9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Love the Church and Flourish in the Community: Mar Mathew Moolakkatt

  • November 29, 2018

ക്‌നാനായ വനിതകള്‍ ക്‌നാനായ സമൂദായത്തോടുള്ള പ്രതിബദ്ധതയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഈ സമുദായത്തിന് ഏതെങ്കിലും തരത്തിലുള്ള ചാഞ്ചല്യം വരുത്തുവാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത. കെസിഡബ്ലുഎ യുടെ അതിരൂപത വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഭി. പിതാവ്. സഭയോട് ചേര്‍ന്നു നിന്നുകൊണ്ട് സമുദായത്തില്‍ നിലകൊള്ളാനും അഭിമാനം കൊള്ളാനും ചെതന്യായില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പിതാവ് ആഹ്വാനം ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നല്‍കിയ സന്ദേശം താഴെക്കൊടുക്കുന്നു.

ഓരോ ഇടവക സമൂഹത്തിന്റെയും ശക്തി സ്രോതസ്സായി മാറുവാന്‍ കെ.സി.ഡബ്ല്യു.എ യൂണിറ്റുകള്‍ക്ക് സാധിച്ചുവെന്നത് അഭിമാനകരമാണ്. അത് ഓരോ അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ്. നിങ്ങളെ ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഇടവക സമൂഹത്തെ കൂടുതല്‍ വളര്‍ത്തിയെടുക്കുവാന്‍ കൂട്ടായി പരിശ്രമിക്കാം.  ക്‌നാനായ കത്തോലിക്കാ വനിതകളുടെ കൂട്ടായ്മയായ കെ.സി.ഡബ്ല്യു. എ ക്‌നാനായ സമുദായത്തിന്റെ തനതായ പാരമ്പര്യങ്ങളും ആചാരങ്ങളും പൈതൃകങ്ങളും മുറുകെപിടിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ സജീവ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. അതിനാവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും പ്രേരണയും നല്‍കുക, ക്രൈസ്തവ സാക്ഷ്യം നല്‍കുന്നതില്‍ എല്ലാവര്‍ക്കും പ്രചോദനമാകുക ഇതെല്ലാം സംഘടനയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കാര്യങ്ങളാണ്.

സമുദായത്തിന്റെ തുടര്‍ച്ചയില്‍ അമ്മമാരുടെ പങ്ക്
ക്‌നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ വനിതകളുടെ നിശ്ചയദാര്‍ഢ്യവും സമുദായത്തോടുള്ള പ്രതിബദ്ധതയുമാണ് ഈ സമുദായത്തിന്റെ വലിയ ഉള്‍ക്കരുത്ത്. ഓരോ അമ്മമാരും കുടുംബത്തെ ക്‌നാനായ പൈതൃകത്തില്‍ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുന്നതിലൂടെയാണ് നമ്മുടെ സമുദായം വളരുന്നതും പുഷ്ടിപ്രാപിക്കുകയും ചെയ്യുന്നത് എന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ നമ്മുടെ പൈതൃകങ്ങളും ആചാരങ്ങളും ശരിയായി അറിയുവാനും മനസ്സിലാക്കുവാനും പ്രാവര്‍ത്തികമാക്കുവാനും തലമുറയ്ക്ക് ഹൃദ്യമായ രീതിയില്‍ പകര്‍ന്നുകൊടുക്കുവാനും നിങ്ങള്‍ക്ക് കഴിയുന്നു. അഭിമാനബോധത്തോടെയും ആഹ്ലാദത്തോടെയും നമ്മുടെ കുഞ്ഞുങ്ങള്‍ ഈ പൈതൃകങ്ങള്‍ ഏറ്റുവാങ്ങുന്നത് അമ്മമാരുടെ സ്‌നേഹപൂര്‍വ്വമായ സമീപനത്തിലൂടെയാണ്. ക്‌നാനായ വനിതകള്‍ ക്‌നാനായ സമൂദായത്തോടുള്ള പ്രതിബദ്ധതയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഈ സമുദായത്തിന് ഏതെങ്കിലും തരത്തിലുള്ള ചാഞ്ചല്യം വരുത്തുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതിനാല്‍ നിങ്ങളോരോരുത്തരും സമുദായത്തിന്റെ സുന്ദരമായ പാരമ്പര്യങ്ങളും പൈതൃകങ്ങളും നഷ്ടമാക്കാതെ മുമ്പോട്ടു പോകുവാന്‍ ശ്രദ്ധിക്കണം.

