കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഷെവലിയാര്‍ ജോസഫ് ചാക്കോ പുളിമൂട്ടില്‍ മെമ്മോറിയല്‍ മാര്‍ഗ്ഗംകളിമത്സരത്തില്‍ കൈപ്പുഴ ഫൊറോനയിലെ കല്ലറ യൂണിറ്റ് കോട്ടയം റീജിയണിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി. മകുടാലയം രണ്ടാം സ്ഥാനവും അറുന്നൂറ്റിമംഗലം മൂന്നാം സ്ഥാനവും പിറവം നാലാം സ്ഥാനവും നേടി. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കോട്ടയം റീജിയണ്‍ മത്സരങ്ങളുടെ ഉദ്ഘാടനം ഉഴവൂര്‍ ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടില്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. മത്സരത്തെതുടര്‍ന്ന് വിവിധ യൂണിറ്റുകളെ അണിനിരത്തിയുള്ള മെഗാമാര്‍ഗംകളി മത്സരവും നടത്തപ്പെട്ടു. കോട്ടയം റീജിയണിലും മലബാര്‍ റീജിയണിലും വിജയികളായ 8 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള അതിരൂപതാതല ഫൈനല്‍ മത്സരം സുവര്‍ണ്ണജൂബിലി സമാപനത്തോടനുബന്ധിച്ച് നവംബര്‍ 26 ശനിയാഴ്ച രാവിലെ 11.30 ന് കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിച്ചത്.