9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Palm Sunday: Triumphant Entry of Jesus into Jerusalem

  • March 2, 2020

യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തു വിളിച്ചു: ദാവീദി൯റെ പുതനു ഹോസാന! കർത്താവി൯റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! ഉന്നതങ്ങളിൽ ഹോസാന!” – മത്തായി 21 : 9

ഓശാന ഞായര്‍
ഓശാന ഞായറിന്റെ ആഘോഷകരമായ ചടങ്ങുകളുടെ ചൈതന്യം കര്‍ത്താവിന്റെ ജറുസലേം പ്രവേശനമാണ്‌. അതിന്റെ അനുസ്‌മരണത്തിന്റെ ഭാഗമായി ദൈവാലയങ്ങളില്‍ കുരുത്തോല വിതരണവും ദൈവാലയ പ്രദിക്ഷണങ്ങളും നടക്കുന്നു. അവിടുത്തെ ജറുസലേമിലേയ്‌ക്കുള്ള രാജകീയ പ്രവേശനം ബലിയര്‍പ്പണത്തിനുള്ള ഒരുക്കമാണെന്ന്‌ നാം മറക്കരുത്‌. ബലിയര്‍പ്പിക്കാന്‍ ബലിമൃഗമില്ലാതെ ജറുസലേം നഗരിയിലേയ്‌ക്ക്‌ പ്രവേശിക്കുന്ന യഹൂദനാണ്‌ ഈ മിശിഹായെന്ന്‌ നാം കാണണം. അവന്റെ രാജകീയ പ്രവേശത്തിന്റെ പ്രൗഡിക്ക്‌ പിന്നില്‍ അതിദയനീയമായ കുരിശുമരണമുണ്ടെന്ന്‌ തിരിച്ചറിയാതെയാണ്‌ ജനം അവന്‌ ഓശാന പാടുന്നത്‌.
അര്‍ത്ഥമറിഞ്ഞും അറിയാതെയും കുരുത്തോലകളേറ്റ്‌ വാങ്ങുന്ന നാം ജറുസലേമിലേയ്‌ക്ക്‌ മിശിഹായെ ആനയിച്ച ജനക്കൂട്ടത്തിന്‌ തുല്യരാവുകയാണ്‌. ആള്‍ക്കൂട്ടത്തിലാരൊക്കെയോ ഓശാന പാടി, കുറേപ്പേര്‍ അതേറ്റു പാടി; ആരൊക്കെയോ വസ്‌ത്രം വിരിച്ചു, ഒലിവിന്‍ ചില്ലകള്‍ കൈകളിലെടുത്തു, കുറേപ്പേര്‍ അതാവര്‍ത്തിച്ചു; ഒരുതരം ജനകീയ ആത്മീയതയുടെ ശൈലി. അര്‍ത്ഥമറിയാത്ത ഓശാനവിളികള്‍ക്കും വസ്‌ത്രംവിരിച്ച വഴികള്‍ക്കും രണ്ടുമൂന്ന്‌ രാത്രികളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ആഴമില്ലാത്ത ആത്മീയതയ്‌ക്ക്‌ ഒന്നിരുണ്ട്‌ വെളുക്കുന്ന ദൈര്‍ഘ്യമേയുള്ളൂ. ഇന്നും ഈ ജനകീയ ആത്മീയത നമ്മെ വഴിതെറ്റിക്കുന്നുണ്ട്‌. ഉദ്ദേശിച്ചവ കിട്ടാതെവരുമ്പോഴും ആഗ്രഹിച്ചവ നടക്കാതെ വരുമ്പോഴും നമ്മുടെ ഓശാനകള്‍ ആക്രോശങ്ങളാകുന്നെങ്കില്‍ നമുക്കുള്ളത്‌ ഉപരിപ്ലവമായ ആത്മീയതയാണന്ന്‌ നാം ഭയപ്പെടണം. അവിടുത്തെ നഗരപ്രവേശനത്തിന്‌ നാം വിളിക്കുന്ന ഓശാന, ഗാഗുല്‍ത്തായ്‌ക്കപ്പുറം നീളുന്ന നമ്മുടെ വിശ്വസ്‌തതയുടെ അടയാളമാകാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

Fr. Jithin Vallarkattil

 

Golden Jubilee Celebrations
Micro Website Launching Ceremony