9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Pastoral letter No.XXXIX

  • December 7, 2017

തന്റെ സഹശുശ്രൂഷികളായ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ദൈവജനം മുഴുവനും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും സമാധാനവും ആശംസിക്കുന്നു.
ഈശോ മിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരെ,
പുതിയ ആരാധന ക്രമവത്സരത്തിനു ആരംഭം കുറിച്ചുകൊണ്ട്‌ മംഗളവാര്‍ത്തക്കാലത്തിലേക്ക്‌ നാം പ്രവേശിക്കുകയാണല്ലോ. മംഗളവാര്‍ത്തകള്‍ കേള്‍ക്കാനും മംഗളവാര്‍ത്തകള്‍ അറിയിക്കാനും എല്ലാവര്‍ക്കും എപ്പോഴും സന്തോഷമാണ്‌. ഈശോയുടെ മനുഷ്യാവതാരത്തിനായി നാം ഒരുങ്ങുന്ന ഈ കാലഘട്ടം വിവിധ മംഗളവാര്‍ത്തകളാല്‍ സമ്പന്നവും സന്തോഷദായകവുമാണ്‌. അത്രമേല്‍ മംഗളകരമല്ലാത്ത വാര്‍ത്തകള്‍ അനുദിനം ശ്രവിക്കുവാന്‍ നാമോരോരുത്തരും നിര്‍ബന്ധിതരായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവം നമുക്ക്‌ നല്‍കുന്ന മംഗളവാര്‍ത്തകള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കാനും ദൈവം ഒരുക്കുന്ന ആനന്ദത്തില്‍ പങ്കാളികളാകാനും നമുക്ക്‌ പരിശ്രമിക്കാം.
കര്‍ത്താവിന്‌ വഴിയൊരുക്കുവാന്‍ ആഗതനായ സ്‌നാപക യോഹന്നാന്റെ ജനനത്തെപ്പറ്റി സഖറിയാ എന്ന പുരോഹിതനോട്‌ ഗബ്രിയേല്‍ ദൈവദൂതന്‍ പറഞ്ഞു, “സന്തോഷകരമായ ഈ വാര്‍ത്ത നിന്നെ അറിയിക്കുവാന്‍ ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു” (ലൂക്ക 1:19). സന്താന സൗഭാഗ്യത്തിനായി ദീര്‍ഘകാലം പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ആ വൃദ്ധദമ്പതികള്‍ക്ക്‌ ഈ വാര്‍ത്ത നല്‍കിയ സന്തോഷം എത്രയോ വലുതായിരുന്നു.
ലോകം കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മംഗളകരമായ ഒരു സന്ദേശമായിരുന്നു പരിശുദ്ധ കന്യകാമറിയത്തോട്‌ ഗബ്രിയേല്‍ ദൈവദൂതന്‍ അറിയിച്ചത്‌. “മറിയമേ നീ ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും, നീ അവന്‌ യേശു എന്ന്‌ പേരിടണം” (ലൂക്ക 1:30-31) ഈശോയുടെ ജനനാവസരത്തില്‍ ദൈവദൂതന്മാര്‍ ആട്ടിടയന്മാരോട്‌ പറഞ്ഞു, “ഇതാ സകല ജനത്തിനുമുള്ള സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു (ലൂക്ക 2: 10).
ഈ മംഗളവാര്‍ത്തകളെല്ലാം ഈശോയുടെ മനുഷ്യാവതാരത്തെ കേന്ദ്രീകരിച്ച്‌ ദൈവം നല്‍കിയ അറിയിപ്പുകളായിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. വലിയ ആളുകള്‍ തങ്ങളുടെ വരവ്‌ മുന്‍കൂട്ടി അറിയിക്കുക പതിവാണല്ലോ. അതിനുള്ള ഒരുക്കങ്ങള്‍ എല്ലാം മുന്‍കൂട്ടി ക്രമീകരിക്കുന്നതിന്‌ വേണ്ടിയാണ്‌ അവര്‍ ഇപ്രകാരം ചെയ്യുന്നത്‌. ദൈവം ഭൂമിയില്‍ മനുഷ്യനായി പിറക്കുന്നതിന്‌ വളരെ മുന്‍പേ തന്നെ അവനായി ഒരു ജനത്തെ ഒരുക്കുകയും എപ്രകാരമാണ്‌ അവനെ സ്വീകരിക്കേണ്ടതെന്ന്‌ തന്റെ ജനത്തെ പ്രവാചകരിലൂടെ വിശദമായി അറിയിക്കുകയും ചെയ്‌തിരുന്നതായി വിശുദ്ധ ഗ്രന്ഥം നമ്മോട്‌ പറയുന്നുണ്ടല്ലോ. ദൈവകുമാരന്റെ മനുഷ്യാവതാരത്തെപ്പറ്റി മാത്രമല്ല അവന്‌ വഴിയൊരുക്കുവാന്‍ ആഗതനാകേണ്ടിയിരുന്ന സ്‌നാപക യോഹന്നാനെപ്പറ്റിയും ഏശയ്യാ പ്രവാചകനിലൂടെ ദൈവം നമ്മോട്‌ സംസാരിക്കുന്നുണ്ട്‌ (ഏശയ്യാ 40: 3-5) ചുരുക്കിപ്പറഞ്ഞാല്‍ അതീവ ശ്രദ്ധയോടുകൂടി തന്റെ ഏകജാതന്റെ മനുഷ്യാവതാരത്തിനായി തന്റെ ജനത്തെ മുന്‍കൂട്ടി ഒരുക്കുന്ന ദൈവത്തിന്റെ ചിത്രമാണ്‌ വി. ഗ്രന്ഥത്തില്‍ തെളിയുന്നത്‌. എന്നാല്‍ വി. യോഹന്നാന്‍ നമ്മോട്‌ പറയുന്നതുപോലെ “അവന്‍ സ്വജനത്തിന്റെ അടുത്തേക്ക്‌ വന്നു; എന്നാല്‍ അവര്‍ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവന്‍ കഴിവ്‌ നല്‍കി (യോഹ 1: 11-12).
ദൈവത്തെ തള്ളിപ്പറഞ്ഞ്‌ പറുദീസയില്‍ നിന്ന്‌ ബഹിഷ്‌കൃതരായ മനുഷ്യര്‍ക്ക്‌ വീണ്ടും ദൈവമക്കളാകാന്‍വേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവണ്ണം അത്രമാത്രം ലോകത്തെ സ്‌നേഹിച്ച ദൈവം (യോഹ 3:16) പ്രവാചകന്മാരിലൂടെയും മുന്നോടിയായ യോഹന്നാനിലൂടെയുമെല്ലാം വഴിയൊരുക്കി ലോകത്തിലേക്കയച്ച ദൈവപുത്രനെ ലോകം തിരസ്‌ക്കരിച്ചത്‌ ഒരു ഭൂതകാല സംഭവം മാത്രമല്ല, പ്രത്യുത ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌. ഈ സത്യം അനുസ്‌മരിച്ചുകൊണ്ട്‌ ദൈവകുമാരനെ സ്വീകരിച്ച്‌ ദൈവമക്കളാകാനുള്ള ആഹ്വാനമായിട്ടാണ്‌ മംഗളവാര്‍ത്തക്കാലം വീണ്ടും നമ്മെ സമീപിക്കുന്നത്‌.