KCWA യുടെ ദൗത്യം
നമ്മുടെ സമുദായത്തിന്റെ ഏറ്റവും വലിയ ബലം നാം നിഷ്ഠയോടെ പാലിക്കുന്ന സ്വവംശവിവാഹ രീതിയാണ്. അതിന്റെ കാര്യത്തില്‍ എല്ലാവരും പ്രത്യേകം ജാഗ്രത വേണം. നിങ്ങളെല്ലാവരും ആ മഹത്തായ പാരമ്പര്യത്തിന്റെ ഫലങ്ങളനുഭവിക്കുന്നവരാണെങ്കിലും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു കൂടി അതിന്റെ മഹത്വം പകര്‍ന്നു കൊടുക്കുമ്പോഴാണ് ക്‌നാനായ സമുദായത്തോടുള്ള നിങ്ങളുടെ ചുമതല പൂര്‍ണ്ണമാകുന്നതെന്ന് വിസ്മരിക്കരുത്. അതുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ ഓരോരുത്തരും ക്‌നാനായ സമുദായത്തിന്റെ പൂര്‍വ്വികമായി ലഭിച്ചതും നൂറ്റാണ്ടുകളായി പാലിക്കുന്നതുമായ സ്വവംശവിവാഹ നിഷ്ഠ നിലനിര്‍ത്തിക്കൊണ്ടു പോകുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്താണ് നമ്മുടെ പിതാക്കന്മാര്‍ ഈ വലിയ പ്രതിബദ്ധതയിലൂടെ ഈ സമൂഹത്തിന് നല്‍കിയിട്ടുള്ളതെന്നും അത് എപ്രകാരമാണ് നിങ്ങളോരോരുത്തരും ഏറ്റെടുത്ത് ഈ സമുദായത്തിന് ഒരു കുറവും കൂടാതെ മുന്നോട്ട് കൊണ്ടുപോയത് എന്നും അവര്‍ ചെറുപ്രായം മുതലെ മനസ്സിലാക്കണം. അത് നിര്‍ബന്ധത്തിനു വഴങ്ങിയല്ല, സ്‌നേഹത്തിലൂടെയും ആകര്‍ഷണത്തിലൂടെയും താല്പര്യത്തിലൂടെയുമാണ് വരുന്നത്. അതിന് അമ്മമാരാണ് ചാലകശക്തികളായി വര്‍ത്തിക്കേണ്ടത്. കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതിനാല്‍ നിങ്ങളെല്ലാവരും ഇക്കാര്യത്തില്‍ വ്യക്തമായ ബോദ്ധ്യങ്ങളുള്ളവരും കൂടുതല്‍ താല്പര്യമെടുക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പരിശ്രമത്തിന്റെ നന്മകള്‍ നമ്മുടെ സമുദായത്തില്‍ കാണുവാനുണ്ട്. അത് കൂടുതല്‍ വളര്‍ത്തുവാനായി പരിശ്രമിക്കണം. അങ്ങനെയാണ് സംഘടനയുടെ ലക്ഷ്യം പൂര്‍ണ്ണമാകുന്നത്. നമ്മുടെ സമുദായത്തിലെ ഓരോ കുഞ്ഞും ഈ സ്വവംശ വിവാഹനിഷ്ഠ പാലിച്ചുകൊണ്ട് സമുദായത്തിന്റെ അഭിവൃദ്ധിക്കായി പരിശ്രമിക്കുമ്പോള്‍ അതിനു പിന്നില്‍ അമ്മരുടെ വലിയ ത്യാഗവും പരിശ്രമവും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടെന്നുള്ള കാര്യം ഓര്‍മ്മിക്കണം.

