സാധാരണ ദിവസങ്ങളില്‍ ജപമാല ചൊല്ലുമ്പോള്‍ നാം ആരംഭിക്കുന്നത് കര്‍ത്താവിന്റെ മാലാഖ എന്ന പ്രാര്‍ത്ഥനയോടുകൂടിയാണല്ലോ. എന്നാല്‍ വിശുദ്ധ വാരത്തിലെ ദിവസങ്ങളില്‍ (പ്രത്യേകിച്ച് വലിയ ബുധനാഴ്ച മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെ) നാം ചെല്ലുന്നത് മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി എന്നു തുടങ്ങുന്ന മറ്റൊരു പ്രാര്‍ത്ഥനയാണ്. എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വിശുദ്ധവാരത്തില്‍ ഈശോമിശിഹായുടെ പീഢാസഹനവും അതിലൂടെ ലഭ്യമായ രക്ഷയും മാത്രമാണ് നമ്മുടെ ധ്യാനവിഷയം.
വിശുദ്ധവാരങ്ങളിലും കര്‍ത്താവിന്റെ മറ്റു പ്രധാനതിരുനാള്‍ ദിവസങ്ങളിലും സഭ മറ്റു വണക്കങ്ങളോ വിശുദ്ധരുടെ മധ്യസ്ഥ പ്രാര്‍ത്ഥനകളൊ നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ഈശോയിലൂടെ സാധ്യമായ രക്ഷയിലേയ്ക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണത്. വിശുദ്ധ ഗ്രന്ഥവായനയിലും യാമ നമസ്‌കാരങ്ങളിലൂടെയുമാണ് (റംശാ, ലെല്‌യാ, സപ്രാ തുടങ്ങിയവ) നാം പ്രാര്‍ത്ഥിക്കുന്നത്. സഭയുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന വി. കുര്‍ബനായാണല്ലോ. അതിനുശേഷം വരുന്നതാണ് യാമപ്രാര്‍ത്ഥനകള്‍. പ്രധാന്യക്രമമനുസരിച്ച് യാമപ്രാര്‍ത്ഥനകള്‍ക്കു പിറകില്‍ വരുന്നവയാണ് ജപമാല, കുരിശിന്റെവഴി, വണക്കങ്ങള്‍ എന്നിവ. സീറോമലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനകള്‍ ലഭിക്കുന്നതിന് താഴെകോടുത്തിരിക്കുന്ന ലിങ്ക് കാണുക.
നോമ്പുകാലത്ത് കുരിശിന്റെ വഴി ഈശോയുടെ പീഢകളെക്കുറിച്ച് ധ്യാനിക്കുന്നതിന് നമ്മെ സഹായിക്കുന്ന ഭക്തകൃത്യമാണ്.
പണ്ടു കാലങ്ങളിലും ആളുകള്‍ ധ്യാനാത്മകമായി ഈശോ അനുഭവിച്ച പീഡകളെക്കുറിച്ച് ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു. പുത്രന്‍ തമ്പുരാന്റെ പീഡകളെ കുരിശിന്‍ ചുവട്ടില്‍ നിന്ന് അനുഭവിച്ച കന്യകാ മാതാവ് എത്രമാത്രം വേദനിച്ചുവെന്ന് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? മാതാവിന്റെ കണ്ണിലൂടെ ഈശോ സഹിച്ച വേദനകള്‍ വിവരിക്കുകയും അവ സംഭാഷണ ഗാനരൂപത്തില്‍ രചിക്കപ്പെടുകയും ചെയ്ത മനോഹരമായ ഒരു കാവ്യം വിരചിതമായിട്ടുണ്ട്. പുത്തന്‍ പാന എന്ന പേരിലറിയപ്പെട്ട പ്രസ്തുത ഗദ്യം രചിച്ചത് അര്‍ണോസ് പാതിരിയാണ്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പര് ഫാ. ഏര്‍ണസ്റ്റ് ഹാംഗ്‌സ് ലേഡന്‍ എന്നായിരുന്നു. കടുത്തുരുത്തി വലിയ പള്ളിയില്‍ രണ്ടുമാസത്തോളം അദ്ദേഹം താമസിച്ചിരുന്നതായി തെളിവുകളുണ്ട്.
വലിയ ആഴ്ചയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ വി. ഗ്രന്ഥവായന, യാമ പ്രാര്‍ത്ഥനകള്‍, കുരിശിന്റെ വഴി, പാന വായിക്കല്‍ എന്നിവയിലൂടെ നമ്മെത്തന്നെ വിശുദ്ധീകരിക്കാം.
മാര്‍ച്ച് 4 നുള്ള TASK
വായിക്കാന്‍: വി. മത്തായിയുടെ സുവിശേഷം 19, 20 അധ്യായങ്ങള്‍
ചെയ്യാന്‍: പുത്തന്‍ പാനയിലെ അമ്മകന്യാ മണി തന്റെ എന്നുതുടങ്ങുന്ന അധ്യായം പാടുക
മനപാഠമാക്കാന്‍: ”ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്.” (യോഹ 10,10)
ഉത്തരമെഴുതുക
1. മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന വിശുദ്ധവാരത്തിലെ ഏതൊക്കെ ദിവസങ്ങളിലാണ് നാം ചൊല്ലുന്നത്?
2. വിശുദ്ധവാരങ്ങളിലും കര്‍ത്താവിന്റെ മറ്റു പ്രധാനതിരുനാള്‍ ദിവസങ്ങളിലും സഭ മറ്റു വണക്കങ്ങളോ വിശുദ്ധരുടെ മധ്യസ്ഥ പ്രാര്‍ത്ഥനകളൊ നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. എന്തുകൊണ്ട്?
3. പുത്തന്‍ പാനയുടെ രചിയിതാവായ അര്‍ണോസ് പാതിരിയുടെ യഥാര്‍ത്ഥ പേരെന്ത്?
4. അര്‍ണോസ് പാതിരി സന്ദര്‍ശിച്ച തെക്കുംഭാഗ പള്ളിയേത്?