അതിരൂപതയിലെ പുരുഷന്മാര്‍ക്കായി ഭാഗ്യസ്‌മരണാര്‍ഹനായ അഭിവന്ദ്യ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ 1921-ല്‍ തിരുഹൃദയക്കുന്നില്‍ , തിരുഹൃദയദാസ സമൂഹം (Oblates of the Sacred Heart)േ സ്ഥാപിച്ചു. തിരുഹൃദയദാസ സമൂഹത്തോടു അനുബന്ധിച്ചുള്ള ചാപ്പലില്‍ ഇടയ്‌ക്കാട്ട് ഇടവകയില്‍പ്പെട്ട സമീപവാസികള്‍ തങ്ങളുടെ ആത്മീയ അനുഷ്‌ഠാനങ്ങള്‍ , കൂടുതല്‍ സൗകര്യത്തെ പ്രതി നടത്തിപ്പോന്നു. ഈ പ്രദേശത്തിന്റെ ത്വരിതഗതിയലുള്ള വളര്‍ച്ചയും, വിശ്വാസികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും പുതിയൊരു ദേവാലയ നിര്‍മ്മിതിയെക്കുറിച്ചു ചിന്തിക്കുന്നതിനു അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനെ പ്രേരിപ്പിച്ചു. 1953-ല്‍ പൗരസ്‌ത്യതിരുസംഘത്തിന്റെ തലവന്‍ അത്യുന്നത കര്‍ദ്ദിനാള്‍ ടിസറാങ്ങ്, പുതിയ ദേവാലയത്തിന്റെ അടിസ്ഥാനശില ആശീര്‍വദിച്ചു. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ പ്രത്യേക താത്‌പര്യത്തിലും പരിശ്രമത്തിലും തിരുഹൃദയദാസസമൂഹത്തിന്റെ സുപ്പീരിയറായിരുന്ന ഫാ. തോമസ് ചാമക്കാലായിലച്ചന്റെ നേതൃത്വത്തിലും ആശ്രമാംഗമായിരുന്ന ബ്രദര്‍ സ്റ്റീഫന്‍ മുടിയൂര്‍ക്കുന്നേലിന്റെ മേല്‍നോട്ടത്തിലും ഈ ദേവാലയം വലിപ്പം കൂട്ടിയും മനോഹരമാക്കിയും പുതുക്കിപ്പണിതു. 1978 നവംബര്‍ മാസം 21-ാം തീയതി അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ഈ ദേവാലയം കൂദാശ ചെയ്‌തു. 1980-ല്‍ ഇത് ഒരു ഇടവക യൂണിറ്റായി ഉയര്‍ത്തപ്പെട്ടു. 425 കുടുംബങ്ങളില്‍പ്പെട്ട 1925 അംഗങ്ങള്‍ ഇവിടെ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റി വരുന്നു. കൂടാതെ അതിരൂപതയിലെ സന്യാസിനി സഭകളായ വിസിറ്റേഷന്‍ സഭയുടെ ജനറലേറ്റ്, നൊവീഷ്യേറ്റ് ഹൗസ്, ശാഖാഭവനം, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്റെ ജനറലേറ്റ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശാഖാഭവനം എന്നിവ തിരുഹൃദയക്കുന്നില്‍ സ്ഥിതി ചെയ്യുന്നു.
ഈശോയുടെ തിരുഹൃദയത്തിരുനാളും വി.സെബാസ്‌ത്യാനോസിന്റെ തിരുനാളും ആഘോഷപൂര്‍വ്വം ഇവിടെ ആചരിച്ചുവരുന്നു. കൂടാതെ വലിയ നോമ്പിലെ നാലാം ആഴ്‌ചയില്‍ നാല്‌പതുമണി ആരാധനയും എല്ലാ വ്യാഴാഴ്‌ചകളിലും തിരുമണിക്കൂര്‍ ആരാധനയും വെള്ളിയാഴ്‌ചകളില്‍ ഈശോയുടെ തിരുഹൃദയത്തിന്റെ നൊവേനയും, ശനിയാഴ്‌ചകളില്‍ വൈകുന്നേരം നിത്യസഹായമാതാവിന്റെ നൊവേനയും നടത്തുന്നുണ്ട്. പള്ളിക്കുസമീപം തിരുഹൃദയക്കുന്ന് ആശ്രമം വകയായി 1934-ല്‍ സ്ഥാപിച്ച കാല്‍വരിയില്‍ അമ്പതുനോമ്പിലെ എല്ലാ വെള്ളിയാഴ്‌ചകളിലും വൈകുന്നേരം കുരിശിന്റെ വഴി നടത്തുന്നത് വളരെ പ്രസിദ്ധമാണ്.