മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിന്റെ സ്ഥാപകന്‍ ഫ്രാന്‍സില്‍ ജനിച്ച്, കേരളക്കരയില്‍ അനേകവര്‍ഷം മിഷനറിയായി രുന്ന കാര്‍ലോസ് ലവീഞ്ഞ് മെത്രാന്‍ ആണ്. ലവീഞ്ഞു മെത്രാന്‍ ഒരിക്കല്‍ മോനിപ്പള്ളിയിലൂടെ യാത്രചെയ്യുമ്പോള്‍ ക്‌നാനായ മക്കളുടെ പ്രത്യേകതയെന്ന് ഏവരും പുകഴ്‌ത്തുന്ന ആതിഥേയത്വം മോനിപ്പള്ളിയില്‍ നിന്നും അനുഭവിച്ചറിയുവാന്‍ ഇടയായി. തുടര്‍ന്ന് ക്‌നാനായക്കാര്‍ക്കുവേണ്ടി മോനിപ്പള്ളി കേന്ദ്രമായി ഒരു ഇടവക ദേവാലയം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട ലവീഞ്ഞ് മെത്രാന്‍ അതിനുവേണ്ട പ്രാരംഭ നടപടികള്‍ സ്വീകരിക്കുന്നതിന് വികാരി ജനറാളായ മാക്കീല്‍ മത്തായിയച്ചനെചുമതലപ്പെടുത്തി. ദേവാലയം സ്ഥാപിക്കുവാനുള്ള ഭൂമി അമ്പലത്തുങ്കല്‍ ഉതുപ്പ് സംഭാവനയായി നല്‌കിയപ്പോള്‍ ജനറാളച്ചന്‍ മോനിപ്പള്ളിയില്‍ ഒരു ഇടവക സമൂഹത്തെ രൂപപ്പെടുത്തുന്നതിനും താത്‌കാലിക ദേവാലയം നിര്‍മ്മിക്കുന്നതിനും വേണ്ടി ബഹു. മാക്കീല്‍ ലൂക്കാച്ചനെചുമതലപ്പെടുത്തി ഇവിടേക്ക് അയച്ചു. 1890 ഡിസംബര്‍ 26-ന് അഭിവന്ദ്യ ലവീഞ്ഞ് മെത്രാന്‍ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിലുള്ള ഈ ദേവാലയതിന്റെ് ശിലാസ്ഥാപനം നടത്തി. ബഹു. ലൂക്കാച്ചന്‍ സ്ഥലത്തു വന്ന് അറയ്‌ക്കല്‍ ഇട്ടിയവിര ചുമ്മാരിനെയും അമ്പലത്തുങ്കല്‍ ഉതുപ്പിനെയും മുന്‍നിരയില്‍ നിറുത്തി താത്‌കാലിക ദേവാലയത്തിന്റെ നിര്‍മ്മാണം 1891-ല്‍ തന്നെ പൂര്‍ത്തീകരിച്ചു. സ്ഥായിയായ ഒരു ദേവാലയം ഉണ്ടാക്കുന്നതിന് ആഗ്രഹിച്ചിരുന്ന ഇടവക സമൂഹം പണം സ്വരൂപിക്കുന്നതിന് വാര്‍ഡുകള്‍ തിരിച്ച് പിടിയരി പിരിക്കുകയും ആണ്ടുതോറും നടുതലത്തിരുനാള്‍ നടത്തുകയും ചെയ്‌തു. ഈ രീതി നീണ്ട ഇരുപതു വര്‍ഷങ്ങളോളം തുടര്‍ന്നു. ഇങ്ങനെസ്വരൂപിച്ച പണവും ബഹു. ഏലൂര്‍ തോമസച്ചന്റെ ശക്തമായ നേതൃത്വവും കൂടിയായപ്പോള്‍ 1914-ല്‍ ദേവാലയത്തിന്റെ പണിപൂര്‍ത്തിയാക്കുവാന്‍ സാധിച്ചു.
