9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

New Saints from India – Chavara Kuriakose and Euphrasia

  • November 24, 2014

വി. പത്രോസ്ശ്ലീഹയുടെ ബസിലിക്കയുടെ അങ്കണത്തില്‍വച്ച് 2014 നവംബര്‍ 23 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് പരി. പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ രണ്ടുസീറോമലബാര്‍ സന്താനങ്ങളെ – ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും എവുപ്രസ്യാമ്മയെയും – വിശുദ്ധരെന്ന് പേരു വിളിക്കുന്നു. ഭാരതസഭയ്ക്ക് ഇത് അഭിമാനമൂഹൂര്‍ത്തം. വി. അല്‍ഫോസാമ്മയക്ക് ശേഷം രണ്ട് മാര്‍തോമക്രൈസ്തവ സന്താനങ്ങള്‍കൂടി വിശുദ്ധരുടെ നിരയിലേയ്ക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ വിശുദ്ധരാകുകയെന്നത് നമുക്ക് മുമ്പിലുള്ള സാധ്യതയും വെല്ലുവിളിയുമാണെന്ന് ബോധ്യപ്പെടുത്തുകയാണ്.

ചാവറയച്ചന്‍ – ലഘുജീവചരിത്രം

1805 ഫെബ്രുവരി 10 ന് കുട്ടനാട്ടിലെ കൈനകരിയില്‍ കുര്യാക്കോ – മറിയം ദമ്പതികളുടെ മകനായി ജനിച്ച കുര്യാക്കോസ് എന്ന ബാലന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1818 ല്‍ പള്ളിപ്പുറം ഇടവക സെമിനാരിയില്‍ ചേര്‍ന്ന് പാലയ്ക്കല്‍ തോമ്മ മല്പാന്റെ കീഴില്‍ വൈദീകപരിശീലനം ആരംഭിച്ചു. ആദ്യകാലങ്ങളില്‍ സുറിയാനിക്കാരുടെ ഇടയില്‍ പൊതുസെമിനാരി പരിശീലനവും ക്രമവും പ്രചാരത്തിലില്ലായിരുന്നുവെന്നതും, മല്പാന്മാരുടെ കീഴിലുള്ള പരിശീലനങ്ങള്‍ സാധാരണമായിരുന്നുവെന്നതും ഇതിനു നിമിത്തമായി. പല വിശുദ്ധര്‍മുണ്ടായിട്ടുള്ളതുപോലെ, ദൈവവിളിയുടെ പാതയില്‍ അദ്ദേഹത്തിനുമുണ്ടായി പ്രതിബന്ധങ്ങള്‍. സാംക്രമികരോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അപ്പനും അമ്മയും ഏകസഹോദരനും മരണമടഞ്ഞതായിരുന്നു അത്. കുടംബം നിലനിര്‍ത്താന്‍ പൗരോഹിത്യപരിശീലനമുപേക്ഷിച്ച് തിരികെ വരുകയെന്നതായിരുന്നു അദ്ദേഹത്തിനുണ്ടായ പ്രതിസന്ധി. എന്നാല്‍, മൂത്ത സഹോദരിയെയും ഭര്‍ത്താവിനെയും കുടുംബകാര്യങ്ങള്‍ ചുമതലപ്പെടുത്തി കുര്യാക്കോസ് പരിശീലനം തുടര്‍ന്നു. 29 നവംബര്‍ 1829 ന് വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക മൗറേലിയൂസില്‍നിന്ന് അര്‍ത്തുങ്കല്‍പള്ളിയില്‍വച്ച് തിരുപ്പട്ടമേറ്റു.