സഭയോടുള്ള ബന്ധം
ഞാന്‍ മുന്തിരി വള്ളിയും നിങ്ങള്‍ ശാഖകളുമാണെന്നുള്ള കര്‍ത്താവിന്റെ വാക്കുകള്‍ നാം വിസ്മരിക്കരുത്. നാമോരോരുത്തരും മിശിഹാ ആകുന്ന മുന്തിരി വള്ളിയുടെ ശാഖകളാണ്. മിശിഹായാകുന്ന ശിരസ്സോട് ചേര്‍ന്നു നില്‍ക്കുന്ന ശരീരമാകുന്ന സഭയുടെ അവയവങ്ങളാണ് നാമോരോരുത്തരും. അതിനാല്‍തന്നെ സഭയോടുള്ള ബന്ധത്തില്‍ നിലനില്‍ക്കുവാന്‍ നമുക്ക് സാധിക്കണം. നാം സഭയിലേക്ക് ദൈവത്താല്‍ സ്വീകരിക്കപ്പെട്ടവരാണ്. ക്‌നാനായ സമുദായത്തില്‍ ജനനം കൊണ്ട് നമ്മള്‍ അംഗങ്ങളായി തീര്‍ന്നുവെങ്കിലും കര്‍ത്താവിന്റെ സഭയില്‍ മാമ്മോദീസായിലൂടെയാണ് നാം അംഗങ്ങളായി തീരുക. അങ്ങനെ മാമ്മോദീസായിലൂടെ നാം സഭയിലെ അംഗങ്ങളായി തീരുമ്പോള്‍ സഭയുടെ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ജീവിക്കുവാനാണ് നാം പരിശ്രമിക്കേമണ്ടത്. സഭയോടുള്ള പ്രതിബദ്ധതയുടെ കാര്യത്തില്‍ നമുക്ക് സംശയമുണ്ടാകരുത്. ഈ അടുത്ത നാളുകളില്‍ സഭയെ മാറ്റിനിര്‍ത്തി സമുദായത്തെ വളര്‍ത്താം എന്നുള്ള രീതികളിലുള്ള ചിന്തകള്‍ പല സമൂഹ മാധ്യമങ്ങള്‍ വഴിയായി കാണുന്നുണ്ട്. അത് അപകടകരമാണ്.

സഭ നമ്മുടെ അമ്മ
നമ്മുടെ പിതാക്കന്മാര്‍ കേരളത്തിലേക്ക് കടന്നുവന്നത് വിശ്വാസത്തിന്റെ ബലത്തിലാണെങ്കില്‍, ആ വിശ്വാസത്തെ മുറുകപ്പിടിച്ചുകൊണ്ടാണ് ജീവിത സാഹചര്യങ്ങളിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ അവര്‍ അഭിമുഖീകരിച്ചതെങ്കില്‍, സഭയോട് ചേര്‍ന്നും സഭയുടെ വിശ്വാസത്തിലും സഭയുടെ കൂട്ടായ്മയിലും മാത്രമേ നമ്മുടേതായ അസ്തിത്വത്തെ ഉറപ്പിച്ച് നിര്‍ത്തി പരിപാലിക്കുവാന്‍ സാധിക്കുകയുള്ളൂ. മുന്തിരി വള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന ശാഖകള്‍ക്ക് മാത്രമേ ഫലം നല്‍കുവാന്‍ സാധിക്കുകയുള്ളൂവെന്ന കര്‍തൃവചനങ്ങള്‍ നാം അനുസ്മരിക്കണം. അതെ, സഭയോട് ചേര്‍ന്നു നില്‍ക്കാന്‍ നാം പരിശ്രമിക്കണം. സഭ നമ്മെ വിശ്വാസത്തില്‍ ഊട്ടി വളര്‍ത്തുന്ന നമ്മുടെ അമ്മയാണ്. ആ അമ്മയുടെ തണലിലാണ് മക്കളായ നമ്മള്‍ വളരേണ്ടത്. ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്നു പറഞ്ഞുകൊണ്ടാണ് പരിശുദ്ധ അമ്മ രക്ഷാകര ദൗത്യത്തില്‍ പങ്കാളിയായത്. അതുപോലെ നാമെല്ലാവരും ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്നു പറഞ്ഞുകൊണ്ട് സഭയോട് ചേര്‍ന്നു നില്‍ക്കണം.

സഭയിലെ നിയമവും സംരക്ഷണവും
ധൂര്‍ത്ത പുത്രന്റെ ഉപമയില്‍ പറയുന്നതുപോലെ ചില അവസരങ്ങളില്‍ മാതാപിതാക്കളെ സ്വാതന്ത്ര്യത്തിന്റെ വിഘാതമായി കാണുന്ന മക്കളുണ്ട്. അതവരുടെ അറിവില്ലായ്മ കൊണ്ടാണ്. അങ്ങനെ മുമ്പോട്ടുപോയാല്‍ അപകടത്തില്‍ ചാടുമെന്ന് നമുക്കറിയാം. പ്രിയമുള്ളവരെ സഭയാകുന്ന അമ്മയോട് ചേര്‍ന്നുനിന്നുകൊണ്ട് സഭയുടെ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് സഭയുടെ പ്രബോധനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് വിശ്വാസത്തെ മുറുകെപ്പിടിച്ച് വിശ്വാസത്തില്‍ വളര്‍ന്നുവരാന്‍ തയ്യാറായില്ലായെങ്കില്‍ ധൂര്‍ത്തപുത്രനെപ്പോലെ അകന്നുപോകാനും അതുവഴി നാശത്തിലേക്കു വഴുതിവീഴാനുമുള്ള സാധ്യത എത്ര വലുതാണെന്ന് നാം ചിന്തിക്കണം. എന്നും സഭാമാതാവിന്റെ സംരക്ഷണയിലും സ്‌നേഹത്തിലും വിശ്വാസത്തിലും വളരുവാന്‍ നാം ശ്രദ്ധിക്കണം. എന്താണതിന്റെ പ്രത്യേകത? സഭയോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ നാം അനുഭവിക്കുന്നത് ദൈവമക്കളുടെ സ്വാതന്ത്ര്യമാണ്. ലോകത്തില്‍ മറ്റാര്‍ക്കും തരാന്‍ കഴിയാത്ത ദൈവമക്കളുടെ സ്വാതന്ത്ര്യമാണ് നമ്മെ വിജയത്തിലേക്ക് നയിക്കുന്നത്. ഒരമ്മയോട് ചേര്‍ന്നു നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെ അമ്മയില്‍ നിന്നും ദൂരെയകറ്റുവാനും കണ്ണെത്താദൂരത്താകുമ്പോള്‍ കൊന്നുഭക്ഷിക്കുകയും ചെയ്യുന്ന ചെന്നായ്ക്കളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ അമ്മയോട് സ്‌നേഹമുള്ള മക്കള്‍ അമ്മയുടെ ചുറ്റുവട്ടത്തുനിന്നും മാറാതെ അമ്മയോട് ചേര്‍ന്നു നില്‍ക്കും. അമ്മയാകട്ടെ, ഏതു തരത്തിലുള്ള ശത്രുവന്നാലും അവരെ തുരത്തി ഓടിക്കുകയും തന്റെ മക്കളെ തന്നോട് ചേര്‍ത്തുനിര്‍ത്തുകയും ചെയ്യും. കര്‍ത്താവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, പിടക്കോഴി കുഞ്ഞുങ്ങളെ തന്റെ ചിറകിന്‍ കീഴില്‍ ചേര്‍ത്തു നിര്‍ത്തുന്നതുപോലെയാണ് സഭ നമ്മെ മിശിഹായുടെ സ്‌നേഹത്തിന്റെ ചിറകിന്‍ കീഴില്‍ ചേര്‍ത്തു നിര്‍ത്തി പരിപാലിക്കുന്നത്.