എപ്രകാരമാണ്‌ നമ്മുടെ ഹൃദയത്തിലേക്ക്‌ ദൈവപുത്രന്‌ വഴിയൊരുക്കേണ്ടതെന്ന്‌ സ്‌നാപകയോഹന്നാന്‍ നമുക്ക്‌ പറഞ്ഞു തരുന്നുണ്ടല്ലോ. താഴ്‌വരകള്‍ നികത്തപ്പെടണം, കുന്നും മലയും നിരപ്പാക്കണം, വളഞ്ഞ വഴികള്‍ നേരെയാക്കണം (ലൂക്ക 3:5) ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധങ്ങളില്‍ നമ്മുടെ സ്വാര്‍ത്ഥത ഉയര്‍ത്തുന്ന കുന്നുകള്‍ നിരപ്പാക്കാനും കുഴികള്‍ നികത്താനും നമുക്ക്‌ സാധിക്കണം. നമ്മുടെ അലസതയും അശ്രദ്ധയും മൂലം ഉണ്ടായിട്ടുള്ള നിസ്സംഗതയും കാഠിന്യവും മാറ്റി ഹൃദയത്തില്‍ അടിഞ്ഞുകൂടുന്ന തിന്മയുടെ മ്ലേച്ഛതകളെല്ലാം കഴുകി വെടിപ്പാക്കി മാംസം ധരിച്ച വചനത്തിനായി നമ്മുടെ ഹൃദയവയലുകള്‍ നാമൊരുക്കണം.
ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ ആര്‍ഭാട സമ്പന്നമാക്കുവാന്‍ ആഗോള കമ്പോളം എന്നേ സജ്ജമാണ്‌. നക്ഷത്ര വിളക്കുകളും മനോഹരമായി നിര്‍മ്മിച്ച പുല്‍ക്കൂടുകളില്‍ കമനീയമായി നിരത്തിയ ആടുമാടുകളും വിവിധ മാദ്ധ്യമങ്ങളിലൂടെ അയയ്‌ക്കപ്പെടുന്ന വര്‍ണ്ണ ശബളമായ ആശംസകാര്‍ഡുകളും ആകര്‍ഷകമായ കരോള്‍ ഗാനങ്ങളുമെല്ലാം ക്രിസ്‌തുമസ്‌ കമ്പോളത്തെ തിളക്കമുളളതാക്കാന്‍ മത്സരിക്കുമ്പോള്‍ അവയ്‌ക്കൊന്നും ക്രിസ്‌തുമസിന്റെ സ്ഥായിയായ സന്തോഷവും ദൈവം നമുക്ക്‌ നല്‍കുന്ന സമാധാനവും നല്‍കാന്‍ സാദ്ധ്യമല്ല എന്ന്‌ നാം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. കാരണം നാം അന്വേഷിക്കുന്നതും നമ്മുടെ ഹൃദയം തേടുന്നതും ഈ ലോകം വച്ച്‌ നീട്ടുന്ന താല്‍ക്കാലിക സന്തോഷമല്ല ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദൈവിക സമാധാനമാണ്‌. നഷ്‌ടപ്പെട്ടുപോയ ദൈവപുത്രസ്ഥാനത്തിനായാണ്‌ നമ്മുടെ ആത്മാവ്‌ കേഴുന്നത്‌. അതുകൊണ്ടാണ്‌ ദൈവപുത്രന്റെ ആഗമനത്തില്‍ “സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും” (ലൂക്ക 3:6) എന്ന്‌ തിരുവചനം പറയുന്നത്‌. നാം തേടുന്ന ലക്ഷ്യവും സന്തോഷവും സമാധാനവുമെല്ലാം പാപവിധേയമായ മനുഷ്യപ്രകൃതിക്കതീതമാണ്‌. അത്‌ നമുക്ക്‌ നല്‍കാന്‍ പാപമില്ലാത്തവന്‍ തന്നെ വരണം. നമ്മുടെ ഈ പ്രവാസത്തിന്റെ മരുഭൂമിയില്‍ ജീവജലം പകരുവാന്‍ ജീവജലത്തിന്റെ ഉറവയായ ദൈവത്തിന്‌ മാത്രമേ സാധിക്കൂ. പക്ഷേ എന്നും മരീചികയ്‌ക്ക്‌ പിന്നാലെ പരക്കം പായുന്ന അവന്റെ ജനം അവനെ സ്വീകരിക്കുവാന്‍ തയ്യാറാവാത്തതിനാല്‍ ദൈവമക്കളാകാനുള്ള ആഹ്വാനവുമായി ദൈവപുത്രന്‍ വീണ്ടും നമ്മെ തേടി എത്തുന്നു; തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്ക്‌ നല്‍കിക്കൊണ്ട്‌. തന്നെ സമീപിച്ച ആളുകളോട്‌ സ്‌നാപകന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്‌ ഈ മംഗളവാര്‍ത്തക്കാലം നമ്മോടും പറയുന്നത്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ സീനായ്‌ മലയില്‍ വച്ച്‌ ദൈവം നല്‍കിയ കല്‌പനകള്‍ തന്നെയാണ്‌ സ്‌നാപക യോഹന്നാന്‍ തന്നെ സമീപിച്ചവരുടെ സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അവരോട്‌ നിര്‍ദ്ദേശിക്കുന്നത്‌. മറ്റുള്ളവരെ ചൂഷണം ചെയ്യരുത്‌, ആവശ്യക്കാരോട്‌ അനുകമ്പ ഉള്ളവരാകണം, ഇടമില്ലാത്തവന്‌ ഹൃദയത്തില്‍ ഇടമൊരുക്കിക്കൊണ്ട്‌ ഹൃദയത്തില്‍ ദൈവത്തിന്‌ ഇടം കൊടുക്കണം. അതിന്‌ കൊട്ടിയടയ്‌ക്കപ്പെട്ട വാതിലുകള്‍ തുറക്കണം, കെട്ടിയുയര്‍ത്തിയ മതിലുകള്‍ പൊളിച്ചുമാറ്റണം, അനാഥര്‍ക്കാശ്വാസമാകണം, ഉണ്ണാനും ഉടുക്കാനും കിടക്കാനും ഇടമില്ലാത്തവര്‍ക്കായി ഉള്ളവന്‍ പങ്കുവയ്‌ക്കണം, ശിഥില ബന്ധങ്ങളുടെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കണം. ദൈവത്തോടും മനുഷ്യരോടും കൂട്ടുകൂടുകയും ആവശ്യക്കാരന്‌ സഹായ ഹസ്‌തം നീട്ടുകയും പരസ്‌പരം ക്ഷമിക്കാന്‍ സന്നദ്ധരാവുകയും ചെയ്യുമ്പോള്‍ ഹൃദയത്തില്‍ ദൈവം ജനിക്കും.
ഈ സാധാരണത്വം തന്നെയാണ്‌ ഒരു പക്ഷേ ഇന്നും പലരെയും പുല്‍ക്കൂട്ടില്‍ പിറന്നവനില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്‌. ഏവര്‍ക്കും പ്രാപ്യനാവും വിധം അത്ര നിസ്സാരനായി ദൈവത്തെ കാണുവാന്‍ മനുഷ്യ ഭാവനയ്‌ക്ക്‌ പ്രയാസമാണ്‌. ദൈവികമഹിമാവില്‍ നിന്നും സ്വര്‍ഗ്ഗം ചായിച്ചിറങ്ങി വന്ന രാജാധിരാജനാണ്‌ ഈ പാഴ്‌ക്കുടിലില്‍ കുഞ്ഞിളം പൈതലായി പുഞ്ചിരി തൂകുന്ന ശിശു എന്നംഗീകരിക്കാന്‍ നിറം പിടിപ്പിച്ച ദൈവസങ്കല്‌പങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചാരാധിക്കുന്നവര്‍ക്ക്‌ പ്രയാസമാണ്‌. വര്‍ണ്ണപ്പൊലിമയിലും ആഢംബരത്തിന്റെ ആര്‍ഭാടത്തിലും ദൈവത്തെ തേടാന്‍ നക്ഷത്ര വെളിച്ചത്തില്‍ അവനെ തേടിയവര്‍ പോലും പ്രലോഭിതരായെങ്കില്‍ മായാജാലങ്ങളിലൂടെയും ചെപ്പടിവിദ്യകളിലൂടെയും പാവപ്പെട്ടവന്റെ കണ്ണഞ്ചിപ്പിക്കുന്ന കൃത്രിമ ദൈവങ്ങള്‍ യഥാര്‍ത്ഥ ദൈവത്തില്‍ നിന്ന്‌ മനുഷ്യനെ അകറ്റുകയും തങ്ങളിലേക്കാകര്‍ഷിക്കുകയും അഗ്നിയില്‍ വീഴുന്ന ശലഭം പോലെ ഈ മായാമോഹങ്ങളില്‍ അവര്‍ കരിഞ്ഞു വീഴുകയും ചെയ്യുന്നതില്‍ അത്ഭുതമില്ലല്ലോ. അവര്‍ക്കു തണലേകാന്‍, സത്യം തുറന്നു കാട്ടാന്‍ വ്യാജദൈവങ്ങളുടെ വാക്‌വൈഭവത്തില്‍ നിന്നും അവരെ വിമോചിപ്പിക്കാന്‍ മംഗളവാര്‍ത്തയുടെ സന്ദേശം അനിവാര്യമാണ്‌.
മനുഷ്യാവതാരം ചെയ്‌ത ദൈവപുത്രന്‌ മാത്രമേ മനുഷ്യഹൃദയത്തിന്റെ ആവശ്യങ്ങളെല്ലാം സഫലീകരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിലൂടെ ഈശോയുമായുള്ള വ്യക്തിബന്ധത്തിലേക്ക്‌ നാം വളരുകയും ഉയരുകയും ചെയ്യണം. ക്രൈസ്‌തവ ജീവിതം ദൈവപുത്രനോടൊത്തുള്ള പ്രയാണമാകണം. ഒരു നിമിഷത്തിന്റെ ഉന്മാദത്തിലേക്കുയര്‍ത്തുന്ന മയക്കുമരുന്നോ മാന്ത്രികവിദ്യയോ അല്ല അത്‌, പ്രത്യുത ശൂന്യവത്‌ക്കരണത്തിലൂടെയും സ്വയംദാനത്തിലൂടെയും ദൈവത്തിന്റെയും സഹോദരങ്ങളുടെയും ശുശ്രൂഷയ്‌ക്കായുള്ള സമര്‍പ്പണത്തിലൂടെയും ക്രിസ്‌തുവിനെ അനുകരിക്കലാണ്‌. അതൊരു ജീവിതചര്യയാകുമ്പോള്‍ മറ്റുള്ളവര്‍ക്കായി സ്വയം വ്യയം ചെയ്യുന്നതിന്റെ ആനന്ദത്തിലേക്കും സന്തോഷത്തിലേക്കും അത്‌ നമ്മളെ നയിക്കും. അതിനാവശ്യം അസാധാരണമായ അത്ഭുതങ്ങളല്ല, അനുദിന ജീവിത കര്‍ത്തവ്യങ്ങള്‍ ഉത്തരവാദിത്വത്തോടും ഔദാര്യത്തോടും വിശ്വാസത്തോടും കൂടി പൂര്‍ത്തീകരിക്കലാണ്‌. അവിടെ നാം ഒറ്റപ്പെട്ടാലും തടവിലാക്കപ്പെട്ടാലും പരാജയത്തിലും പരിത്യക്തതയിലും തീരാത്ത വേദനയിലും അകപ്പെട്ടാലും മനുഷ്യാവതാരം ചെയ്‌ത ദൈവം അകലെ വാനങ്ങളിലല്ല, അടുത്ത്‌ കൂടെ സന്നിഹിതനാണെന്ന ഉറച്ച ബോദ്ധ്യം നമ്മിലൂടെ മംഗളവാര്‍ത്തയുടെ പ്രതിദ്ധ്വനിയായി പ്രസരിച്ചുകൊണ്ടിരിക്കും.