സന്യാസ ജീവിതത്തിന് ആഗ്രഹമുണ്ടായിരുന്ന സുറിയാനിക്കാര്‍ക്ക് അതിനു അനുയോജ്യമായ തദ്ദേശീയ ഭവനമോ ക്രമമോ അന്ന് നിലവില്ലായിരുന്നു. അതുകൊണ്ടുതന്നെ, സന്യാസ ജീവിതത്തിന് ആഭിമുഖ്യമുണ്ടായിരുന്ന പാലയ്ക്കല്‍ തോമ്മ മല്പാനും പോരൂക്കര തോമ്മാ അച്ചനും ചാവറകുര്യാക്കോസച്ചനും സുറിയാനി ക്രൈസ്തവര്‍ക്കുവേണ്ടി ഒരു സന്യാസഭവനം സ്ഥാപിക്കാന്‍ ഉറച്ചു. അതിന് അവര്‍ സ്ഥലം കണ്ടുപിടിച്ചത് മാന്നാനം കുന്നിലായിരുന്നു. 11 മെയ് 1831 ല്‍ അവിടെ വി. യൗസേപ്പിതാവിന്റെ നാമത്തില്‍ പുതിയ ആശ്രമത്തിന് തറക്കല്ലിട്ടു. എന്നാല്‍ പ്രസ്തുത സമൂഹം ഔദ്യോഗികമായി സ്ഥാപിതമായത് 1855 ഡിസംബര്‍ 8ന് ചാവറയച്ചനും മറ്റു 11 പേരും വ്രതമെടുത്തപ്പോഴായിരുന്നു. മലയാളത്തിലെ സുറിയാനിക്കാരെ ഭരിച്ചിരുന്ന മെത്രാന്മാരും മിഷനറിമാരില്‍ ഭൂരിഭാഗവും കര്‍മ്മലീത്തക്കാരായിരുന്നതിനാലും അവരുടെ സ്വാധീനത്താലുമായിരിക്കണം ആദ്യത്തെ തദ്ദേശീയ സമൂഹവും അമലോത്ഭവ കര്‍മ്മലമാതാവിന്റെ ദാസര്‍ എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്ന് വികാരിയത്തിന്റെ വിവിധഭാഗങ്ങളില്‍ മറ്റു ആശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടു.

മലയാളത്തിലെ ക്രൈസ്തവരുടെ ആത്മീയപരിശീലനത്തിന് ധ്യാനങ്ങളും, നാല്പതുമണി ആരാധനകളും മറ്റു ഭക്തകൃത്യങ്ങളും ചാവറയച്ചന്‍ ക്രമപ്പെടുത്തി. വൈദികര്‍ക്കായുള്ള ധ്യാനങ്ങള്‍ ചാവറയച്ചനും അദ്ദേഹത്തിന്റെ സഹായിയായി വര്‍ത്തിച്ച ലെയോപ്പോള്‍ദ് ബോക്കാറോ എന്ന ഇറ്റാലിയന്‍ മിഷനറി അച്ചനുംകൂടി നടത്തിത്തുടങ്ങി. പ്രസ്തുത മിഷനറി തയ്യാറാക്കിയ വൈദികര്‍ക്കൊരു ധ്യാനസാധനയെന്ന ധ്യാനസഹായി ഇന്നും ലഭ്യമാണ്. 1861 റോക്കോസ് ശീശ്മയെ പ്രതിരോധിക്കാന്‍ അന്നത്തെ വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക ചാവറയച്ചനെ വികാരിജനറാളാക്കി. അതിനാല്‍ സുറിയാനിക്കാര്‍ക്കിടയില്‍നിന്ന് നിയമിതനായ ആദ്യവികാരിജനറാളെന്ന് അദ്ദേഹത്തെ വിളിക്കാം. പള്ളികള്‍ക്കൊപ്പം പള്ളിക്കൂടങ്ങള്‍വേണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് കേരളത്തിന്റെ നവോത്ഥാനത്തിന് കാരണമായതെന്ന് എത്രപേര്‍ക്കറിയാം?
മാമ്മോദീസയില്‍ ലഭിച്ച ദൈവേഷ്ടപ്രസാദം ഒരിക്കലും നഷ്ടപ്പെടുത്തുവാനിടയായിട്ടില്ലയെന്ന് സാക്ഷ്യപ്പെടുത്തിയ ചാവറയച്ചന്റെ പുണ്യജീവിതം 1871 ജനുവരി 3ന് അവസാനിച്ചു. പിറ്റേദിവസം കൂനമ്മാവിലെ വി. ഫിലോമിന ദൈവാലയത്തില്‍ മൃതശരീരം സംസ്‌കരിച്ചു, തുടര്‍ന്ന് 1889 ല്‍ അച്ചന്റെ ഭൗതികശരീരം മാന്നാനം ആശ്രമ ദൈവാലയത്തിലേയ്ക്ക്.

