9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Mar Njaralakatt Installed as Archbishop of Tellicherry

  • October 30, 2014

ഭക്തജനസാഗരത്തെ സാക്ഷിയാക്കി മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌ തലശേരി അതിരൂപതയുടെ രണ്‌ടാമത്തെ ആര്‍ച്ച്‌ബിഷപ്പായി സ്ഥാനമേറ്റു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ച്‌ അതിരൂപതാഭരണം ഔദ്യോഗികമായി പുതിയ മെത്രാപ്പോലീത്തയെ ഏല്‍പ്പിച്ചു. പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിക്കും കാല്‍നൂറ്റാണ്‌ടിലധികം അതിരൂപതയെ നയിച്ച മാര്‍ ജോര്‍ജ്‌ വലിയമറ്റത്തിനും പിന്‍ഗാമിയായി മാര്‍ ഞരളക്കാട്ട്‌ ഇനി തലശേരി അതിരൂപതയെ നയിക്കും.

മാണ്ഡ്യ രൂപതാ മെത്രാന്‍ സ്ഥാനത്തുനിന്നാണ്‌ അറുപത്തിയെട്ടുകാരനായ പുതിയ മെത്രാപ്പോലീത്ത അഞ്ചു സാമന്ത രൂപതകളുള്ള തലശേരി അതിരൂപതയുടെ അധ്യക്ഷനാകുന്നത്‌. സെന്റ്‌ ജോസഫ്‌സ്‌ കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലും തുടര്‍ന്നു സ്ഥാനമൊഴിയുന്ന മാര്‍ വലിയമറ്റത്തിനു നല്‍കിയ യാത്രയയപ്പ്‌ സമ്മേളനത്തിലും വിശ്വാസി സഹസ്രങ്ങള്‍ക്കു പുറമെ കേരളത്തിലേയും കര്‍ണാടകയിലേയും ബിഷപ്പുമാരും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തു. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും താമരശേരി, മാനന്തവാടി, ബല്‍ത്തങ്ങാടി, ഭദ്രാവതി, മാണ്ഡ്യ എന്നീ സാമന്തരൂപതകളില്‍നിന്നും ചടങ്ങിനു സാക്ഷികളാകാന്‍ ആളുകളെത്തിയിരുന്നു.

സ്ഥാനാരോഹണ ചടങ്ങിനെത്തിയ പിതാക്കന്മാര്‍ക്കു നല്‍കിയ വരവേല്‍പ്പോടെയായിരുന്നു രണ്‌ടു മണിക്കൂര്‍ നീണ്‌ട സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു തുടക്കമായത്‌. മാര്‍ ജോര്‍ജ്‌ വലിയമറ്റം, സിബിസിഐ വൈസ്‌ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച്‌ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സ്ഥാനാരോഹണ ചടങ്ങിനും ദിവ്യബലിക്കും സഹകാര്‍മികരായിരുന്നു. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ ദിവ്യബലി മധ്യേ സന്ദേശം നല്‌കി. തലശേരി അതിരൂപത വികാരിജനറാള്‍ മോണ്‍. ഡോ. ജോണ്‍ ഒറകുണ്‌ടില്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ സീറോമലബാര്‍ സഭ കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ നിയമനപ്രഖ്യാപനം നടത്തി.

പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഉദ്‌ഘാടനം ചെയ്‌തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അധ്യക്ഷത വഹിച്ചു. വൈദിക പ്രതിനിധിയായി രാഷ്ട്രദീപിക ലിമിറ്റഡ്‌ സിഎംഡി മോണ്‍. മാത്യു എം. ചാലില്‍ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ടിനും അല്‌മായപ്രതിനിധിയായി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി മൂലയില്‍ മാര്‍ ജോര്‍ജ്‌ വലിയമറ്റത്തിനും മെമെന്റോ സമ്മാനിച്ചു. മാര്‍ ഞരളക്കാട്ടും മാര്‍ വലിയമറ്റവും മറുപടിപ്രസംഗം നടത്തി.

മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ്‌, കെ.സി. ജോസഫ്‌, കെ.പി. മോഹനന്‍, മാനന്തവാടി ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, എംഎല്‍എമാരായ കോടിയേരി ബാലകൃഷ്‌ണന്‍, സണ്ണി ജോസഫ്‌, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, കോട്ടയം ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ജേക്കബ്‌ തൂങ്കുഴി, ബല്‍ത്തങ്ങാടി ബിഷപ്‌ മാര്‍ ലോറന്‍സ്‌ മുക്കുഴി, താമരശേരി ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍, ബല്‍ഗാം ബിഷപ്‌ ഡോ. പീറ്റര്‍ മച്ചാഡോ, മാര്‍ ജോസഫ്‌ കാരിക്കശേരി, ഭദ്രാവതി ബിഷപ്‌ മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌, കോഴിക്കോട്‌ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍, കണ്ണൂര്‍ ബിഷപ്‌ ഡോ. അലക്‌സ്‌ വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്‌ടാരശേരില്‍,തലശേരി അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോര്‍ജ്‌ കുടിലില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം പോണാട്ട്‌ സ്വാഗതവും ജാഗ്രതാ സമിതി പ്രസിഡന്റ്‌ ജോസ്‌ തയ്യില്‍ നന്ദിയും പറഞ്ഞു.

 

Source: Deepika

Golden Jubilee Celebrations
Micro Website Launching Ceremony