പാലക്കാട് ജില്ല, ചിറ്റൂര്‍ താലൂക്ക്, അയിലൂര്‍ പഞ്ചായത്തിലാണ് കാന്തളം തിരുഹൃദയ ദേവാലയം സ്ഥിതിചെയ്യുന്നത്. കാന്തളത്തുനിന്ന് 7 കി. മി. സഞ്ചരിച്ചാല്‍ മാത്രമേ മംഗലഗിരിയില്‍ എത്താന്‍ സാധിക്കുകയുള്ളൂ. മൈക്കിള്‍ നെടുംതുരുത്തിയില്‍ അച്ചന്റെ പ്രത്യേക പരിഗണനയാണ് കാന്തളത്ത് ഒരു ദേവാലയം ഉണ്ടാകാന്‍ ഇടയായത്. ബ. ഫിലിപ്പ് തെക്കേതില്‍ അച്ചന്‍ കരിശ്ശേരിക്കല്‍ കുര്യന്റെ ഭവനത്തില്‍ പ്രദേശവാസികളെ ചേര്‍ത്ത് യോഗം കൂടിയപ്പോള്‍ കാന്തളത്ത് ഒരു ദേവാലയം അത്യാവശ്യമാണെന്ന് സ്ഥാപിച്ചെടുത്തു.
1985 ജൂണ്‍ മാസം 3-ാം തീയതി താത്കാലിക ഷെഡില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. ആദ്യം ഒന്നിടവിട്ട ഞായറാഴ്ചകളിലും പിന്നീട് എല്ലാ ഞായറാഴ്ചകളിലും ദിവ്യബലി ആരംഭിച്ചു.
1987 ല്‍ രൂപതയുടെ സഹായത്തോടെ ഇടവകാംഗങ്ങളുടെ സഹകരണത്തില്‍ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങി പള്ളിപണി ആരംഭിച്ചു. 1988 ഏപ്രില്‍ 8-ാം തീയതി പുതിയപള്ളി അഭിവന്ദ്യ കുന്നശ്ശേരി പിതാവ് കൂദാശ ചെയ്തു. അന്നു മുതല്‍ സ്വതന്ത്രമായി എല്ലാ കാര്യങ്ങളും നടത്തി വരുന്നു. പാരീഷ് കൗണ്‍സില്‍ , മതാദ്ധ്യാപനം, കെ.സി.വൈ.എല്‍ , മിഷന്‍ ലീഗ് എന്നിവ സുഗമമായി പ്രവര്‍ത്തിക്കുന്നു.
കാന്തളത്ത് വരുന്നവര്‍ക്ക് താമസിക്കുന്നതിനും, വേദപാഠം പഠിപ്പിക്കുന്നതിനും, കലാസാംസ്‌കാരിക രംഗങ്ങള്‍ വികസി പ്പിക്കുന്നതിനും വേണ്ടി ഒരു പാരീഷ് ഹാള്‍ 1999 ല്‍ ആരംഭിച്ചു. 2000 – മാണ്ടില്‍ അതിനോട് ചേര്‍ത്ത് ഒരു സ്റ്റേജ് പണി കഴിപ്പിച്ചു. ബാക്കിഭാഗം ചേര്‍ത്ത് ഒരു പള്ളിമേട നിര്‍മ്മിച്ചു. ആയതിന്റെ വെഞ്ചരിപ്പ് കര്‍മ്മം 2007 ജനുവരി 24-ാം തീയതി അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു.
തിരുഹൃദയത്തിനു സമര്‍പ്പിക്കപ്പെട്ട ഈ ഇടവകയില്‍ ആണ്ടുതോറും ജനുവരി മാസത്തിലെ മൂന്നാം ഞായര്‍ പ്രധാനതിരുനാള്‍ ആയി ആഘോഷിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് അഞ്ചു മണിക്കും ഞായറാഴ്ച 10 മണിക്കും, വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു. ഫാ. മൈക്കിള്‍ നെടുംതുരു ത്തിയില്‍ , ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. തോമസ് മുളവനാല്‍ , ഫാ. ജോസഫ് ഈഴാറാത്ത്, ഫാ. ജോസ് തറപ്പുതൊട്ടി, ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. റോജി മുകളേല്‍ , ഫാ. ജോബി കണ്ണാല, ഫാ. ബൈജ്ജു എടാട്ട്, ഫാ. സ്റ്റീഫന്‍ കൊളക്കാട്ടുകുടി എന്നിവര്‍ ഇവിടെ സേവനം ചെയ്തിട്ടുള്ള വികാരിമാരാണ്.
ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍, ഫാ. ഷിജു വട്ടംപുറത്ത് എന്നിവര്‍ ഈ ഇടവകയില്‍പെട്ട വൈദിക രാണ്.