സഭയോട് ചേര്‍ന്ന് നില്‍ക്കുന്നത് അടിമത്വമല്ല സ്വാതന്ത്ര്യമാണ്
നമ്മുടെ ജീവിതമെന്നത് മിശിഹായോട് ചേര്‍ന്ന് അവന്റെ സഭയോട് ചേര്‍ന്നുനിന്നുള്ള ജീവിതമാണ്. അതിലൂടെയാണ് ജീവിതം വളരുന്നതും പുഷ്ടി പ്രാപിക്കുന്നതും. ലോകത്തിന്റെ നാനാഭാഗത്തേക്കും കടന്നുപോകുന്ന എല്ലാ ക്‌നാനായ മക്കളും ഈ യാഥാര്‍ത്ഥ്യം ഗ്രഹിച്ചുകൊണ്ടാണ് സഭയുടെ കൂട്ടായ്മയില്‍ എപ്പോഴും ചേര്‍ന്നു നില്‍ക്കുവാനായിട്ട് പരിശ്രമിക്കുന്നത്. ചില ആളുകള്‍ ഇത് അടിമത്തമായി മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ അറിവില്ലായ്മയാണ്. അത് തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കണം. സഭയോട് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് സഭയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് സഭയോടുളള കൂട്ടായ്മയാണ് യഥാര്‍ത്ഥമായ സ്വാതന്ത്യവും യഥാര്‍ത്ഥമായ വിമോചനവുമെന്ന് നമ്മുടെ മക്കളോട് പറയാന്‍ നമുക്ക് സാധിക്കണം.

 ചെടിയെ നശിപ്പിക്കുന്ന ഇത്തിള്‍ക്കണ്ണികള്‍
സഭയിലൂടെയാണ് ദൈവം നമ്മെ സ്വര്‍ഗ്ഗരാജ്യത്തിന്റെ അവകാശികളായി തന്നോട് ചേര്‍ത്തു നിര്‍ത്തുന്നത്. അവനില്‍ നിന്ന്, ആ മുന്തിരി വള്ളിയില്‍ നിന്നും പുറപ്പെടുന്ന ജീവരസം നമ്മിലേക്ക് പ്രവഹിക്കുന്നത് അവന്റെ ശരീരമാകുന്ന സഭയിലൂടെയാണ് എന്നുള്ള കാര്യം ഒരിക്കലും വിസ്മരിക്കരുത്. നമ്മുടെ സമുദായത്തിന്റെ പൈതൃകങ്ങളും പാരമ്പര്യങ്ങളും നിലനിര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും സഭയുമായുള്ള ബന്ധം അനിവാര്യമാണ്, അത്യാവശ്യമാണ്. സഭയില്‍ നിന്നകന്നാല്‍ ഇത്തിള്‍കണ്ണികള്‍ അത് വസിക്കുന്ന ചെടിയെ നശിപ്പിക്കുന്നതുപോലെ നമ്മെ നശിപ്പിക്കാന്‍ ചിലരൊക്കെ പരിശ്രമിക്കുന്നുണ്ട്. നാമൊരിക്കലും അതിന് വിധേയരാകരുത്. സഭയോട് ചേര്‍ന്ന് സഭയുടെ സ്‌നേഹവും പരിലാളനയും ആസ്വദിച്ച് സഭയുടെ വിശ്വസ്തതയുള്ള മക്കളായി ‘ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി. അങ്ങേ തിരുഹിതം എന്നില്‍ നിറവേറട്ടെ’ എന്നു പറഞ്ഞുകൊണ്ട് ജീവിക്കുവാന്‍ നമുക്ക് സാധിക്കണം. എങ്കില്‍ തീര്‍ച്ചയായും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. ക്‌നാനായ സമുദായം നൂറ്റാണ്ടുകളായി സഭയുടെ ചിറകിന്‍ കീഴില്‍ വളരെയേറെ വിശ്വസ്തതയോടും സ്‌നേഹത്തോടും കൂടെ വര്‍ത്തിച്ച് വളര്‍ന്നുവെങ്കില്‍ ഇനി മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും അതു തന്നെയാണ് അനിവാര്യം. ഇനി അകന്നാല്‍ അമ്മക്കോഴിയുടെ ചിറകിന്‍ കീഴില്‍ നിന്നും അകന്നു നില്‍ക്കുന്ന കുഞ്ഞിനെപ്പോലെ ഏതു നിമിഷവും റാഞ്ചിയെടുക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് നമ്മള്‍ ഓര്‍ത്തിരിക്കുക. അങ്ങനെ സംഭവിക്കാതിരിക്കാന്‍ സഭയോട് ചേര്‍ന്നു നില്‍ക്കുവാന്‍, സഭയുടെ കൂട്ടായ്മയില്‍ ഒന്നിച്ചു നില്‍ക്കുവാന്‍ സഭയുടെ സ്‌നേഹത്തിന്റെ തണലില്‍ വളര്‍ന്നു പന്തലിക്കുവാന്‍ ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ നാമോരോരുത്തരും പരിശ്രമിക്കണം.

