ഫറവോയുടെ മുന്‍പില്‍
1 കര്‍ത്താവു മോശയോടു പറഞ്ഞു: ഇതാ ഞാന്‍ ഫറവോയ്ക്കു നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. നിന്റെ സഹോദര നായ അഹറോന്‍, നിന്റെ പ്രവാചകനായിരിക്കും.2 ഞാന്‍ നിന്നോടു കല്‍പിക്കുന്നതെല്ലാം നീ അഹറോനോടു പറയണം. ഫറവോ തന്റെ രാജ്യത്തുനിന്ന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍വേണ്ടി നിന്റെ സഹോദരന്‍ അഹറോന്‍ അവനോടു സംസാരിക്കട്ടെ.3 ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും; ഈജിപ്തു രാജ്യത്തു വളരെയേറെഅടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കും.4 എങ്കിലും ഫറവോ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. എന്നാല്‍, ഞാന്‍ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച്, എന്റെ സൈന്യവും ജനവുമായ ഇസ്രായേലിനെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരും.5 ഞാന്‍ ഈജിപ്തിനെതിരേ കൈനീട്ടി ഇസ്രായേല്‍മക്കളെ അവരുടെയിടയില്‍ നിന്ന് മോചിപ്പിച്ചു കഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും.6 മോശയും അഹറോനും കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു.7 അവര്‍ ഫറവോയോടു സംസാരിക്കുമ്പോള്‍ മോശയ്ക്ക് എണ്‍പതും അഹറോന് എണ്‍പത്തിമൂന്നും വയസ്സായിരുന്നു.
വടി സര്‍പ്പമായി മാറുന്നു
8 കര്‍ത്താവ് മോശയോടും അഹറോനോടും പറഞ്ഞു:9 ഫറവോ നിങ്ങളോട് ഒരടയാളം ആവശ്യപ്പെടുന്ന പക്ഷം നീ അഹറോനോടു നിന്റെ വടിയെടുത്തു ഫറവോയുടെ മുന്‍പിലിടുക എന്നു പറയണം.10 അത് സര്‍പ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്ന് കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അഹറോന്‍ വടി ഫറവോയുടെയും സേവകരുടെയും മുന്‍പില്‍ ഇട്ടു.11 അതു സര്‍പ്പമായി, അപ്പോള്‍ ഫറവോ വിജ്ഞന്‍മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലെ മന്ത്രവാദികളും അപ്രകാരം ചെയ്തു.12 അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, അഹറോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.13 കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി; അവന്‍ അവരുടെ വാക്കുകേട്ടില്ല.