ഹൈറേഞ്ചിലേയ്‌ക്കുള്ള അസംഘടിത കുടിയേറ്റങ്ങളുടെ തുടക്കം 1959 – 60 വര്‍ഷങ്ങളായിരുന്നു. പടമുഖത്തും പരിസരപ്രദേശങ്ങളിലും താമസം ഉറപ്പിച്ചവര്‍ക്ക് തുടക്കത്തില്‍ 15 കിലോമീറ്റര്‍ അകലെ കല്ലാര്‍ കുട്ടിയില്‍ നിന്നും കാല്‍നടയായി വേണമായിരുന്നു എത്തേണ്ടിയിരുന്നത്. 7070 – കളുടെ ആരംഭത്തില്‍ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചുള്ള അവബോധവും തങ്ങള്‍ക്കായ് ഒരു പള്ളിവേണമെന്നുള്ള ആഗ്രഹവും കൂടിക്കൊണ്ടിരുന്നു. അവസാനം പടമുഖത്ത് ക്‌നാനായ മക്കള്‍ക്കായി ഒരു ദേവാലയം സ്ഥാപിക്കുന്നതിനായി 1972 മെയ് മാസത്തില്‍ മാത്യു ചെറുതാന്നിയില്‍ , തോമസ് പുള്ളോലില്‍ , ഫിലിപ്പ് തോട്ടത്തില്‍ , ജോസഫ് നെല്ലിപ്പുഴക്കുന്നേല്‍ , ജോണ്‍ പള്ളിക്കരയില്‍ , പീലിതോട്ടത്തില്‍ എന്നിവര്‍ കൂടിയാലോചിക്കുകയും കരിങ്കുന്നം പള്ളി വികാരിയായിരുന്ന ബഹു. തോമസ് കാഞ്ഞിരത്തുങ്കല്‍ അച്ചനെ സമീപിക്കുകയും ചെയ്‌തു. തുടര്‍ന്ന് രൂപതാദ്ധ്യക്ഷന് കൊടുക്കുവാന്‍ ഒരു മെമ്മോറാണ്ടംതയ്യാറാക്കി പ്രതിനിധികള്‍ കാഞ്ഞിരത്തുങ്കല്‍ അച്ചനെ ഏല്‌പിച്ചു. അഭിവന്ദ്യ കുന്നശ്ശേരി പിതാവ് പടമുഖത്ത് പള്ളി പണിയുന്നതിന് യോജിച്ച സ്ഥലം കണ്ടെത്തുന്നതിന് കൈപ്പുഴപ്പള്ളി ഇടവകാംഗമായ കാരക്കാട്ടില്‍ ജോസഫ് കുര്യനെ ചുമതലപ്പെടുത്തി. അദ്ദേഹം ഇപ്പോള്‍ പള്ളിയിരിക്കുന്ന സ്ഥലം അനുയോജ്യമാണെന്നും കണ്ടെത്തി, പിതാവിനെ അറിയിച്ചു. രൂപതയുടെ പ്രതിനിധിയായി ബഹു. പൂച്ചക്കാട്ടില്‍ അച്ചന്റെയും സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ പ്രതിനിധിയായി ബഹു. സിസ്റ്റര്‍ ലിസ്യുവിന്റെയും പേരില്‍ 1974 ജൂലൈ 24-ാം തീയതി സ്ഥലം ഉടമയുമായി കൈമാറ്റ ഉടമ്പടി നടത്തി. 25-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രസ്‌തുത സ്ഥലത്തുണ്ടായിരുന്ന കെട്ടിടത്തില്‍ ബഹു. വൈദികരുടെയും ഇടവകാംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ , ബഹു. സ്റ്റീഫന്‍ മുതുകാട്ടില്‍ അച്ചന്‍ ദിവ്യബലിയര്‍പ്പിച്ചു. അഭിവന്ദ്യ പിതാവ് പടമുഖംകൂട്ടായ്‌മ ഇടവകയായി ഉയര്‍ത്തി. ബഹു. തോമസ് കുരുട്ടുപറമ്പില്‍ അച്ചനെ ഇടവകയുടെ പ്രഥമ വികാരിയായി നിയമിച്ചു. പ്രഥമ കൈക്കാരന്മാരായി മത്തായി പുള്ളോലില്‍ , ശ്രീ. പീലി തോട്ടത്തില്‍ എന്നിവരും സേവനം അനുഷ്‌ഠിച്ചു.
താമസിയാതെ ജനങ്ങളുടെ വകയായി പീപ്പിള്‍സ് സ്‌കൂള്‍ എന്ന പേരില്‍ താത്‌കാലിക ഷെഡ് കെട്ടി എല്‍ .പി. സ്‌കൂള്‍ നടത്തുവാന്‍ തുടങ്ങി. സ്‌കൂള്‍ പടമുഖം ഇടവക ഏറ്റെടുത്തശേഷം എസ്.എച്ച്.യു.പി. സ്‌കൂള്‍ എന്നപേരില്‍ ഏഴാം ക്ലാസ്സുവരെ അംഗീകാരമുള്ള സ്‌കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു. 1976 ഫെബ്രുവരി 2-ാം തീയതി അഭിവന്ദ്യ പിതാവ് പുതിയപള്ളിയുടെ ശിലാസ്ഥാപനം നടത്തി. പണിതീര്‍ത്ത പള്ളിയുടെ ആശീര്‍വ്വാദ കര്‍മ്മം 1977 ഫെബ്രുവരി 1 – ാം തീയതി അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു.