9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Pastoral Council Decides to Stop Fireworks Display

  • April 18, 2016

ജനങ്ങളുടെ സ്വത്തിനും ജീവനും നാശനഷ്‌ടങ്ങള്‍ വരുത്തുന്നതോടൊപ്പം വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കുന്ന കരിമരുന്ന പ്രകടനങ്ങള്‍ കോട്ടയം അതിരൂപതയിലെ ദൈവാലയങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഒഴിവാക്കുമെന്ന്‌ കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍. അതിരൂപതയിലെ ദൈവാലയങ്ങളിലെ തിരുനാളുകളോടും വിവിധ ആഘോഷങ്ങളോടും ചേര്‍ന്നുള്ള കരിമരുന്ന്‌ ഉപയോഗം ഒഴിവാക്കുവാനും പ്രസ്‌തുത തുക സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുവാനും അതിരൂപതയുടെ മലബാര്‍ റീജിയണല്‍ അജപാലന കേന്ദ്രമായ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. കാരുണ്യവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദൈവകാരുണ്യത്തിന്റെ സത്‌ഫലങ്ങള്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സംലഭ്യമാക്കുവാന്‍ സഭാതനയര്‍ കരുണയുടെ ഹൃദയകവാടങ്ങള്‍ സഹോദരങ്ങള്‍ക്കായി തുറക്കണമെന്ന്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ആഹ്വാനം ചെയ്‌തു. സഹമനുഷ്യരിലേക്കും സഹജീവികളിലേക്കും പ്രകൃതിയിലേക്കും പകരേണ്ടത്‌ സ്‌നേഹത്തിന്റെ ദൈവകരുണയാണെന്നും കാരുണ്യവര്‍ഷത്തില്‍ അതിരൂപത വിഭാവനം ചെയ്‌തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന വെടിക്കെട്ട്‌ പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അതിനായി എല്ലാ വിഭാഗം ജനങ്ങളും ത്യാഗങ്ങള്‍ക്കും വിട്ടുവീഴ്‌ചകള്‍ക്കും തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ നേതൃത്വം നല്‍കി. മലബാറില്‍ ആരംഭിക്കുന്ന കുടിയേറ്റ ചരിത്ര മ്യൂസിയത്തെക്കുറിച്ചും മലബാറിലെ ഇടവകകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പഠനറിപ്പോര്‍ട്ടിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തു. നാലാമത്‌ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ പഠനരേഖ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ അവതരിപ്പിച്ചു. പഠനരേഖയെക്കുറിച്ചുള്ള ഫൊറോനതലത്തിലുള്ള വിചിന്തനങ്ങള്‍ ഫൊറോനപ്രതിനിധികള്‍ യോഗത്തില്‍ പങ്കുവച്ചു. അതിരൂപതയുടെ കാരുണ്യവര്‍ഷ പ്രവര്‍ത്തനങ്ങളായ കാരുണ്യദീപം കുടുംബസഹായ പദ്ധതി, വിദ്യാഭ്യാസ സഹായ പദ്ധതി, അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ്‌ കെയര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കൂടാതെ ഭവനം നിര്‍മ്മിക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക്‌ ഭൂമി ലഭ്യമാക്കുകയെന്ന മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശം യോഗം ഐകകണ്‌ഠേന പാസ്സാക്കി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. ബേബി കട്ടിയാങ്കല്‍, ഡോ. ജോസ്‌ ജെയിംസ്‌, ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ. എബ്രാഹം പറമ്പേട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Golden Jubilee Celebrations
Micro Website Launching Ceremony