9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Prayer Day for Iraq: KCBC

  • August 16, 2014

ഇറാക്കിലും മറ്റു രാജ്യങ്ങളിലും നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെയും ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെയും പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം സ്വീകരിച്ച് 17, 24 തിയതികളിലൊന്നു പ്രാര്‍ഥനാദിനമായി ആചരിക്കണമെന്നു കെസിബിസി. ജീവന്റെ സംരക്ഷണത്തിനായും മതതീവ്രവാദത്തിനിരയാകുന്നവര്‍ക്കായും പ്രാര്‍ഥനാസമ്മേളനങ്ങള്‍ നടത്താനും കെസിബിസി പുറപ്പെടുവിച്ച സര്‍ക്കുലര്‍ ആഹ്വാനം ചെയ്തു.

അനേകം നൂറ്റാണ്ടുകള്‍ ക്രൈസ്തവരും മുസ്‌ലിംകളും മറ്റു മതവിഭാഗങ്ങളും സമാധാനപൂര്‍വം സഹവര്‍ത്തിച്ചിരുന്ന ഇറാക്കിന്റെ വടക്കന്‍ പ്രവിശ്യകളില്‍ പതിനായിരക്കണക്കിനു ക്രൈസ്തവരും യസീദികളുമുള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കു വീടുവിട്ട് ഓടേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വീടുകളും കച്ചവടകേന്ദ്രങ്ങളും കൊള്ളയടിക്കപ്പെടുകയും ആരാധനാലയങ്ങള്‍ അഗ്നിക്കിരയാവുകയും ചെയ്യുന്നു.

സ്ത്രീകളും കുട്ടികളും എല്ലാത്തരത്തിലുമുള്ള പീഡനങ്ങള്‍ക്കും ഭീകരതയ്ക്കും ഇരകളായിക്കൊണ്ടിരിക്കുകയാണ്. മതതീവ്രവാദികളായ ഒരുപറ്റം അക്രമികള്‍ തങ്ങള്‍ പിടിച്ചെടുത്ത ഇറാക്കിന്റെയും സിറിയയുടെയും ഭൂഭാഗങ്ങള്‍ ചേര്‍ത്ത് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏതാനും ലോകരാജ്യങ്ങളുടെ പരിമിതമായ സൈനിക ഇടപെടലുകളും ഇനിയും ഫലംകണ്ടു തുടങ്ങിയിട്ടില്ല.

പീഡനങ്ങളേറ്റു മരിച്ചുവീണ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആത്മാക്കള്‍ക്കായി പ്രാര്‍ഥിക്കാന്‍ നമുക്കു കടമയുണ്ട്. ദേവാലയങ്ങളും ആശ്രമങ്ങളും മഠങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയാകുന്നതുകണ്ടു കരള്‍നൊന്തു തങ്ങളുടെ ജനങ്ങളോടൊപ്പം ഇറങ്ങിത്തിരിച്ച വൈദികരെയും സന്യസ്തരെയും നമ്മുടെ പ്രാര്‍ഥനകളില്‍ അനുസ്മരിക്കണം. മാനവികതയ്ക്കും ദൈവത്തിനുമെതിരായ തിന്മയാണ് ഇറാക്കില്‍ നടക്കുന്നതെന്ന മാര്‍പാപ്പയുടെ വാക്കുകള്‍ സര്‍ക്കുലര്‍ ആവര്‍ത്തിക്കുന്നു.

അധികാരത്തിന്റെയും അഹന്തയുടെയും പേരില്‍ നടത്തുന്ന അക്രമങ്ങള്‍ മതത്തിന്റെ പേരുപറഞ്ഞു ന്യായീകരിക്കാന്‍ യഥാര്‍ഥ മതവിശ്വാസികള്‍ കൂട്ടുനില്‍ക്കരുത്. മനുഷ്യത്വരഹിതമായ ഇത്തരം തിന്മകളെ അപലപിക്കാന്‍ എല്ലാ മതവിശ്വാസികളും സന്മനസുള്ള എല്ലാ മനുഷ്യരും മുന്നോട്ടുവരണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.

പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച സര്‍ക്കുലര്‍ 17നു ദേവാലയങ്ങളില്‍ വായിക്കാനും കെസിബിസി നിര്‍ദേശി ച്ചിട്ടുണ്ട്.

source: deepika 16. 08. 2014

Golden Jubilee Celebrations
Micro Website Launching Ceremony