പിന്നീട് പള്ളി പുതുക്കി പണിതുവെങ്കിലും ഏലൂരച്ചന്റെ കാലത്ത് നിര്‍മ്മിച്ച മനോഹരമായ മദ്‌ബഹയും മണിമാളികയും കേടുപാടുകളേല്‌ക്കാതെ ഇന്നും സംരക്ഷിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കടത്തുരുത്തി കേന്ദ്രമാക്കിയിട്ടുള്ള കലാകാരന്മാര്‍ 501 തച്ചുകൊണ്ടു പണിതീര്‍ത്ത അള്‍ത്താര ഇന്നും അഭിമാനത്തോടെ സംരക്ഷിക്കുന്നു. 1953-ല്‍ ബഹു കൊച്ചുപറമ്പില്‍ അവറാച്ചനച്ചന്‍ നിലവില്‍ ഉണ്ടായിരുന്ന പള്ളിയുടെ മദ്‌ബഹായും മണിമാളികയും നിലനിറുത്തി ഇപ്പോള്‍ കാണുന്ന ദൈവാലയം പോര്‍ത്തുഗീസ് – ഗോത്തിക്ക് ശില്‌പഭംഗിയില്‍ പുനര്‍നിര്‍മ്മിച്ചു. 2003-ല്‍ ബഹു. മാത്യു എടാട്ടച്ചന്റെ നേതൃത്വത്തില്‍ ദേവാലയം നവീകരിക്കുകയും മോണ്ടളം പണിയുകയും ചെയ്‌തു.
പള്ളിക്ക് താഴെ കാണുന്ന കരിങ്കല്‍ക്കുരിശ് 1928-ല്‍ ബഹു. കോച്ചേരിലച്ചന്‍ വികാരിയായിരുന്നപ്പോഴാണ് സ്ഥാപിച്ചത്. മോനിപ്പള്ളി ജംഗ്‌ഷനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്ന കുരിശുപ്പള്ളി ബഹു.മറ്റത്തില്‍ സിറിയക്കച്ചന്റെ നേതൃത്വത്തില്‍ മുണ്ടന്‍ തൊമ്മിയുടെ പുരയിരുന്ന സ്ഥലത്ത് 1943-ല്‍ സ്ഥാപിച്ചു. ഇതിനു പകരമായി മറ്റൊരു സ്ഥലത്ത് അമ്പലത്തുങ്കല്‍ ഉതുപ്പ് തൊമ്മിക്ക് പുരപണിതു നല്‌കി. ദേവാലയ ശിലാസ്ഥാപനത്തിന്റെ ശതാബ്‌ദിയാഘോഷ സ്‌മാരകമായി ബഹു. ഊരാളില്‍ സൈമണച്ചന്റെ നേതൃത്വത്തില്‍ 1990-ല്‍ മോനിപ്പള്ളി ജംഗ്‌ഷനിലുള്ള കുരിശുപള്ളിയും അനുബന്ധകെട്ടിടവും പുതുക്കി പണിതു.
ഈശോയുടെ തിരുഹൃദയനാമത്തിലുള്ള കേരളത്തിലെ ആദ്യത്തെ ദേവാലയം എന്ന ബഹുമതി മോനിപ്പള്ളി ദേവാലയത്തിന് അവകാശപ്പെട്ടതാണ്. അഭിവന്ദ്യ ലെവീഞ്ഞു മെത്രാന്‍ ഈശോയുടെ തിരുഹൃദയപ്രതിഷ്‌ഠ നടത്തിക്കൊണ്ടാണ് ഈ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. ഡിസംബര്‍ 25,26,27 തീയതികളിലാണ് ഈ ഇടവകയിലെ പ്രധാനതിരുനാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്. 1933-ല്‍ ബഹു. രാമച്ചനാട്ട് അവറാച്ചനച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹോളിക്രോസ് യു.പി.സ്‌കൂള്‍ 1981-ല്‍ ബഹു. ചെമ്മലക്കുഴി ഫിലിപ്പച്ചന്റെയും ബഹു. കൈനിക്കരപ്പാറ ജോണച്ചന്റെയും നേതൃത്വത്തില്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു. 2000-ല്‍ ബഹു. താഴത്തോട്ടത്തില്‍ കുര്യാക്കോസച്ചന്റെ നേതൃത്വത്തില്‍ ഹൈസ്‌ക്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നതിന് പുതിയ ഇരുനിലകെട്ടിടം പണിതീര്‍ത്തു. ഈ ഇടവകയില്‍ ഇപ്പോള്‍ 268 കുടുംബങ്ങളും 1835 അംഗങ്ങളുമുണ്ട്.