ദൈവകൃപയാൽ കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത
മാർ മാത്യു മൂലക്കാട്ട്
തന്റെ സഹശുശ്രൂഷികളായ വൈദികർക്കും സമർപ്പിതർക്കും ദൈവജനം മുഴുവനും നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും സമാധാനവും ആശംസിക്കുന്നു.
ഈശോ മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,
മാനസാന്തരത്തിനും ജീവിത നവീകരണത്തിനുമുള്ള ആഹ്വാനവുമായി നോമ്പുകാലം നമ്മെ സമീപിച്ചിരിക്കുന്നു. നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ മൂലക്കല്ലാണ് ഈശോയുടെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മഹത്തായ രഹസ്യം. നവീകരിക്കപ്പെട്ട ഹൃദയത്തോടെ ആ രഹസ്യം ആചരിക്കാൻ വീണ്ടും കർത്താവ് നമുക്ക് നൽകുന്ന സമുചിതമായ സമയമാണല്ലോ നോമ്പുകാലം.
”നിങ്ങൾ ഈ ലോകത്തിനനുരൂപരാകരുത്; പ്രത്യുത നിങ്ങളുടെ മനസിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതമെന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്കു സാധിക്കും” (റോമ. 12:2). വി. പൗലോസ് അപ്പസ്‌തോലൻ പറയുന്ന ഈ വാക്കുകൾ നോമ്പുകാല ചൈതന്യത്തിലേക്കു നമ്മെ നയിക്കട്ടെ.
താൻ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നു എന്നുകണ്ട ദൈവം (ഉൽപ. 1:31), തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം ദൈവം ഈ ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (യോഹ 3:16) എന്ന് നമ്മോടു പറയുന്ന യോഹന്നാൻ സുവിശേഷകൻ തന്നെ ”ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്‌നേഹിക്കരുത്; ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാൽ പിതാവിന്റെ സ്‌നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല” (1 യോഹ. 2:15) എന്നും നമ്മോട് പറയുന്നു. ദൈവം ഏറെ സ്‌നേഹിക്കുന്ന ലോകവും എന്നാൽ, ദൈവത്തെ ഉൾക്കൊള്ളാത്ത ലോകവും തമ്മിലുള്ള വ്യത്യാസമാണല്ലോ ഈ വചനത്തിലൂടെ പ്രകടമാവുന്നത്. പിതാവിനോടുള്ള ഈശോയുടെ പ്രാർത്ഥന ഇക്കാര്യം കൂടുതൽ വ്യക്തമാക്കുന്നുണ്ട്. ”ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല. ലോകത്തിൽ നിന്ന് അവരെ അവിടുന്ന് എടുക്കണമെന്നല്ല, ദുഷ്ടനിൽ നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്” (യോഹ. 17:14-15). ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായ (മത്താ. 5:13-14) ക്രൈസ്തവർ ലോകത്തിലായിരിക്കുമ്പോഴും ലോകത്തിന്റേതാകാതിരിക്കണം എന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്.
”ലോകത്തിന്റേതാകാതിരിക്കുക എന്നാൽ ലോകത്തിൽ നിന്ന് പലായനം ചെയ്യുക എന്നല്ല, നീതിയും മിതത്വവും മുറുകെപ്പിടിക്കുകയും ലോകവസ്തുക്കളുടെ ഉപയോഗത്തെയല്ല, അവയുടെ ഉപയോഗത്തിലുള്ള തിന്മകളെ വർജിക്കുകയും ചെയ്യുക എന്നാണർത്ഥമാക്കുക” എന്ന് വി. അംബ്രോസ് പറയുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ലോകവസ്തുക്കളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുകയാണ് വേണ്ടത്. സ്വാർത്ഥതയാൽ പ്രേരിതമായ ലോകാരൂപിയാലല്ല പ്രത്യുത സ്‌നേഹത്താൽ പ്രേരിതരായി ദൈവാരൂപിയാലാണ് നാം നയിക്കപ്പെടേണ്ടത്; ഇതിനാവശ്യം മനസ്സിന്റെ നവീകരണമാണ്. ചിന്തകൾ വാക്കുകളാകുന്നു, വാക്കുകൾ പ്രവൃത്തികളാകുന്നു, പ്രവൃത്തികൾ ശീലങ്ങളാകുന്നു, ശീലങ്ങൾ സ്വഭാവം രൂപപ്പെടുത്തുന്നു. സ്വഭാവം ജീവിതഗതി നിശ്ചയിക്കുന്നു. അതിനാൽ ആത്യന്തികമായി ചിന്തകൾ നിർമ്മലമായിരിക്കണം; ദൈവികമായിരിക്കണം. പീഡാസഹനത്തിൽനിന്ന്, തന്നെ പിന്തിരിപ്പിക്കാൻ പരിശ്രമിച്ച പത്രോസിനോട് ഈശോ പറയുന്നു. ”നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്” (മത്താ. 16:23). ദൈവിക ചിന്തകൾ വിശ്വാസത്തിന്റെ നിറവുള്ളതാണ്. അതുകൊണ്ടുതന്നെയാണ് മാനസാന്തരത്തിന്റെ പ്രഥമഘട്ടം വിശ്വാസമാണ് എന്ന് വി. തോമസ് അക്വീനാസ് പറയുന്നത്. ഈശോ തന്റെ പ്രഘോഷണം ആരംഭിച്ചത് തന്നെ അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ (മർക്കോ 1:15) എന്നാഹ്വാനം ചെയ്തുകൊണ്ടാണല്ലോ.
