കൂടല്ലൂര്‍ പള്ളി ഇടവകാംഗങ്ങളായിരുന്ന പരിയാര മംഗലം, കുമ്മണ്ണൂര്‍ , മാറിയിടം, കടപ്ലാമറ്റം നിവാസികളായ ക്‌നാനായക്കാരുടെ ഒരു ചിരകാലാഭിലാഷമായിരുന്നു ഈ ദേശത്ത് ഒരു ദേവാലയം തങ്ങളുടെ ആദ്ധ്യത്മികാവശ്യങ്ങള്‍ക്കായി ഉണ്ടാവുക എന്നത്. ഈ ഉദ്ദേശ്യത്തോടെ മാറിയിടം നിവാസികളായിരുന്ന ക്‌നാനായക്കാര്‍ ഒരു `ബസ്‌പ്രക്കാന’ ചിട്ടി നടത്തി ഫണ്ട് സ്വരൂപിച്ച് പടിക്കമ്യാലില്‍ ബഹു. സ്‌റ്റീഫനച്ചന്റെ നേതൃത്വ ത്തില്‍ പള്ളിയിരിക്കുന്ന സ്ഥലം മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ വാങ്ങി. തുടര്‍ന്ന് ക്‌നാനായക്കാരായ മാറിയിടം നിവാസികളും മറ്റ് സമീപ വാസികളും ഗുണാകാംക്ഷികളും ചേര്‍ന്ന് പ്രസ്‌തുത സ്ഥലത്ത് ഒരു ഷെഡ് പണിത് പ്രാര്‍ത്ഥനകള്‍ നടത്തിപ്പോന്നു.
1950 മാര്‍ച്ച് മാസം 19-ാം തീയതി അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിന്റെ കല്‌പനപ്രകാരം പടിക്കമ്യാലില്‍ ബഹു. സ്റ്റീഫനച്ചന്‍ ഇവിടെ ആദ്യമായി ദിവ്യബലി അര്‍പ്പിച്ച് കുരിശുപള്ളിയുടെ നടത്തിപ്പുകാരനായി. തുടര്‍ന്ന് ഫാ. തോമസ് വെട്ടിമറ്റത്തിന്റെ കാലത്ത് വികാരി ജനറാളായിരുന്ന മോണ്‍ . സ്റ്റീഫന്‍ ഊരാളില്‍ പുതിയ ദേവാലയത്തിന് തറക്കല്ലിട്ട് പണി ആരംഭിച്ചു. ബഹു. ചൊള്ളമ്പേല്‍ സ്റ്റീഫനച്ചന്റെ കാലത്ത് പള്ളിപണി പൂര്‍ത്തികരിച്ചു. 1956 മാര്‍ച്ച് 19-ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍പിതാവിന്റെ സാന്നിദ്ധ്യത്തില്‍ മാര്‍ തോമസ് തറയില്‍ പിതാവ് പള്ളി വെഞ്ചരിച്ച് പരിശുദ്ധ തിരുഹൃദയത്തിന് സമര്‍പ്പിച്ചു.
ഇടവകമദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ജൂണ്‍ മാസത്തിലും വി.സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ജനുവരി അവസാന ശനി, ഞായര്‍ ദിവസങ്ങളിലും പ്രധാന തിരുനാളായി അത്യാഘോഷപൂര്‍വ്വം നടത്തുന്നു. ഡിസംബര്‍ മാസം ആദ്യഞായറാഴ്‌ചകളില്‍ 12 മണി ആരാധനയും ഇവിടെ നടത്തുന്നു. ഇടവകയില്‍ ഇന്ന് ഏഴുവാര്‍ഡുകളിലായി നൂറ്റിയിരുപത്തി നാലോളം കുടുംബങ്ങളും അഞ്ഞൂറ്റി പതിനെട്ടോളം അംഗങ്ങളും ഉണ്ട്.