പ്രത്യാശയുടെ മാതാവിന് പ്രതിഷ്ഠിതമായിരിക്കുന്ന ചുള്ളിയോട് ഇടവക മറ്റേതൊരു കുടിയേറ്റ ജനതയ്ക്കും എന്നതുപോലെ പ്രദേശത്തെ ക്‌നാനായ കത്തോലിക്കരുടെ തനിമയുടെയും ഒരുമയു ടെയും വിശ്വാസനിറവിന്റെയും ശക്തമായ അടയാളമാണ്.
1972 ല്‍ ചുള്ളിയോട് എന്ന കൊച്ചുഗ്രാമത്തില്‍ ആദ്യമായി എത്തിയത് ആലയ്ക്കല്‍ മത്തായിയുടെയും കൊല്ലാപറമ്പില്‍ ഫിലിപ്പിന്റെയും കുടുംബ ങ്ങളാണ്. എന്നാല്‍ ഇതിനു മുന്‍പ് പെരിങ്ങേലില്‍ തോമസ് ചേലോട്ട് സ്‌കൂള്‍ അധ്യാപകനായി ഇവിടെ എത്തിയിരുന്നു. കൃഷിസാധ്യത മുന്‍നിറുത്തി നാട്ടില്‍ നിന്നും വരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. വി. ബലി അര്‍പ്പണത്തിനും വിശ്വാസപരിശീലനത്തിനും വളരെ ദൂരെയുള്ള മറ്റ് ഇടവകകളെ ആശ്രയിക്കേണ്ടി വന്ന സാഹചര്യത്തില്‍ സ്വന്തമായി ഒരു ദേവാലയം വേണമെന്ന ആഗ്രഹം ഇവരുടെ മനസ്സില്‍ രൂഢമൂലമായി.
അങ്ങനെയിരിക്കെ യാദൃച്ഛികമായി ഇവിടെ വന്ന ബ. ശൗര്യാംമാക്കില്‍ ജോസച്ചന്‍ ഈ ജനതയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്‍ സമക്ഷം സമര്‍പ്പിച്ച അപേക്ഷ പഠിച്ച പിതാവ് 1977 ആഗ്സ്റ്റ് 7-ാം തീയതി ചുള്ളിയോട് ഗ്രാമത്തില്‍ പള്ളി സ്ഥാപിക്കുന്നതിന് അനുവാദം നല്കി, 1978 ഏപ്രില്‍ 7 ന് പിതാവുതന്നെ പള്ളിക്ക് തറക്കല്ലിട്ടു. പിതാവിന്റെ കൂടെ മോണ്‍. സൈമണ്‍ കൂന്തമറ്റവും മൂലക്കാട്ട് ബ. മത്തായി ശെമ്മാശനും ഉണ്ടായിരുന്നു.പ്രഥമ കൈക്കാരന്മായിരുന്ന ആലയ്ക്കല്‍ മത്തായി കൂന്നാംപടവില്‍ മത്തച്ചന്‍ എന്നിവരുടെ നേതൃത്വവും നാട്ടുകാരുടെ സഹകരണവും മൂലം ഒരു വര്‍ഷം കൊണ്ട് പള്ളിപണി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഈ സമയങ്ങളില്‍ അട്ടപ്പാടി പള്ളി വികാരി. ബ. നെടുംതുരുത്തില്‍ മൈക്കിള്‍ അച്ചന്‍ എല്ലാ ഞായറാഴ്ചയും വൈകുന്നേരങ്ങളില്‍ ചുളളിയോട് അങ്ങാടിക്ക് സമീപമുള്ള ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ വി. ബലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 1979 ഏപ്രില്‍ 26 ന് അഭിവന്ദ്യ കുന്നശ്ശേരി പിതാവ് ദേവാലയം കൂദാശചെയ്യുകയും അതേവര്‍ഷം ആഗസ്റ്റ് 1 ന് ബഹു. മൂലക്കാട്ട് മത്തായി അച്ചന്‍ പ്രഥമവികാരിയായി ചുളളിയോട് വരികയും ചെയ്തു.
1986 ഏപ്രില്‍ 1 ന് അഭിവന്ദ്യപിതാവ് ഇടവകസന്ദര്‍ശനം നടത്തുകയും , വികാരി ബഹു. ജോര്‍ജ് ഊന്നുകല്ലേല്‍ , തോമസ് കോട്ടൂര്‍ , ജോസഫ് മുളവനാല്‍ എന്നീ വൈദികരുടെ സാന്നിദ്ധ്യത്തില്‍ , പള്ളിമുറി വെഞ്ചരിക്കുകയും ചെയ്തു.
കാലാന്തരത്തില്‍ നിലവിലുള്ള പള്ളിയില്‍ സ്ഥലം തികയാതെയായി തന്മൂലം ഫാ. ഷാജി വടക്കേത്തൊട്ടിയുടെ നേതൃത്വത്തില്‍ ഇടവക സമൂഹം അതിമനോഹരമായ ദേവാലയം പണിതുയര്‍ത്തി. പ്രസ്തുത ദേവാലയം 2002 ഏപ്രില്‍ 2-ാം തീയതി അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് വെഞ്ചരിച്ചു ഇന്ന് ഈ ഇടവകയില്‍ 65 കുടുംബങ്ങളിലായി 325 ഓളം ക്‌നാനായ മക്കള്‍ തങ്ങളുടെ കൂട്ടായ്മയില്‍ അടിയുറച്ചു വളര്‍ന്നു വരുന്നു. വൈദികര്‍ സ്ഥിരതാമസമുള്ള ഈ ഇടവകയില്‍ 1983 മുതല്‍ സെന്റ് ജോസഫ് സിസ്റ്റേഴ്‌സ് സ്തുത്യര്‍ഹമായ സേവനം ചെയ്തു വരുന്നു.
എല്ലാവര്‍ഷവും ഡിസംബര്‍ മാസം രണ്ടാമത്തെ ശനിയും ഞായറും ആണ് ഇടവക സമൂഹം പ. കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ പ്രധാനതിരുനാളായി ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്.