ലോകത്തിന്റേതാകാതെ ലോകത്തിൽ ജീവിക്കാൻ ഏറെ അത്യാവശ്യമായതാണ് വിശ്വാസം. വിശ്വാസരാഹിത്യം പാപമാണെന്ന് പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തും എന്ന് ഈശോ പറയുന്നു (യോഹ. 16:8). നമ്മുടെ വിശ്വാസമാണ് ലോകത്തിനുമേലുള്ള നമ്മുടെ വിജയം (1 യോഹ. 5:4). ദൈവത്തിന്റെ ചിന്തകൾ ഗ്രഹിച്ച് വിശ്വാസത്തിൽ വളരാൻ ദൈവാത്മാവ് നമ്മെ സഹായിക്കുന്നു. എന്നാൽ ദൈവാത്മാവിന്റെ ദാനങ്ങൾ ഭോഷത്തമായി കാണുന്ന ലൗകിക മനുഷ്യൻ, ലോകത്തിന്റെ ആത്മാവിനാലാണ് നയിക്കപ്പെടുന്നതെന്ന് തിരുവചനം നമ്മോട് പറയുന്നു (1 കോറി. 2:12,14). സാധാരണക്കാർക്ക് അതിന്റെ പിടിയിൽ നിന്ന് രക്ഷപെടാനാവാത്തവിധം അതിശക്തമാണ് ലോകാരൂപിയുടെ പ്രവർത്തനം. അതിനെതിരായി ചിന്തിക്കുകയോ, സംസാരിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്യുന്നത് വിവരക്കേടായും തിന്മയായും ചിത്രീകരിക്കപ്പെടാനും അതുവഴി ലോകാരൂപി അവതരിപ്പിക്കുന്ന രീതിയിൽ മാത്രം ലോകത്തെ കാണാനും മനുഷ്യൻ നിർബന്ധിതനാകുന്നു. തിന്മയുടെ അരൂപി നിർമിക്കുന്ന ഒരു മായാലോകത്തിൽ സ്വപ്നസഞ്ചാരിയെപ്പോലെ അവൻ ജീവിക്കുന്നു. ആധുനിക വാർത്താ മാധ്യമങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ നമുക്ക് വ്യക്തമായി മനസിലാക്കുവാൻ സാധിക്കും.
”നുണകളുടെ പിതാവിന്റെ (യോഹ. 8:44) പ്രലോഭിപ്പിക്കുന്ന ശബ്ദം നാം ശ്രവിച്ചാൽ യുക്തിയില്ലായ്മയുടെ അഗാധതയിലേക്ക് മുങ്ങിത്താഴുകയും ഈ ഭൂമിയിൽത്തന്നെ നരകം അനുഭവിക്കുകയും ചെയ്യുകയെന്ന സാധ്യതയുണ്ടാകും” എന്നും ”വ്യക്തിപരവും സാമൂഹികവുമായ മാനുഷികാനുഭവത്തിലെ അനേകം സംഭവങ്ങൾ അതിന് ഖേദകരമായ സാക്ഷ്യം വഹിക്കുന്നു” എന്നും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്റെ ഈ വർഷത്തെ നോമ്പുകാല സന്ദേശത്തിൽ നമ്മെ അനുസ്മരിപ്പിക്കുന്നു.
