9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Inaugural address by Mar Mathew Moolakkatt

  • September 15, 2020

 

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവ അതിരൂപതയുടെ മൂന്ന് സമുദായ സംഘടനകളാണ്. ഈ സംഘടനകളും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ക്‌നാനായ സമുദായത്തെയും അതിരൂപതയേയും ശക്തിപ്പെടുത്തേണ്ടത്. സംഘടനകളുടെ അതിരൂപതാ, ഫൊറോന ഭാരവാഹികളും യൂണിറ്റുകളുടെ പ്രസിഡന്റും ബഹു. ചാപ്ലെയിൻ അച്ചന്മാരോടും സിസ്റ്റർ അഡൈ്വസറിനോടും ഡയറക്ടർമാരോടുമൊപ്പം പങ്കുചേരുന്ന ഈ മഹത്തായ ഓൺലൈൻ സംഗമത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹങ്ങൾ നേരുന്നു.

പ്രളയത്തിന്റെയും കൊറോണയുടെയും പശ്ചാത്തലത്തിൽ ഓരോ സ്ഥലത്തെയും സാഹചര്യങ്ങളും ആവശ്യങ്ങളുമനുസരിച്ച് ഇടവകയ്ക്കും ചുറ്റുപാടുമുള്ള നാനാജാതി മതസ്ഥരായ ആളുകൾക്കുമായി വിവിധ പരിപാടികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുവാൻ  നമ്മുടെ സമുദായ സംഘടനകൾക്ക് സാധിച്ചുവെന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്.
അതിരൂപതാംഗങ്ങളായ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങുവാനും കാർഷികമേഖലയ്ക്ക് ഊന്നൽ കൊടുത്ത് വിവിധങ്ങളായ കർമ്മപദ്ധതികൾക്ക് രൂപം നൽകി പ്രവർത്തിക്കുവാനും സമുദായസംഘടനകൾ പ്രത്യേകം ശ്രദ്ധവച്ചു. ഓരോരുത്തരെയും അവരുടെ ഏകാന്തതയിൽ നിന്നും കൂട്ടായ്മയിലേക്കു കൊണ്ടുവരുവാനുമുള്ള പരിശ്രമങ്ങളും യൂണിറ്റുതലത്തിൽ നടത്തിയെന്നത് സന്തോഷകരമാണ്. ഇക്കാര്യത്തിൽ ബഹു. വൈദികരും സന്യസ്തരും നൽകിയ നേതൃത്വത്തെ പ്രത്യേകമായി അനുസ്മരിക്കുകയാണ്.

കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ഭീതിയില്ല ശ്രദ്ധയാണ് ആവശ്യം.  നമ്മുടെ ജനത്തിന് സാധിക്കുന്ന രീതിയിൽ ശ്രദ്ധ നൽകുവാനും പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും  സമുദായസംഘടനകൾ പ്രത്യേകം ശ്രദ്ധിക്കണം.

ക്‌നാനായ സമുദായത്തെക്കുറിച്ചുള്ള വ്യക്തതയും കൃത്യതയും നാം മനസ്സിൽ സൂക്ഷിക്കണം. നമ്മുടെ ആളുകൾ ഇടവകയിൽ നിന്നുമാണ് നേരത്തെ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നത്. എന്നാലിന്ന് സമൂഹമാധ്യമങ്ങളിലൂടെ ആർക്കും എന്തും എപ്പോഴും എങ്ങോട്ടും അറിയിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിങ്ങൾക്ക് അറിയാവുന്നതുപോലെ സമൂഹമാധ്യമങ്ങളിലൂടെ കടന്നുവരുന്ന കാര്യങ്ങളിൽ വളരെ നന്മകളുണ്ട്; എങ്കിലും അതോടൊപ്പം തന്നെ ചേർന്ന് ധാരാളം തെറ്റായ പ്രചരണങ്ങളും തിന്മകളും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും ക്‌നാനായ സമുദായത്തെ സംബന്ധിച്ച്. അതിന്റെ ചരിത്രം, വിശ്വാസ പാരമ്പര്യം, ഇങ്ങനെയുള്ള കാര്യങ്ങളിൽ അറിഞ്ഞോ അറിയാതെയോ വൈകല്യങ്ങൾ സൃഷ്ടിക്കുന്ന ധാരാളം പ്രവണതകളുണ്ടെന്ന കാര്യം നാം ശ്രദ്ധിക്കണം. നാം അതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. തെറ്റിദ്ധാരണകൾ വാസ്തവത്തിൽ നമ്മെ പ്രയാസപ്പെടുത്തും. പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. അതിനാൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കണം. ചിലരൊക്കെ തെറ്റിദ്ധാരണകൾ സത്യങ്ങളായി പ്രചരിപ്പിക്കാൻ ബോധപൂർവ്വം പരിശ്രമിക്കുന്നുണ്ട്. എന്തുതന്നെയായാലും നമ്മുടെ സമുദായത്തെക്കുറിച്ചും വിശ്വാസപൈതൃകത്തെക്കുറിച്ചും സഭയുമായുള്ള അതിന്റെ അഭേദ്യമായ ബന്ധത്തെക്കുറിച്ചും സഭയുടെ കൂട്ടായ്മയിൽ എപ്രകാരമാണ് നാം ഇതുവരെ വളർന്നതെന്നും തുടർന്ന് വളരുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തത നമുക്ക് ഉണ്ടാവുകയും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുവാൻ നമുക്ക് സാധിക്കുകയും ചെയ്താൽ തീർച്ചയായും നമുക്ക് തെറ്റുകളിൽ വീഴാതെ മുന്നോട്ടു പോകുവാൻ സാധിക്കും. തെറ്റിദ്ധാരണകൾക്ക് നാം ഒരിക്കലും വശംവദരാകരുത്. സമുദായസംഘടനകൾ സമുദായത്തിന്റെ വളർച്ചയ്ക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. അതിനെ നിസ്സാരമാക്കി മറ്റേതെങ്കിലും പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ടു പോകേണ്ടതെന്ന് വരുത്തുന്നവർ സമുദായത്തിന്റെ പൊതുവായ നന്മയല്ല കാംക്ഷിക്കുന്നത്. ശരീരത്തിന്റെ വളർച്ച പോലെ എല്ലാഭാഗങ്ങളും സമജ്ജസമായി വളരുമ്പോഴാണല്ലോ വളർച്ച യെന്നു പറയുന്നത് അല്ലെങ്കിൽ അത് രോഗമായി മാറും. സമുദായ സംഘടനകളെന്ന നിലയിൽ സമുദായത്തെക്കുറിച്ചും സഭയുമായുള്ള ബന്ധത്തെക്കുറിച്ചും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുളള വ്യക്തതകൾ നാം മനസ്സിൽ സൂക്ഷിക്കണം. ചരിത്രമൊക്കെ പലരും മാറ്റിയെഴുതുന്ന കാലമാണ്.  തത്ക്കാലത്തെ ആവശ്യത്തിനുവേണ്ടി പലരും ഇപ്രകാരം ചരിത്രത്തെ വളച്ചൊടിക്കുമ്പോൾ അത് എന്നേക്കും നിലനിൽക്കുന്നതല്ലെന്ന് നാം മനസ്സിലാക്കണം. അതിന് നാം ഇരയാകരുത്. ഇക്കാര്യത്തിൽ സമുദായ സംഘടനകളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ.് തുടർന്നു കൂടുതൽ ജാഗ്രത പുലർത്തണം.

യുവജനങ്ങളെ ക്‌നാനായ സമുദായത്തിന്റെ പൈതൃകത്തിലും പാരമ്പര്യത്തിലും മുന്നോട്ടു കൊണ്ടുപോകുക, അവർക്ക് ക്‌നാനായ സമുദായത്തോടുള്ള സ്‌നേഹവും ക്‌നാനായ സമുദായാംഗമായതിലുള്ള അഭിമാനവും വളർത്തിയെടുക്കുക, ക്‌നാനായ സമുദായ പാരമ്പര്യം ഏറ്റുവാങ്ങി  വരും തലമുറയ്ക്ക് പകർന്നുകൊടുക്കുക ഇതാണ് നമ്മുടെ ലക്ഷ്യം. ഇതിന് മുന്ന് സമുദായസംഘടനകളും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകണം. കൂട്ടായ്മയിലൂടെ യുവജനങ്ങളെ വളർത്തിയെടുക്കുവാൻ പ്രത്യേകം പരിശ്രമിക്കണം. എങ്കിലേ നമുക്ക് സമാധാനമായിട്ടും സന്തോഷമായിട്ടും ജീവിക്കാൻ സാധിക്കുകയുള്ളൂ. പൊതുസമൂഹത്തിൽ സന്തോഷവും സമാധാനവും നിലനിർത്തുവാൻ നാം ജാഗ്രതയോടെ പ്രവർത്തിക്കേണ്ടത് വളരെ ആവശ്യമാണ്.

