9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

കോട്ടയം വികാരിയാത്തിന്‍റെ സ്ഥാപനബൂളാ,

  • March 6, 2021

കോട്ടയം വികാരിയാത്തിന്‍റെ സ്ഥാപനബൂളാ

Papal Bull by St Pius X Instituting the Vicariate Apostolic of Kottayam for the Knanaya Community

ചങ്ങനാശ്ശേരി, എറണാകുളം വികാരിയാത്തുകളില്‍ ഉള്‍പ്പെട്ടിരുന്ന തെക്കുംഭാഗരുടെ സകല പള്ളികളും കപ്പേളകളും വേര്‍പെടുത്തി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചുകൊണ്ട് വി. പത്താം പിയൂസ് മാര്‍പ്പാപ്പ 1911 ഓഗസ്റ്റ് 29-നു പുറപ്പെടുവിച്ച ബൂളായുടെ മലയാള പരിഭാഷ ചുവടെ ചേര്‍ക്കുന്നു:

“ഭൂമുഖത്തുള്ള ക്രിസ്തീയ സമൂഹത്തെ ഭരിക്കുന്നതിനു ദൈവം നമ്മില്‍ നിക്ഷേപിച്ചിട്ടുളള അധികാര പ്രകാരം, വിശ്വാസികളുടെ രക്ഷയ്ക്ക് അവരുടെ ഭരണാധികാരികളുടെ ആഗ്രഹാനുസരണം അതിര്‍ത്തികള്‍ നിശ്ചയിച്ചു കൊടുക്കേണ്ടതു നമ്മുടെ പ്രത്യേക കടമയാണെന്നു നാം കരുതുന്നു. മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവും ഭക്തിയും അഭിവൃദ്ധിപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി അവരുടെ ഇടയില്‍ ഒരു പുതിയ മിസ്സം സ്ഥാപിക്കേണ്ടതാണെന്നു നാം തീരുമാനിക്കുന്നു.

ഭാഗ്യസ്മരണാര്‍ഹനും നമ്മുടെ മുന്‍ഗാമിയുമായ 13-ാം  ലെയോ മാര്‍പ്പാപ്പ 1896 ജൂലൈ 26-ാം തീയതി ഒരു കല്പന മൂലം മലങ്കര സുറിയാനിക്കാരുടെ ഇടയില്‍ തൃശ്ശൂര്‍, എറണാകുളം, ചങ്ങനാശ്ശേരി എന്ന് മൂന്ന് വികാരിയാത്തുകളെ സ്ഥാപിക്കുകയും അവരുടെ ഭരണാധികാരികളായി അവരില്‍ നിന്നും ഓരോ മെത്രാന്മാരെ വാഴിക്കുകയും ചെയ്തിട്ടുണ്ട്.

പൗരസ്ത്യ റീത്തുകളുടെയും ക്രിസ്തീയ വിശ്വാസ പ്രചരണത്തിന്‍റെയും സംഘങ്ങളുടെ അധിപരായ അഭിവന്ദ്യ കര്‍ദ്ദിനാളന്മാരുമായി നാം ഗൗരവമായും സൂക്ഷ്മമായും ആലോചന നടത്തിയതില്‍ മേല്‍വിവരിച്ച മൂന്ന് വികാരി അപ്പസ്തോലിക്കമാരും ചേര്‍ന്ന് ആലോചിച്ച് നമ്മുടെ മുമ്പാകെ ആ ആണ്ട് മാര്‍ച്ച് മാസം 1-ാം തീയതി ബോധിപ്പിച്ച അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ഒരു പുതിയ വികാരിയാത്തു സ്ഥാപിക്കേണ്ടത് അവിടങ്ങളിലെ വിശ്വാസികളുടെ ആത്മീയ ഗുണവര്‍ദ്ധനവിനും ഭിന്നാഭിപ്രായക്കാരുടെ സമാധാനത്തിനും ആവശ്യമെന്നു നമുക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാല്‍ നാം അവരുടെ അപേക്ഷ കരുണാപുരസ്സരം സ്വീകരിച്ചുകൊണ്ടു നമുക്ക് അവിടുത്തെ ജനങ്ങളോടുള്ള സംതൃപ്തിക്കു സാക്ഷിയായി കോട്ടയം എന്നു സാധാരണ വിളിച്ചുവരുന്ന പട്ടണത്തില്‍ തെക്കുംഭാഗജനതയ്ക്കായി ഒരു പുതിയ വികാരിയാത്ത് നാം സ്ഥാപിക്കുന്നു.

ഏറണാകുളത്തിന്‍റെയും ചങ്ങനാശ്ശേരിയുടെയും വികാരി അപ്പസ്തോലിക്കാമാരില്‍ നിന്നും നമുക്കു ലഭിച്ചിരിക്കുന്ന അറിവിനെ അടിസ്ഥാനമാക്കി നാം നമ്മുടെ പരമാധികാരം ഉപയോഗിച്ചുകൊണ്ട് തെക്കുംഭാഗരുടെ സകല പള്ളികളും വേര്‍പെടുത്തി കോട്ടയം എന്ന പുതിയ വികാരിയാത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ചങ്ങനാശ്ശേരി വികാരിയാത്തിലുള്‍പ്പെട്ട കോട്ടയം, കടുത്തുരുത്തി ഈ ഡിവിഷനുകളില്‍ ഉള്‍പ്പടെ സകല പള്ളികളും കപ്പേളകളും ഈ പുതിയ വികാരിയാത്തില്‍ ഉള്‍പ്പെടുന്നതാണ്.

ഈ കല്പന എല്ലാക്കാലത്തും ഫലപ്രദവും പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കമെന്നും ഈ കല്പനയുടെ ഫലം പൂര്‍ണ്ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും ഈ കല്പന ഇന്നും മേലാലും ആരെയെല്ലാം സ്പര്‍ശിക്കുമോ അവരെല്ലാവരും ഈ കല്പനയെ പൂര്‍ണ്ണമായി എല്ലാ സംഗതിയിലും കീഴ്പെട്ടു സ്വീകരിച്ചുകൊള്ളണമെന്നു നാം ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്പനയ്ക്ക് അനുയോജ്യമല്ലാത്തതായി എന്തെങ്കിലും അധികാരസ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ അറിയാതെയോ കൊണ്ടുവരുന്നതായാല്‍ ആയത് അസാധുവായിരിക്കുന്നതുമാണ്”.

Golden Jubilee Celebrations
Micro Website Launching Ceremony