തിന്മയുടെ പിടിയിൽ നിന്ന് മോചനം നേടാൻ നാം ചെയ്യേണ്ടത്, ഈ മായാലോകത്തുനിന്ന് യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് ഉണരുക എന്നതാണ്. അതുകൊണ്ടാണ് ”ഉറങ്ങുന്നവനെ ഉണരുക, ക്രിസ്തു നിന്റെമേൽ പ്രകാശിക്കും” (എഫേ. 5:14) എന്ന് തിരുവചനം നമ്മോട് പറയുന്നത്. സ്വപ്നംപോലെയും നിശാദർശനം പോലെയും ലോകാരൂപിയാൽ നയിക്കപ്പെട്ടു ”ഭക്ഷിക്കുന്നവനായി സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ വിശക്കുന്നവനെപ്പോലെയും കുടിക്കുന്നതായി കണ്ടിട്ട് വരണ്ട തൊണ്ടയുമായി ഉണരുന്നവനെപ്പോലെയും” (ഐസ. 29:8) ആവാതെ നിദ്രവിട്ടുണരേണ്ട മണിക്കൂറാണല്ലോ ഇത്. ആകയാൽ ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നതുപോലെ നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ചു പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം.
അപ്രകാരം, തിന്മയുടെ പിടിയിൽ നിന്നും മോചിതരായി ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ദൈവമക്കളായി ജീവിക്കാൻ ഈ നോമ്പുകാലം നമുക്ക് സഹായകമാകട്ടെ. വാക്കുകളും ഭക്ഷണപാനീയങ്ങളും നിദ്രയും വിനോദങ്ങളും നമുക്ക് ആവശ്യത്തിന് മാത്രം ഉപയോഗിക്കാം. ഇക്കാലത്ത് കൂടുതലായി നാം ശ്രദ്ധ ചെലുത്തേണ്ടത് നമ്മുടെ ഇന്ദ്രിയങ്ങളുടെ നിയന്ത്രണത്തിലാണ്. ദൈവത്തിന്റേതല്ലാത്തതും ലോകത്തിന്റേതുമായ തിന്മകളുടെ കൂട്ടത്തിൽ വി. യോഹന്നാൻ പ്രത്യേകമായി പരാമർശിക്കുന്ന ”കണ്ണുകളുടെ ദുരാശ” (1 യോഹ. 2:16) വളരെയേറെ ആളുകളെ ഇക്കാലത്ത് പാപത്തിലേക്കു നയിക്കുന്നുണ്ട്. ലോകാരൂപിയുടെ പ്രപഞ്ചത്തിലേക്കു നമ്മെ വലിച്ചുതാഴ്ത്തുന്ന പ്രലോഭന ദൃശ്യങ്ങൾ നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുമ്പോൾ മരുഭൂമിയിൽ സർപ്പദംശനമേറ്റ ഇസ്രായേൽക്കാർക്ക് മോശയുയർത്തിയ പിത്തള സർപ്പംപോലെ കുരിശിൽ ഉയർത്തപ്പെട്ട മിശിഹായിലേക്കു നമ്മുടെ മിഴികൾ തിരിച്ചാൽ (യോഹ. 3:15) ലോകാരൂപിയെ പരാജയപ്പെടുത്താനും ദൈവികാഹ്വാനത്തിന്റെ അനുഗ്രഹത്തിലേക്ക് നമുക്ക് തിരികെ വരാനും സാധിക്കും. ”ക്രൂശിതനായ ക്രിസ്തുവിന്റെ വിരിക്കപ്പെട്ട കൈകളിൽ നിങ്ങളുടെ കണ്ണുകൾ ഉറപ്പിച്ചു പിടിക്കുക. നിങ്ങൾ വീണ്ടും വീണ്ടും രക്ഷിക്കപ്പെടട്ടെ” എന്ന പരിശുദ്ധപിതാവിന്റെ വാക്കുകൾ നമുക്ക് സ്മരിക്കാം.
തന്റെ പീഡാസഹനവും മരണവും ഉത്ഥാനവും വഴി ഈ പ്രപഞ്ചത്തെ വീണ്ടും ദൈവപിതാവിന്റെ സവിധത്തിലേക്കാനയിച്ച ഈശോയെപ്പോലെ ഫലപ്രദമായ നോമ്പാചരണത്തിലൂടെ നമ്മുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്കുയർത്താനും അങ്ങനെ ഈശോയുടെ ഉയിർപ്പിന്റെ സന്തോഷത്തിൽ ഏവർക്കും പങ്കുകാരാകാനും സാധിക്കട്ടെ എന്നാശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
പിതാവിന്റെയും † പുത്രന്റെയും † പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഇടയനടുത്ത ആശീർവാദം നൽകുന്നു,
എന്ന് കോട്ടയം അതിരൂപതാകേന്ദ്രത്തിൽ നിന്നും 2020 ഫെബ്രുവരിമാസം 10 -ാം തീയതി,
സ്‌നേഹപൂർവ്വം,
മാർ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത