കോട്ടയം അതിരൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ഉദ്‌ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്‌ബിഷപ്പ് എമിരറ്റൂസ് മാര്‍ ജോസഫ് പൗവ്വത്തില്‍ നിര്‍വ്വഹിച്ചു. സഭയുടെ സമസ്‌ത മേഖലകളിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന ദര്‍ശനങ്ങളും ആശയങ്ങളും രൂപീകരിക്കുവാന്‍ അസ്സംബ്ലി വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്‌തവ വിശ്വാസത്തെ പരിപോക്ഷിപ്പിക്കുവാനും മാനുഷിക മൂല്യങ്ങളില്‍ അടിയുറച്ച് വളരുവാനും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യൂ മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അതിരൂപതയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നുചേര്‍ന്ന് ചിന്തിക്കുവാനും വിചിന്തനം ചെയ്യുവാനും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനും അസ്സംബ്ലിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ സമൂഹത്തിന്റെ സമസ്‌ത മേഖലകളിലുമുള്ള വളര്‍ച്ചയ്‌ക്കുതകുന്ന കാര്യങ്ങള്‍ അസംബ്‌ളിയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ക്‌നാനായ യാക്കോബായ ഭദ്രാസന അദ്ധ്യക്ഷന്‍ കുര്യാക്കോസ് മോര്‍ സെവേറിയൂസ് അനുഗ്രഹ പ്രഭാഷണം നടത്തി. തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ ക്‌നാനായ സമൂഹത്തിന് വളരുവാന്‍ സാധിക്കട്ടെയെന്നും അതിരൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയായി മാറുവാന്‍ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതാ പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ് ആനിമൂട്ടില്‍, ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്തറ ഫാ. തോമസ് കുരിശുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
സാര്‍വ്വത്രിക സഭയുടെ നിര്‍ദ്ദേശങ്ങളുടെയും സീറോ മലബാര്‍ സഭയുടെ പൈതൃകത്തിന്റെയും അടിസ്ഥാനത്തില്‍ സമ്മേളിക്കുന്ന അസംബ്ലിയില്‍ ഐക്യത്തിലും ശുശ്രൂഷയിലും വിശ്വാസ വെളിച്ചത്തിലേയ്‌ക്ക് എന്ന വിഷയമാണ് പ്രമേയമായി എടുത്തിരിക്കുന്നത്. ക്‌നാനായ സമൂഹത്തിന്റെ വളര്‍ച്ച, വിശ്വാസ പരിപോഷണം, മിഷ്‌ണറി പ്രവര്‍ത്തനങ്ങള്‍, കുടുംബ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യപ്പെടും. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അസംബ്ലിയില്‍ വൈദികരും സന്ന്യസ്‌തരും അല്‌മായരും ഉള്‍പ്പെടെ നൂറ്റമ്പതോളം പേര്‍ പങ്കെടുക്കുന്നുണ്ട്. സെപ്‌റ്റംബര്‍ 12 ന് അസംബ്ലി സമാപിക്കും.
Related articles
3. മലബാര്‍ മേഖല കേന്ദ്രമാക്കി ക്‌നാനായ രൂപതയുടെ രൂപീകരണം അനിവാര്യമാണെന്ന് കോട്ടയം അതിരൂപത അസംബ്ലി