നമമുടെ നാടിന് പ്രാദേശികതലം മുതൽ നല്ല നേതൃത്വം കൊടുക്കാൻ പറ്റുന്ന ആളുകളെ ലഭിക്കാൻ നാം പരിശ്രമിക്കണം. വിശുദ്ധ കുർബ്ബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ നല്ല നേതാക്കളെ ലഭിക്കാൻ നാം പ്രാർത്ഥിക്കണം. ദൈവം ആഗ്രഹിക്കുന്ന വ്യക്തികൾ നല്ല നേതൃത്വംകൊടുക്കുമ്പോൾ നന്മകൾ ഉണ്ടാകും. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിലേക്ക് ധാരാളം ആളുകൾ പ്രത്യേകിച്ച് വനിതകൾ കടന്നുവരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അവരെ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സഹകരണം നൽകുകയും വേണം. ‘മാലാഖമാർ കയറിച്ചെല്ലാൻ മടിക്കും ഇടങ്ങളിൽ പാപത്തിൻ മുഖം മൂടിയുമായി പാഞ്ഞുവരും ചെകുത്താന്മാർ’ എന്ന പഴയ ഈരടി ഈ അവസരത്തിൽ ഓർക്കണം. നല്ലവർ മാറി നിന്നാൽ അവിടെ തിന്മ വർദ്ധിക്കുകയും എല്ലാവർക്കും പ്രശ്‌നമുണ്ടാകുകയും ചെയ്യും.  പൊതുസമൂഹത്തിൽ നന്മയുള്ള നല്ല വ്യക്തികൾ നേതാക്കളായി വന്നാൽ സമൂഹത്തിന് വലിയ വളർച്ചയുണ്ടാകും. നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് വളരെ അത്യാവശ്യമാണ്. പൊതുസമൂഹത്തെയും നന്മയുടെ പാതയിൽ ദൈവരാജ്യത്തിലേക്ക് നയിക്കുകയെന്നതാണ് ക്രൈസ്തവ ധർമ്മം. അത് ഏതെല്ലാം തരത്തിൽ സാധിക്കുമോ അതിനെല്ലാം നാം പരിശ്രമിക്കണം. പൊതുസമൂഹത്തിന് നൽകുന്ന വലിയ സംഭാവനകളിലൂടെയാണ് ക്‌നാനായ സമുദായം ഇന്നും പൊതുസമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതെന്ന കാര്യം വിസ്മരിക്കരുത്.

കോവിഡ് വന്നതിനുശേഷം ഇടവകയുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്ന് നമുക്കറിയാം. ഇടവകകളിൽ ലഭ്യമാക്കിയിട്ടുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട്  ആദ്ധ്യാത്മിക ജീവിതം പുഷ്ടിപ്പെടുത്തി മുൻപോട്ടുകൊണ്ടുപൊകുവാൻ പരിശ്രമിക്കണം. കുടുംബങ്ങളിൽ കൂടുതൽ ഊന്നൽ കൊടുക്കേണ്ട സമയമാണ് ഇത്.  മാതാപിതാക്കളും മക്കളും ചേർന്ന് ക്രൈസ്തവവിശ്വാസം അതിന്റെ നിറവിൽ മുൻപോട്ടു കൊണ്ടുപോകുവാൻ  ശ്രദ്ധിക്കണം. നേരത്തെ ഉണ്ടായിരുന്ന സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് നമ്മുടെ വിശ്വാസത്തിനോ പ്രാർത്ഥനാ ജീവിതത്തിനോ യാതൊരു വീഴ്ചയും വരുത്താതിരിക്കാൻ പരമാവധി പരിശ്രമിക്കണം. മാതാപിതാക്കളുടെ നിരന്തരമായ ശ്രദ്ധയും ജാഗ്രതയും മക്കളുടെമേൽ ഉണ്ടാകണം. അവർക്ക് സ്വാതന്ത്ര്യം നൽകരുതെന്നല്ല, മറിച്ച് മക്കൾ വഴിമാറിപ്പോകാതെ അവരെ മാതാപിതാക്കളുടെ സംരക്ഷണവലയത്തിൽ സൂക്ഷിക്കണം. ആകർഷണങ്ങളിൽപ്പെട്ട് അബദ്ധസഞ്ചാരങ്ങളിൽ വീഴാതെ സൂക്ഷിക്കണം. നമ്മുടെ മക്കൾ നഷ്ടപ്പെട്ടുപോകാതെ നോക്കണം.

