നീറിക്കാട്ടുള്ള ക്‌നാനായ മക്കളുടെ പൂര്‍വ്വികര്‍ പുന്നത്തുറ പഴയ പള്ളി ഇടവകക്കാരായിരുന്നു. തുടര്‍ന്ന് പേരൂരില്‍ പുതിയ ഇടവക തുടങ്ങിയപ്പോള്‍ നീറുക്കാട്ടുകാര്‍ പേരൂര്‍ ഇടവകക്കാരായി. എന്നാല്‍ യാത്രാസൗകര്യം ഇല്ലാതിരുന്ന കാലത്ത് മീനച്ചിലാര്‍ കടന്ന് പേരൂര്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ബുദ്ധിമുട്ട് അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിനെബോദ്ധ്യപ്പെടുത്തുകയും ഇടവകയ്‌ക്കുവേണ്ടി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തു. പള്ളിക്കുവേണ്ടി തറത്തട്ടേല്‍ ശ്രീ ഉമക്കാണ്ട ചാക്കോ തേവലക്കാട്ട് പുരയിടം യാതൊരു പ്രതിഫലവും കൂടാതെ അഭിവന്ദ്യ പിതാവിന്റെ പേരില്‍ എഴുതി കൊടുത്തത് പള്ളിപണി ദ്രുതഗതിയിലാക്കി. ഇന്നാട്ടുകാരുടെ `തേവലക്കാട്ടമ്മയ്‌ക്കായി’ 1915 ല്‍ പിതാവ് പള്ളിക്കു തറക്കല്ലിടുകയും ലൂര്‍ദില്‍ നിന്നും കൊണ്ടുവന്ന പരി. ലൂര്‍ദ് മാതാവിന്റെ തിരുസ്വരൂപം സ്ഥാപിച്ച് ഇടവക മാതാവിനു സമര്‍പ്പിക്കുകയും ചെയ്‌തു. പുന്നത്തുറ വെള്ളാപ്പള്ളി ഇടവകാംഗമായ ഇല്ലത്തുപറമ്പില്‍ തോമസ്, കല്ലാപ്പുറം പുരയിടം പള്ളിക്കു ദാനമായി തന്നു.
1946 ല്‍ വികാരി ആയി വന്ന പതിയില്‍ ബ. ഫിലിപ്പച്ചനാണ് ഇന്നത്തെ മനോഹരമായ ദേവാലയം പണികഴിപ്പിച്ചത്. 1964 ല്‍ വികാരിയായിരുന്ന മങ്ങച്ചാലില്‍ ബ. കുര്യാക്കോസ് അച്ചനാണ് പള്ളിയോട് ചേര്‍ന്നുള്ള മനോഹരമായ ഗ്രോട്ടോ പണികഴിപ്പിച്ചത്. 1975 ല്‍ സെന്റ് ജോസഫ് കോണ്‍വെന്റിന്റെ മഠം ഇവിടെ സ്ഥാപിതമായി. നീറിക്കാട്, തിരുവഞ്ചൂര്‍ , അമയന്നൂര്‍ , ആറുമാനൂര്‍ എന്നീ കരകളിലെ 245 കുടുംബങ്ങള്‍ ഇടവകക്കാരായുണ്ട്.