1965 കാലഘട്ടങ്ങളില്‍ ഒറ്റപ്പെട്ട ക്‌നാനായ കുടിയേറ്റങ്ങള്‍ പാലക്കാട് മേഖലയിലുണ്ടായി. 70-കളില്‍ മണ്ണാര്‍ക്കാട് പ്രദേശത്തുള്ള ക്‌നാനായ കുടിയേറ്റം ശ്രദ്ധയില്‍ പ്പെടുകയും 1977 ല്‍ ചങ്ങലേരി പ്രദേശത്ത് താമസിച്ചിരുന്ന മ്യാലില്‍ ചാണ്ടി അഭിവന്ദ്യ കുന്നശ്ശേരി പിതാവിനെ കാണുകയും ക്‌നാനായക്കാര്‍ ക്കായി ഒരു ദേവാലയം ചങ്ങലേരി ഭാഗത്ത് പണിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഈപ്രദേശത്തുള്ള ക്‌നാനായ കുടിയേറ്റ മക്കളുടെ ആവശ്യം പരിഗണിച്ച് ചങ്ങലേരി പ്രദേശത്ത് പള്ളിക്കായി സ്ഥലം മേടിക്കാന്‍ എപ്പിസ്‌കോപ്പല്‍ വികാരി സൈമണ്‍ കൂന്തമറ്റത്തില്‍ അച്ചനെയും, കള്ളമല വികാരി മൈക്കിള്‍ നെടുംതുരുത്തിലച്ചനെയും ചുമതലപ്പെടുത്തി. അങ്ങനെ മണ്ണാര്‍ക്കാട്, ഞെട്ടരക്കടവ് റോഡരുകില്‍ കുന്നപ്പള്ളി ലൂക്കോചേട്ടന്റെ ഒരേക്കര്‍ പതിനൊന്ന് സെന്റ് സ്ഥലം 1978 ല്‍ പള്ളിക്കായി വാങ്ങിച്ചു. സ്ഥലത്തുണ്ടായിരുന്ന വീടിന്റെ ഉള്‍ഭിത്തി എടുത്തുമാറ്റി, 1978 ഏപ്രില്‍ 6-ാം തീയതി അഭിവന്ദ്യ കുന്നശ്ശേരി പിതാവ് അവിടെ വി. ബലി അര്‍പ്പിക്കുകയും കെട്ടിടം കപ്പേളയായി വെഞ്ചരിക്കുകയും ചെയ്തു. 1978 നവംബര്‍ 1-ാം തീയതി പുതിയ പള്ളിക്ക് ശിലാസ്ഥാപനം നടത്തുകയും, 1982 ഫെബ്രുവരി 14ന് പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.
വളര്‍ച്ചയുടെ പടവുകള്‍ ഒന്നായി പിന്നിട്ട ഈ ദേവാലയം 1998 ജൂണ്‍ 19 ന് ഇടവകയായി ഉയര്‍ത്തി. 2002 ഏപ്രില്‍ 4 ന് പള്ളിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കുകയും, 2003 ഏപ്രില്‍ 24ന് ജൂബിലി സമാപിക്കുകയും ജൂബിലി സ്മരകമായി കുരിശുപള്ളി വെഞ്ചരിക്കുകയും ചെയ്തു. പുതിയതായി നിര്‍മ്മിച്ച പാരിഷ് ഹാളിന്റെയും പള്ളിമുറിയുടെയും വെഞ്ചരിപ്പ് 2005 മാര്‍ച്ച് 31 ന് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് നിര്‍വ്വഹിച്ചു. ഏതാണ്ട് 50 കി.മീ ചുറ്റളവില്‍ കഴിയുന്ന 110-ഓളം കുടുംബങ്ങള്‍ ഉള്ള ഒരു ഇടവകയാണിത്. കൂടുതല്‍ സൗകര്യങ്ങളോടുകൂടിയുള്ള ഒരുദേവാലയം ഇടവക ജനത്തിന്റെ ഒരു സ്വപ്നമാണ് ആ സ്വപ്നസാക്ഷാത്കാരത്തിന്റെ ആദ്യപടിയായ ഫണ്ടുദ്ഘാടനം 2009 ഡിസംബര്‍ 20 ന് അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിര്‍വ്വഹിക്കുകയു ണ്ടായി.
ഈ ഇടവകയോടു ചേര്‍ന്ന് സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്റെ ഒരു ശാഖാ ഭവനം 2008 സെപ്റ്റംബര്‍ 28 ന് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വെഞ്ചരിക്കുകയും 2010 മാര്‍ച്ച് 22 മുതല്‍ ഈ ശാഖാഭവനം ഔദ്യോഗികമായി ആരംഭിക്കുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി മഠത്തോട് അനുബന്ധിച്ച് സാന്‍ ജോസ് ഇംഗ്ലീഷ് മീഡിയംനഴ്‌സറിസ്‌കൂളുംസ്ഥാപിക്കുകയുണ്ടായി.
ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ ദേവാലയം ഈ പ്രദേശത്ത് ആത്മീയ തേജസ്സ് വിതറുന്ന കെടാവിളക്കായി പ്രശോഭിക്കുന്നു.