യുവജനങ്ങളാണ് ശക്തി
നമ്മുടെ സമുദായത്തിന്റെ ശക്തിയെന്നത് നമ്മുടെ യുവജനങ്ങളാണ്. അവരെ നന്മയില്‍ വളര്‍ത്തുകയും സമുദായ ബോധത്തിലും സഭാവിശ്വാസത്തിലും പരിപോഷിപ്പിക്കുകയും ചെയ്താല്‍ മാത്രമേ നമ്മുടെ അദ്ധ്വാനങ്ങള്‍ ഫലമണിഞ്ഞു എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. യുവജനങ്ങളെ അനുധാവനം ചെയ്യുന്ന കാര്യത്തില്‍ വലിയ പുരോഗതി അടുത്ത നാളുകളിലുണ്ടായിട്ടുണ്ടെന്നുള്ളത് സന്തോഷകരമാണ്. കെ.സി.സിയും കെ.സി.ഡബ്ല്യു.എയും യുവജന സംഘടനയായ കെ.സി.വൈ.എലിനോട് ചേര്‍ന്ന് അവരുടെ വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധയും താല്പര്യവും കാണിക്കുന്നുവെന്നതും അവര്‍ക്ക് മാര്‍ഗ്ഗദീപമായി നിലകൊളളുകയും ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്.

റോമില്‍ നടന്ന യുവജന സിനഡ് ആവശ്യപ്പെട്ടത്, നാം യുവജനങ്ങളെ അനുധാവനം ചെയ്യണമെന്നാണ്. യുവജനങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്. കാഴ്ചപ്പാടുകളും ആശയങ്ങളും വീക്ഷണങ്ങളുമുണ്ട്. ആ കാഴ്ചപ്പാടുകളെ ഗ്രഹിച്ചുകൊണ്ട് അവര്‍ക്ക് ക്‌നാനായ പൈതൃകത്തിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും വെളിച്ചം തെളിച്ചു കൊടുത്തുകൊണ്ട് നാം അവരോടൊപ്പം യാത്ര ചെയ്യണം. അത് പ്രധാനപ്പെട്ട കാര്യമാണ്. എങ്കില്‍ മാത്രമെ നമ്മുടെ സമുദായം ശക്തിപ്പെടുകയുള്ളൂ.
ആയതിനാല്‍
ക്‌നാനായ സമുദായത്തിലെ യുവജനങ്ങള്‍ എല്ലാവരെയും കൂട്ടായ്മയുടെ മാധുര്യം പകര്‍ന്നുകൊടുത്ത് വളര്‍ത്തുവാനും അവരുടെ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ ചക്രവാള സീമകള്‍ വലുതാക്കി കൊടുക്കുവാനും നമുക്ക് സാധിക്കണം. അപ്പോള്‍ തീര്‍ച്ചയായും അവര്‍ സമുദായത്തോട് സ്‌നേഹവും കൃതജ്ഞതയുമുള്ളവരായിരിക്കുമെന്ന് മാത്രമല്ല, നാം മുന്നോട്ട് വയ്ക്കുന്ന സാമൂദായിക പൈതൃകമേറ്റുവാങ്ങിക്കൊണ്ട് ജ്വലിപ്പിക്കുവാനുള്ള ശക്തിയും കഴിവും അവര്‍ക്ക് നേടുവാനും സാധിക്കും. അതുകൊണ്ട്, നമ്മുടെ സമുദായത്തിലെ അമ്മമാരുടെ സംഘടനയെന്ന നിലയില്‍ നമ്മുടെ യുവജനങ്ങളെ കത്തോലിക്കാ വിശ്വാസത്തിലും ക്‌നാനായ പൈതൃകത്തിലും വളര്‍ത്തുവാനും അവരോടൊത്ത് അനുയാത്ര ചെയ്യുവാനും നമുക്ക് പരിശ്രമിക്കാം.

Golden Jubilee Celebrations
Micro Website Launching Ceremony