്റ് ഡോമിനിക്) നാമത്തില്‍ ആണ് ഈ ദൈവാലയം സ്ഥാപിതമായിരിക്കുന്നത്. അഭിവന്ദ്യ മാക്കീല്‍ പിതാവിന്റെ കാലത്ത് ആരംഭിച്ച പുനരൈക്യശ്രമങ്ങള്‍ അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിന്റെ കാലത്ത് കൂടുതല്‍ ശക്തി പ്രാപിച്ചു. അതില്‍ ആകൃഷ്ടരായി ഫാ. കുര്യാക്കോസ് ഇരണിയ്ക്കലും അനുയായികളും ഉള്‍പ്പെട്ട തുരുത്തിക്കാടു മലങ്കര സുറിയാനി ക്‌നാനായ യാക്കോബായ ഇടവകയിലെ ഏതാനും ആള്‍ക്കാര്‍ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുന്നതിന് അഭിവന്ദ്യ പിതാവിനു അപേക്ഷ നല്കി. അതിന്‍പ്രകാരം 1922 ജനുവരിയില്‍ അഭിവന്ദ്യ പിതാവു തുരുത്തിക്കാടു സന്ദര്‍ശിച്ച സ്ഥലത്തും സമീപത്തും വസിക്കുന്ന പല വൈദികരും മാന്യ വ്യക്തികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തു അദ്ദേഹം ഒരു പുതിയ പള്ളി പണിയിക്കുന്നതിനു തീരുമാനിച്ചു.
തുരുത്തിക്കാടു മലങ്കര സുറിയാനി ക്‌നാനായ യാക്കോബായ ഇടവകയില്‍ നിന്നും പുനരൈക്യപ്പെട്ട് കോട്ടയം രൂപതയില്‍ ചേര്‍ന്നവര്‍ക്കു വേണ്ടി 1922-ല്‍ തറയില്‍ ബ. ജേക്കബച്ചന്റെ മേല്‍നോട്ടത്തില്‍ ഒരു പള്ളി പണിയുന്നതിന് ആരംഭിച്ചു. 1923-ല്‍ പള്ളി പണി പൂര്‍ത്തിയായി. 1924 ജൂണ്‍ 22-ന് അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് പള്ളിയില്‍ ദിവ്യബലിയര്‍പ്പിക്കുകയും അമ്പതില്‍പരം ആളുകളെ കത്തോലിക്കാ സഭയിലേയ്ക്ക് സ്വീകരിക്കുകയും ചെയ്തു.
അത്യുന്നത കര്‍ദ്ദിനാള്‍ ടിസറന്റ് കേരളം സന്ദര്‍ശിച്ചപ്പോള്‍ തുരുത്തിക്കാടുപള്ളി ഇടവകക്കാര്‍ നല്കിയ അപേക്ഷയുടെ ഫലമായി പഴയ പള്ളിക്കെട്ടിടത്തിന്റെ സ്ഥാനത്ത് ഒരു പള്ളി നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം ലഭിക്കുകയുണ്ടായി. 1959-ല്‍ കണ്ടാരപ്പള്ളിയില്‍ ബ. ഫിലിപ്പച്ചന്റെ നേതൃത്വ ത്തില്‍ പള്ളി പണിയുകയും 1960-ല്‍ അഭിവന്ദ്യ തറയില്‍ പിതാവ് പള്ളിയുടെ കൂദാശകര്‍മ്മം നിര്‍വ്വഹിക്കുകയും മലങ്കര റീത്തില്‍ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.
ഈ ഇടവകയില്‍ 47 ഭവനങ്ങളിലായി 185-ഓളം അംഗങ്ങളുണ്ട്. ഇവിടെ എല്ലാ വര്‍ഷവും ദെനഹാത്തിരുനാള്‍ ഭക്ത്യാഡംബരപൂര്‍വ്വം ആഘോഷിക്കുന്നു.
പള്ളിയോടനുബന്ധിച്ച് സെന്റ് ജോസഫ് എല്‍ .പി. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.