കൃതികള്‍: ആത്മാനുതാപം, മരണവീട്ടില്‍ പാടുവാനുള്ള പാന, അനസ്തസ്യായുടെ രക്തസാക്ഷ്യം (കവിതാസമാഹാരങ്ങള്‍), ധ്യാനസല്ലാപങ്ങള്‍ (ഗദ്യം), നല്ല അപ്പന്റെ ചാവരുള്‍ (കുടുംബസ്ഥര്‍ക്കുള്ള ലേഖനം), നാളാഗമം (ചരിത്രം), മിശിഹായുടെ ജനനത്തെ ബന്ധപ്പെടുത്തിയ പത്തു ഇടയനാടകങ്ങള്‍ (എക്ലോഗുകള്‍) തുടങ്ങിയവ.

നാമകരണവഴികള്‍: പൗരസ്ത്യ സഭകളുടെ തലവനായിരുന്ന കര്‍ദി. തിസറാംഗിന്റെ നിര്‍ദേശപ്രകാരം (1953), ചങ്ങനാശേരി മെത്രാനായിരുന്ന മാര്‍ കാവുകാട്ട് 1957 ല്‍ ചരിത്രകമ്മീഷന്‍ സ്ഥാപിച്ചു. 1984 ല്‍ ധന്യനായി പ്രഖ്യാപനം. ഫെബ്രുവരി 8, 1986 ല്‍ ജോണ്‍പോള്‍ 2 മന്‍ പാപ്പ കോട്ടയത്ത് വച്ച് ചാവറയച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 2014 നവംബര്‍ 23 ന് ഫ്രാന്‍സീസ് പാപ്പ റോമില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്നു.

ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രേസ്യ
തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി ഇടവകയിലെ കാട്ടൂര്‍ ഗ്രാമത്തില്‍ 1877 ഒക്‌ടോബര്‍ 17 ന് എലവുത്തിങ്കല്‍ ചേര്‍പ്പൂക്കാരന്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി റോസ പിറന്നു. സന്ന്യാസിനിയാകണമെന്ന ആഗ്രഹത്താല്‍ കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്ന്യാസിനീസമൂഹമായ കര്‍മലസന്യാസിനീ സമൂഹത്തില്‍ ചേര്‍ന്ന് 1897 മെയ് 10 ന് ശിരോവസ്ത്രസ്വീകരണം നടത്തി ഈശോയുടെ തിരുഹൃദയത്തിന്റെ സി. എവുപ്രേസ്യയായി. 1900 മെയ് 24 ന് നിത്യവ്രതം സ്വീകരിച്ചു. ജീവിച്ചിരുന്നപ്പോള്‍തന്നെ പ്രാര്‍ത്ഥിക്കുന്ന അമ്മയെന്നറിയപ്പെട്ടിരുന്ന എവുപ്രാസ്യാമ്മ 1952 ആഗസ്റ്റ് 29ന് ഇഹലോകവാസം വെടിഞ്ഞു.

നാമകരണവഴികള്‍
പ്രാരംഭനടപടികള്‍ 27 സെപ്തംബര്‍ 1986 ല്‍ ആരംഭിച്ചു. ജോണ്‍പോള്‍ 2 മന്‍ മാര്‍പാപ്പ 5 ജൂലൈ 2002 ല്‍ എവുപ്രാസ്യാമ്മയെ ധന്യയായി പ്രഖ്യാപിച്ചു. ബനഡിക്ട് മാര്‍പാപ്പയുടെ കല്‍പനപ്രകാരം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ 3 ഡിസംബര്‍ 2006 ന് വാഴ്ത്തപ്പെട്ടവളായും അമ്മയെ പ്രഖ്യാപിച്ചു. 2014 നവംബര്‍ 23 ന് ഫ്രാന്‍സീസ് പാപ്പ റോമില്‍ വിശുദ്ധയായി എവുപ്രേസ്യാമ്മയെ പ്രഖ്യാപിക്കുന്നു.

Related articles

വി. അല്‍ഫോന്‍സാമ്മയ്‌ക്കു പിന്നാലെ ഭാരതസഭയ്‌ക്ക്‌ രണ്‌ടു വിശുദ്ധര്‍ കൂടി
വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനേയും എവുപ്രാസ്യമ്മയേയും നവംബര്‍ 23-നു വിശുദ്ധരായി പ്രഖ്യാപിക്കും
The Preparations for the canonization in Rome

Chavara Kruiakose and Euphrasia: biography in Malayalam
കേരളക്കരയിലുണ്ടായ റോക്കോസ് ശീശ്മയെ പ്രതിരോധിച്ച ചാവറയച്ചന്‍

Golden Jubilee Celebrations
Micro Website Launching Ceremony