അമ്മയുടെ ഉദരത്തില്‍വച്ച്‌ തന്നെ പരിശുദ്ധാത്മാവിനാല്‍ പൂരിതനായ സ്‌നാപക യോഹന്നാനെപ്പോലെ വചനാഗ്നിയാല്‍ ജ്വലിക്കുന്ന ഓരോ ക്രൈസ്‌തവനും സഹോദരങ്ങള്‍ക്ക്‌ മംഗളവാര്‍ത്തയാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം കൂടി ഈ മംഗളവാര്‍ത്തക്കാലത്ത്‌ നാം അനുസ്‌മരിക്കണം. “എന്റെ പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ കെട്ടഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല” (ലൂക്കാ 3: 16) എന്ന്‌ പ്രഖ്യാപിച്ച യോഹന്നാന്‍ സ്വന്തം സാമ്രാജ്യത്തിന്റെ തടവറയിലേക്കല്ല, ദൈവരാജ്യത്തിന്റെ സ്വതന്ത്ര വിഹായസ്സിലേക്കാണ്‌ ജനത്തെ ക്ഷണിച്ചത്‌. അതുകൊണ്ടുതന്നെ യോഹന്നാനെ തടവിലാക്കാനും ശിരച്ഛേദം ചെയ്യാനും സാധിച്ച രാഷ്‌ട്രീയ അധികാരികള്‍ക്ക്‌ മരുഭൂമിയില്‍ മുഴങ്ങിയ ആ ശബ്‌ദത്തിന്റെ മാറ്റൊലികളെ തടയാനായില്ല. കാലദേശങ്ങള്‍ക്കതീതമായി ഇന്നും ആ ശബ്‌ദവീചികള്‍ മംഗളവാര്‍ത്തയുടെ മധുരസ്വരമായി തലമുറകളിലേക്ക്‌ കൈമാറുവാന്‍ വാക്കുകൊണ്ടെന്നതിനേക്കാള്‍ ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും സഹോദരങ്ങള്‍ക്ക്‌ മംഗളവാര്‍ത്തയായി മാറുവാന്‍ നാമോരോരുത്തരും കടപ്പെട്ടവരാണ്‌. ഇടുങ്ങിയതും ദുഷ്‌ക്കരവുമെങ്കിലും ജീവനിലേക്കുള്ള ഏകപാത എന്ന ബോദ്ധ്യത്തോടെ ആ വഴികളില്‍ ചരിക്കുവാനും സഹോദരങ്ങളെ അവിടേക്കാനയിക്കുവാനും നാം വിനയാന്വിതരായി സഹകരിക്കണം. അപ്പോള്‍ എളിയ ദാസിയില്‍ സംപ്രീതനായി അവളില്‍ വലിയ കാര്യങ്ങള്‍ ചെയ്‌ത ശക്തനായവന്‍ നമ്മുടെ ജീവിതത്തിലും തന്റെ സാന്നിദ്ധ്യം നല്‍കി നമ്മെ അനുഗ്രഹിക്കും. അപ്പോള്‍ മനുഷ്യാവതാരം നമ്മിലും യാഥാര്‍ത്ഥ്യമാകും. ഇമ്മാനുവേല്‍ അനുഭവം നമ്മുടെ ജീവിതങ്ങളെ നിത്യ വെളിച്ചത്താല്‍ പ്രകാശിപ്പിക്കുകയും ചെയ്യും.
പിതാവിന്റെയും +പുത്രന്റെയും+പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഇടയനടുത്ത ആശീര്‍വാദം നല്‍കുന്നു.
എന്ന്‌ കോട്ടയം അതിരൂപതാകേന്ദ്രത്തില്‍ നിന്നും 2017 നവംബര്‍ 15-ാം തീയതി,

മാര്‍ മാത്യു മൂലക്കാട്ട്‌
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത
NB . ഈ ഇടയലേഖനം 2017 ഡിസംബര്‍ 3-ാം തീയതി ഞായറാഴ്‌ച നമ്മുടെ അതിരൂപതയിലെ എല്ലാ ഇടവകകളിലും വി. കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും ദിവ്യബലിമദ്ധ്യേ വായിച്ചറിയിക്കേണ്ടതാണ്‌.

Golden Jubilee Celebrations
Micro Website Launching Ceremony