ക്‌നാനായ സമുദായം അതിന്റെ പൈതൃകം മുമ്പോട്ടു കൊണ്ടുപോകുവാൻ പരിപാലിച്ചു പോരുന്ന സ്വവംശവിവാഹനിഷ്ഠ കാത്തുപരിപാലിക്കുവാൻ മാതാപിതാക്കളും യൂവജനങ്ങളും ഏറെ ശ്രദ്ധിക്കണം. നമ്മുടെ ഈ പാരമ്പര്യമാണ് നമ്മളെ ഇന്നുകാണുന്ന അവസ്ഥയിലേക്ക് വളർത്തിയതെന്ന് യുവജനങ്ങൾ ഓർക്കണം. താൽക്കാലികമായ തോന്നാവുന്ന കാര്യങ്ങളിൽ വീണ് നമ്മുടെ പൈതൃകം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. സ്വവംശ വിവാഹനിഷ്ഠയിലൂടെ ക്‌നാനായ സമുദായത്തിന്റെ നന്മകൾ വരുംതലമുറയ്ക്ക് കൊടുക്കുവാനുള്ള നിശ്ചയം നമുക്കുണ്ടാകണം. ഇക്കാര്യത്തിൽ കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എൽ സംഘടനകളുടെ കൂട്ടായ പരിശ്രമങ്ങളും യത്‌നങ്ങളും ആവശ്യമാണ്. ഇക്കാര്യത്തിൽ എവിടെയെങ്കിലുമൊക്കെ വീഴ്ചകൾ ഉണ്ടാകുന്നെങ്കിൽ അവിടെയൊക്കെ നാം സഹായമായി എത്തണം.

സാമൂഹ്യ ജീവിതത്തിലുള്ള നമ്മുടെ പങ്കാളിത്തവും പ്രധാനപ്പെട്ട കാര്യമാണ്. നമ്മൾ ഈ നാട്ടിലേക്കു വന്നതുതന്നെ മിഷൻ ചൈതന്യത്താൽ പ്രേരിതരായാണ്. സുവിശേഷ പ്രഘോഷണം എന്നു പറയുന്നത് ദൂരദേശങ്ങളിൽ പോയി സുവിശേഷം പ്രഘോഷിക്കുന്നതുമാത്രമല്ല നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളിലൂടെയാണ് സുവിശേഷത്തിന്റെ വെളിച്ചം പ്രഘോഷിക്കേണ്ടത്. എന്നെക്കാണുന്നവൻ ക്രിസ്തുവിനെ കാണണം, സുവിശേഷ മൂല്യങ്ങൾ ഗ്രഹിക്കണം, സുവിശേഷങ്ങളിലേക്ക് ആകർഷിക്കപ്പെടണം. അങ്ങനെ ഞാനാണ് അഞ്ചാമത്തെ സുവിശേഷം എന്നുള്ള ബോദ്ധ്യം നമുക്കുണ്ടാകണം.  കോവിഡ് പശ്ചാത്തലത്തിൽ നാം ചെയ്യുന്ന കാര്യങ്ങളിലെല്ലാം സുവിശേഷ സാന്നിദ്ധ്യമാകാൻ നാം ഓരോരുത്തരും പരിശ്രമിക്കണം.

ദൈവം അതിരൂപതയ്ക്ക് നൽകുന്ന വളർച്ചയ്ക്ക് നമുക്ക് അവിടുത്തോട് നന്ദിപറയാം. നമുക്ക് പുതിയസഹായമെത്രാനെ പരിശുദ്ധ സിംഹാസനത്തിൽ നിന്നും അനുവദിച്ചു ലഭിച്ചിരിക്കുകയാണ്. നിരന്തര പരിശ്രമത്തിലൂടെയും സീറോമലബാർ സിനഡിന്റെയും സീറോ മലങ്കര സിനഡിന്റെയും സഹകരണത്തിന്റെയും ഫലമായാണ് ഇത് ലഭിച്ചത്. നമ്മുടെ തനിമയും അനന്യതയും നിലനിർത്തിക്കൊണ്ട്  മറ്റുള്ളവരുമായി സഹകരിച്ചാണ് ഇപ്രകാരം വളർച്ചയുടെ പടവുകൾ കയറുന്നതെന്ന കാര്യം നാം ഓർക്കണം.  ദൈവമാണ് നമ്മുടെ ആശ്രയം. നമുക്ക് ആവശ്യമുള്ളതെല്ലാം അവിടുന്ന് തരും.  ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന കഴിവുകൾ താലന്തുകൾ പോലെ വർദ്ധിപ്പിച്ച് അവരവർക്കും കുടുംബത്തിനും സമുദായത്തിനും പൊതുസമൂഹത്തിനും അനുഗ്രഹമായി തീരുവാൻ കഴിയട്ടെ.

Golden Jubilee Celebrations
Micro Website Launching Ceremony