1954 -ല്‍ അഭിവന്ദ്യ തോമസ് തറയില്‍ പിതാവ് ഇടവക സന്ദര്‍ശനാര്‍ത്ഥം മലങ്കര ഫൊറോനയില്‍പ്പെട്ട കുറ്റൂര്‍ മിഷന്‍ ഹൗസില്‍ എത്തിയപ്പോള്‍ ഓതറ ഭാഗത്ത് താമസിച്ചു കൊണ്ടിരുന്ന കുടുംബങ്ങളുടെ പ്രതിനിധികളായി പത്തു പേര്‍ കൊച്ചുവട്ടോത്രയില്‍ ബഹു. ഇട്ടിയുടെ നേതൃത്വത്തില്‍ , അഭിവന്ദ്യ പിതാവിനെ സന്ദര്‍ശിച്ച് ഓതറ ഭാഗത്ത് ഒരു കത്തോലിക്കാ ദേവാലയം പണിയുന്നതിന്റെ ആവശ്യമറിയിച്ചു. അവരുടെ ആവശ്യം മനസ്സിലാക്കി അതംഗീകരിച്ച അഭി.തറയില്‍ പിതാവ്, ആ കാലഘട്ടത്തില്‍ കുറ്റൂര്‍ പള്ളി വികാരിയായിരുന്ന ബഹു. ചാക്കച്ചേരിയില്‍ അച്ചനെ പ്രസ്തുത ഉത്തരവാദിത്വമേല്പിച്ചു. അച്ചന്റെ പരിശ്രമഫലമായി പടിഞ്ഞാറ്റോതറയില്‍ പള്ളിക്കനുയോജ്യമായ സ്ഥലം വാങ്ങുന്നതിനു വേണ്ടി ഇളകുറ്റൂര്‍ നടുക്കേതില്‍ ഇ.ജെ. ചെറിയാന്‍ , വട്ടോത്രയില്‍ ