കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1905-ല്‍ ആരംഭിച്ച് 1928 മുതല്‍ ഇടയ്‌ക്കാട്ടുപള്ളിയുടെ കുരിശുപള്ളിയായി പ്രവര്‍ത്തിച്ച് 1948 മുതല്‍ ഇടവകപ്പള്ളിയായി ഉയര്‍ത്തപ്പെട്ട ദേവാലയമാണ് സംക്രാന്തി പള്ളി. കോട്ടയം രൂപതയുടെ രേഖകളില്‍ കുമാരനല്ലൂര്‍ പള്ളി എന്നാണ് ആദ്യകാലത്ത് രേഖപ്പെടുത്തിയിരുന്നത്. 251 ഇടവകക്കാരുള്ള ഈ ദേവാലയത്തിന്റെ ആരംഭം പതിനാല് കുടുംബക്കാര്‍ അംഗങ്ങളായിരുന്ന ഒരു കുടുംബയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. പെരുമ്പായിക്കാട് ക്‌നാനായ സമാജമെന്നും മാസക്കൂട്ടമെന്നും ഈ കുടുംബയോഗം അറിയപ്പെട്ടിരുന്നു. ഈ കുടുംബയോഗത്തിലെ അംഗങ്ങളായിരുന്ന 14 കാരണവന്മാരാണ് ഈ ഇടവകയ്‌ക്കുവേണ്ടി ശ്രമം ആരംഭിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ തന്നെ കുമാരനല്ലൂരിനടുത്ത നീലിമംഗലം പ്രദേശത്ത് ക്‌നാനായക്കാരുടെ അധിവാസം ആരംഭിച്ചു. സംക്രാന്തി-കുമാരനല്ലൂര്‍ പ്രദേശത്ത് വസിച്ചിരുന്ന ക്‌നാനായക്കാരുടെ ഇടവകപ്പള്ളി ഇടയ്‌ക്കാട്ടുപള്ളിയായിരുന്നു. എങ്കിലും വിവാഹം, മൃതസംസ്‌ക്കാരം എന്നിവയൊഴിച്ച് മറ്റ് ആത്മീയ കാര്യങ്ങളെല്ലാം അവര്‍ കുടമാളൂര്‍ , തെള്ളകം പള്ളികളിലാണ് നിര്‍വഹിച്ചിരുന്നത്.
1918 ല്‍ സംക്രാന്തി- നീലിമംഗലം പ്രദേശത്ത് ഇടയ്‌ക്കാട്ടുപള്ളി ഇടവകക്കാരുടെ മാസക്കൂട്ടം ആരംഭിച്ചു. നേരത്തേ പ്രവര്‍ത്തിച്ചുവന്നിരുന്നതും എന്നാല്‍ ഇടക്കാലത്തു നിന്നുപോയതുമായ കളരി പുനസ്ഥാപിക്കുന്നതിനും ഒരു പള്ളി പണിയുന്നതിനും അവര്‍ തീരുമാനിച്ചു. പൂഴിക്കുന്നേല്‍ മാണി, പൂഴിക്കുന്നേല്‍ തൊമ്മന്‍ ചുമ്മാര്‍ ട്രഷററുമായിരുന്നു. 1921 ല്‍ പൂഴിക്കുന്നേല്‍ ചെങ്കോറ്റായില്‍ ഉതുപ്പുണ്ണി ചുമ്മാര് തന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് സ്ഥലം പള്ളി പണിയുന്നതിന് ദാനമായി നല്‌കാമെന്ന് സമ്മതിച്ചു. പൂഴിക്കുന്നേല്‍ മാണി മത്തന്‍ മൂന്നുസെന്റ് സ്ഥലം സെമിത്തേരിക്കും ദാനമായി നല്‌കി. വസ്‌തുക്കള്‍ , ട്രഷററായിരുന്ന പൂഴിക്കുന്നേല്‍ തൊമ്മന്‍ ചുമ്മാറിന്റെ പേരില്‍ എഴുതി വാങ്ങുകയും ചെയ്‌തു.
ചൂളപ്പറമ്പില്‍ തിരുമേനിയുടെ ശ്രമഫലമായി സംക്രാന്തിയില്‍ സ്‌കൂള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചു. തുടര്‍ന്ന് പള്ളിയുടെ മാത്യകയില്‍ കെട്ടിടം പണിയുവാന്‍ ആരംഭിച്ചു. 1928 ജൂലൈ 16ന് പള്ളി പണി പൂര്‍ത്തിയായി. 1931 ല്‍ കൂനനാനിക്കല്‍ തൊമ്മന്‍ ചുമ്മാറിന്റെ പേരില്‍ കിടന്നിരുന്ന പള്ളിവക വസ്‌തുക്കള്‍ അന്നത്തെ തിരുഹൃദയസമൂഹം സൂപ്പീരിയറായിരുന്ന ഫാ. കുര്യാക്കോസ് കുഴിമുള്ളിലിന്റെ പേര്‍ക്ക് തീറെഴുതികൊടുത്തു. ആദ്യകാലത്ത് തിരുഹൃദയദാസ സമൂഹത്തിലെ വൈദികനായിരുന്നു പള്ളിയില്‍ വന്ന് കുര്‍ബ്ബാനയര്‍പ്പിച്ചിരുന്നത്. 1948 ഓഗസ്റ്റ് 15 ന് കുമാരനല്ലൂര്‍ കുരിശുപള്ളി ഇടവക ദേവാലയമായി ഉയര്‍ത്തിക്കൊണ്ട് ചൂളപ്പറമ്പില്‍ തിരുമേനി കല്‌പനപുറപ്പെടുവിച്ചു. ഫാ.തോമസ് വെട്ടിമറ്റത്തായിരുന്നു ആദ്യത്തെ വികാരി. അദ്ദേഹത്തിന്റെ നേത്യത്വത്തില്‍ പള്ളിമുറി ആരംഭിക്കുകയും 1949 ല്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്‌തു. 1962 ലാണ് ഇന്നത്തെ നിലയില്‍ പള്ളി പുതുക്കി പണിതത്. ഫാ. ജേക്കബ് കാലായിലാണ് പുതിയ പള്ളിയുടെ നിര്‍മ്മാണത്തിന് നേത്യത്വം നല്‌കിയത്.