ക്‌നാനായ സമുദായ വളർച്ചയ്ക്ക് അതിരൂപത സ്വീകരിക്കുന്ന നിലപാടുകൾക്ക് പരിപൂർണ്ണ പിന്തുണയുമായി വൈദിക സമ്മേളനം. കോതനല്ലൂർ തൂവാനിസാ പ്രാർത്ഥനാലയത്തിൽ ചേർന്ന അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനമായ പ്രസ്ബിറ്റേറിയം അതിരൂപതയുടെയും ക്‌നാനായ സമുദായത്തിന്റെയും വളർച്ചയ്ക്കായി കാലാകാലങ്ങളിൽ അതിരൂപതാ നേതൃത്വം സ്വീകരിച്ചുകൊണ്ടിരുന്ന നിലപാടുകളെയും നടപടിക്രമങ്ങളെയും സമഗ്രമായ വിലയിരുത്തുകയും നിലവിൽ അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തിൽ അതിരൂപത സ്വീകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ നടപടിക്രമങ്ങളിലും സംതൃപ്തി രേഖപ്പെടുത്തുകയും പ്രസ്തുത നിലപാടുകളിലുറച്ചു നിന്ന് മുൻപോട്ട് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കുട്ടികളിലും യുവജനങ്ങളിലും സമുദായ അവബോധം കൂടുതൽ വളർത്തിയെടുത്ത് സ്വവംശവിവാഹനിഷ്ഠയിലൂടെ സമുദായത്തിന്റെ ഭാവി ശോഭനമാക്കുവാൻ ക്‌നാനായക്കാർ കുടിയേറിയ പ്രവാസി സമൂഹങ്ങളിലെല്ലാം സഭാസംവിധാനങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. തെറ്റായ പ്രചരണങ്ങളും ഭിന്നത ഉളവാക്കുന്ന പ്രവർത്തനങ്ങളും സമുദായ വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുമെന്ന തിരിച്ചറിവ് എല്ലാ ക്‌നാനായക്കാരിലും ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സമുദായത്തെ ഐക്യത്തോടെ മുൻപോട്ടു കൊണ്ടുപോകുവാൻ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ഏകമനസ്സോടെ തുടർന്നും പരിശ്രമിക്കുവാനും യോഗത്തിൽ തീരുമാനമായി.
അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, പ്രൊ-പ്രോട്ടോസിഞ്ചലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. തോമസ് കൈതാരം, വൈദിക സമിതി സെക്രട്ടറി ഫാ. തോമസ് അനിമൂട്ടിൽ തുടങ്ങി അതിരൂപതയിലെ 104 വൈദികർ അതിരൂപതാ പ്രസ്ബിറ്റേറിയത്തിൽ പങ്കെടുത്തു.