ക്രൈസ്തവലോകം വളരെ പരിപാവനമായി കണക്കാക്കുന്ന കൂദാശയാണ് പരി.കുമ്പസാരം. സഭ എക്കാലവും പരിശുദ്ധ കുമ്പസാരം എന്ന കൂദാശയെ അതിൻ്റെ ഗൗരവത്തിലും പാവനതയിലും കണക്കാക്കിയിരുന്നു.എന്നാൽ ഈ അടുത്ത കാലത്ത് കേരളത്തിൽ ഉണ്ടായ ചില സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ കുമ്പസാരം എന്ന കൂദാശയെ നവമാധ്യമങ്ങൾ വളരെയേറെ അപഹസിക്കുകയും സാധാരണക്കാരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ അവതരിപ്പിക്കുകയും ചെയ്തട്ടുണ്ട്. ഇത് നമ്മളെ അത്ഭുതപ്പെടുത്തുന്നു. അതിനും പുറമേ ഇന്ത്യയിലെ ദേശീയവനിതാ കമ്മീഷൻ കുമ്പസാരമെന്ന കൂദാശ നിരോധിക്കണമെന്ന് റിപ്പോർട് നൽകിയിരിക്കുന്നു. ഒരുപക്ഷെ ഒരു ക്ഷേത്രത്തിൽ ഒരു കുട്ടിയെ പീഡിപ്പിച്ചു കൊന്നത് കൊണ്ട് ഇനിമുതൽ ക്ഷേത്രങ്ങളെ നിരോധിക്കണമെന്നും, ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ആശുപത്രികളിലോ ആരെങ്കിലും പീഡിപ്പിക്കപ്പെട്ടാൽ സ്കൂളുകളും ആശുപത്രികളും നിരോധിക്കണമെന്നും പ്രസ്തുത കമ്മീഷൻ റിപ്പോർട്ട് നൽകുമെന്നും തോന്നുന്നു.
പൈശാചിക ശക്തികളെ തകർക്കുന്ന കുമ്പസാരം
നൂറ്റാണ്ടുകളായി തിരുസഭ പിന്തുടരുന്ന കുമ്പസാരം എന്ന കൂദാശയുടെ പവിത്രതക്ക് വേണ്ടി ജീവൻ ബലി കഴിച്ച അനേകം വൈദീകരുണ്ട്. St. John Nepomucene, St. Matteo Correa Magallanes, , എന്നിങ്ങനെ ഈ കൂദാശയുടെ സ്വകാര്യത പരസ്യമാക്കാതിരിക്കാൻ വേണ്ടി സ്വജീവൻ ബലി കഴിച്ച വിശുദ്ധരുടെ ഒരു നിര തന്നെ സഭയിൽ ഉണ്ട്. ഈ കുമ്പസാര രഹസ്യം സൂക്ഷിക്കുന്നതിനെ ആണ് ഇന്ന് വികലമനസ്സുള്ള ചില വ്യക്തികൾ ആക്ഷേപിക്കുന്നത്. പൈശാചിക ശക്തികളെ ഏറ്റവും അധികം തകർക്കുന്ന ഒന്നാണ് കുമ്പസാരം. വി. ജോൺ മരിയ വിയാനിയുടെയോ പാദ്രെ പിയെയുടെയോ ജീവചരിത്രങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ സഭയെ തകർക്കാൻ കുമ്പസാരം എന്ന കൂദാശയെ അവഹേളിക്കണം എന്ന് അവർക്കു നന്നായി അറിയാം.
പിശാച് ഏറ്റവും കൂടുതൽ ഭയപ്പെടുന്ന കൂദാശ എന്നാണ് വിശുദ്ധരും സഭാപിതാക്കന്മാരും കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ നാരകിയ ശക്തികൾ ഈ കൂദാശക് എതിരെ പ്രവർത്തിക്കുന്നു എന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഏതെങ്കിലും കാരണത്താൽ ആരുടെയെങ്കിലും ഭാഗത്തു നിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടങ്കിൽ അത് തിരുത്തപ്പെടേണ്ടതും അതിനർഹമായ പരിഹാരം ചെയ്യപ്പെടേണ്ടതുമാണ്.
കുമ്പസാരം ഉത്ഭവവും ചരിത്രവും
കുമ്പസാരം എന്ന കൂദാശയുടെ ശ്രെഷ്ടതയും അതിൻ്റെ ചരിത്രത്തെയുമാണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്.കുമ്പസാരം എന്ന കൂദാശ അടുത്ത കാലത്ത്,പോർച്ചിഗീസുകാരുടെ ആഗമനത്തോടെ രൂപപ്പെട്ടതാണെന്ന് പറയുന്നവരുണ്ട്.എന്നാൽ മറ്റു ചിലർ പറയുന്നു ഇത് പുരോഹിത സ്രഷ്ടിയാണ്. പെന്തകോസ്ത് വിഭാഗവും നവീകരണ വിഭാഗവും പറയുന്നു ബൈബിളിൽ ക്രിസ്തു കുമ്പസാരം എന്ന കൂദാശയെ സ്ഥാപിച്ചിട്ടില്ല. എന്നാൽ, ഈ കൂദാശ മിശിഹായാൽ സ്ഥാപിതമാണെന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നു. (Youcat 227). ബൈബിളിൽ മിശിഹാ അനേകരുടെ പാപങ്ങൾ മോചിക്കുന്നതിനെ കുറിച്ച് പറയുന്നു.പത്രോസ്ശ്ലീഹാക്കും ശ്ലീഹന്മാർക്കും പാപങ്ങൾ അഴിക്കുവാനും കെട്ടുവാനുമുള്ള അധികാരം നൽകിയതിനെ കുറിച്ച വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. .
“ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്” (മര്‍ക്കോ. 2,5-12, മത്താ. 9,1-18). ഈ അധികാരമാണ് ഈശോ തന്‍റെ അപ്പസ്തോലന്മാര്‍ക്ക് കൈമാറുന്നത്. സഭയുടെ ജീവിതത്തോടും ദൗത്യത്തോടും അഭേദ്യമായ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതാണ് കരുണയുടെ ഈ ശുശ്രൂഷ. “ഈശോ വീണ്ടും അവരോട് പറഞ്ഞു, നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതുപറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു, നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷണിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ. 20,21-23). മത്തായിയുടെ സുവിശേഷത്തിലാകട്ടെ ഇപ്രകാരം പറയുന്നു, “നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും” (മത്താ. 18,18). പാപങ്ങള്‍ ക്ഷമിക്കാനും കരുണയുടെ ദൈവികസന്ദേശം മനുഷ്യരോട് പങ്കുവെക്കാനും ഈശോ അപ്പസ്തോലന്മാര്‍ക്ക് നല്കിയ അധികാരം കാലകാലങ്ങളില്‍ എല്ലാ ദേശങ്ങളിലും സഭയുടെ ശുശ്രൂഷ കൈയ്യാളുന്നവരിലേക്ക് കൈമാറപ്പെട്ടുകൊണ്ടിരിക്കുന്നു.
കുമ്പസാരം പിൽക്കാല പുരോഹിത സൃഷ്ടിയോ?
അനുരഞ്ജനകൂദാശ സഭയുടെ പിന്നീടുള്ള കണ്ടുപിടുത്തമാണെന്ന ആരോപണവും ശരിയല്ല. എ.ഡി. 96-ല്‍ റോമിലെ വി. ക്ലമന്‍റ് എഴുതിയ കത്തില്‍ അനുതപിക്കുന്ന പാപികള്‍ക്ക് വൈദികന്‍ കല്പിക്കേണ്ട പ്രായ്ശ്ചിത്തങ്ങളെക്കുറിച്ച് നിര്‍ദ്ദേശമുണ്ട്. അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസും ഇത്തരം പരാമര്‍ശം നടത്തുന്നുണ്ട്. ആദ്യനൂറ്റാണ്ടില്‍ത്തന്നെ വിരചിതമായ ഡിഡാക്കേയിലാകട്ടെ പരസ്യമായി പാപങ്ങള്‍ ഏറ്റുപറയുന്നതിന്‍റെ നടപടിക്രമങ്ങള്‍ തന്നെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കുമ്പസ്സാരമെന്ന കൂദാശയെ രണ്ടാമത്തെ മാമ്മോദീസായെന്നും കണ്ണുനീരിന്റെ മാമ്മോദീസായെന്നും വി. ഗ്രിഗറി നാസിയാൻസൻ വിളിക്കുന്നു.
ആദിമ സഭയിലും പാപമോചനത്തിന് അതിൻ്റെതായ വഴികൾ ഉണ്ടായിരുന്നു. പൊതുകുമ്പസാരം ആയിരുന്നു നിലനിന്നിരുന്നത്.പിന്നീട് സന്യാസ സമൂഹങ്ങളിലൂടെയാണ് രഹസ്യ കുമ്പസാരം എന്ന രീതി നിലവിൽ വന്നത്.
മാർത്തോമാ ക്രിസ്ത്യാനികളുടെയിടയിലെ ആദിമക്രമം
കേരളത്തിലും മാർത്തോമ്മാ ക്രിസ്തിയാനികളുടെ ഇടയിലും കുമ്പസാരം ഉണ്ടായിരുന്നു. Auricular Confession, പക്ഷെ, അത് വലിയ പ്രചാരത്തിൽ ഉണ്ടായിരുന്നില്ല. പാപമോചനത്തിന് പല തരത്തിലുള്ള രീതിയാണ് നിലനിന്നിരുന്നത്. പുരോഹിതൻ ദേവാലയത്തിൽ വന്നിരിക്കുമ്പോൾ ഓരോരുത്തരും പാപങ്ങൾ ഏറ്റു പറയുകയും അവസാനം പുരോഹിതൻ പൊതുവായി ഒരു ആശിർവാദം കൊടുക്കുകയും ചെയ്യുന്ന ഒരു ഹുസായ ക്രമം മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായിരുന്നതായി കാണുന്നുണ്ട്. രഹസ്യ കുമ്പസാരം, ദാനധർമം, ഉപവാസം, തീർത്ഥാടനം തുടങ്ങിയ രീതികളും പാപമോചനത്തിനുള്ള വിവിധ വഴികളായാണ് നിലനിന്നിരുന്നത്. പോർച്ചുഗീസുകാരുടെ വരവിനു ശേഷമാണ് രഹസ്യകുമ്പസാരം വളരെ ശക്തമായി കേരളത്തിൽ പ്രചരിച്ചത്. എന്തുതന്നെയായാലും, ഈ കൂദാശ പ്രദാനം ചെയ്യുന്ന കൃപാവരവും വിശുദ്ധീകരണവും ഇതിന്റെ അനന്യത വ്യക്തമാക്കുന്നു. കുമ്പസാരം എന്ന കൂദാശ integral ആയ പാപമോചനത്തിനുള്ള ഉപാധിയായിട്ട് സഭ അംഗീകരിക്കുകയും നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.
ഏതേലും കാരണത്താൽ ഈ കൂദാശയുടെ sacramental seal break ചെയ്യപ്പെടുന്നതിന് സഭ അനുവദിക്കില്ല. ഏതേലും പുരോഹിതനോ മേല്പട്ടക്കാരനോ ഈ കൗദാശിക രഹസ്യം break ചെയ്താൽ പ്രസ്തുത പാപം മോചിക്കാൻ മാർപ്പാപ്പയ്ക്ക് മാത്രമേ അധികാരം ഒള്ളു എന്ന നിലയിൽ മാർപ്പാപ്പ ഇത് reserved sin ന്റെ ഭാഗമാക്കി വെച്ചിരിക്കുന്നതാണ്.
സഭ എത്രമാത്രം ഗൗരവമായിട്ടാണ് ഈ കൂദാശയെ കാണുന്നത് എന്ന് നാം മനസിലാക്കണം.ഒരുക്കത്തോടെ ഈ കൂദാശ സ്വീകരിച്ചിട്ടുള്ളവർക്കു മാത്രമേ കുമ്പസാരത്തിലൂടെ ലഭിക്കുന്ന കൃപ അനുഭവിച്ചറിയാനാകൂ. കുമ്പസാരം എന്ന കൂദാശയുടെ ചരിത്രം എന്താണ്, അതിൻ്റെ പാരമ്പര്യം എന്താണ്, ഇത് എങ്ങനെ ആണ് ജീവിതത്തെ വിശുദ്ധീകരിക്കുന്നത് എന്ന കാര്യങ്ങൾ നമുക്ക് മനസിലാക്കാം.
കുമ്പസാരം എന്ന കൂദാശക്കുവേണ്ടുന്ന കാര്യങ്ങൾ
ചായക്കടയിലിരുന്നു അടക്കം പറയുന്നതുപോലാണ് കുമ്പസാരമെന്ന കൂദാശയെന്നാണ് ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇത് ഒരുക്കത്തോടും പൂർണ മനസ്താപത്തോടുംകൂടെ അനുതാപി ദൈവതിരുമുന്പിൽ നടത്തുന്ന വിശുദ്ധീകരണ കർമമാണ്. ഈ കൂദാശക്കുവേണ്ടുന്ന കാര്യങ്ങൾ താഴെക്കൊടുക്കുന്നു. 1, പാപങ്ങളെല്ലാം ക്രമമായി ഓർക്കുന്നത്, 2, പാപങ്ങളെക്കുറിച്ചു ശരിയായി മനഃസ്ഥാപിക്കുന്നത്, 3, വൈദികന്റെ മുൻപിൽ പാപങ്ങൾ ഏറ്റുപറയുന്നത്, 4, മേലിൽ പാപം ചെയ്യില്ലായെന്നു നിശ്ചയിക്കുന്നത്, 5. വൈദികൻ കല്പിക്കുന്ന പ്രായശ്ചിത്തം അനുഷ്ഠിക്കുന്നത്.
ചുരുക്കത്തിൽ
കുമ്പസാരം എന്നത് ഈശോമിശിഹാ സ്ഥാപിച്ച കൂദാശയാണ്. അതുവഴി നാം ദൈവത്തോടും സഭയോടും രമ്യപ്പെടുന്നു (Youcat 239). ഈ കൂദാശ ക്രൈസ്തവരായ നമുക്ക് ഭക്തിയോടെ സ്വീകരിച്ചു പിശാചിനെയും അവന്റെ സൈന്യങ്ങളെയും പരാജയപെടുത്താം. പാദ്രെ പിയോ പറയുന്നു. “ഈശോയെ സ്നേഹിക്കുക. ഭയപ്പെടാതിരിക്കുക. നിങ്ങൾ ഈ ലോകത്തിലെ സകലപാപങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ഈശോ ഈ വാക്കുകൾ നിങ്ങളോട് ആവർത്തിച്ചു പറയുന്നു. നിങ്ങളുടെ അനേകം പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തന്നാൽ നിങ്ങൾ വളരെയേറെ സ്നേഹിച്ചു.” ദൈവകരുണയെടെ അത്ഭുതവും ആഘോഷവുമായി പരി. കുമ്പസാരം സ്ഥാപിച്ച ഈശോമിശിഹായെ നിനക്ക് സ്തുതി.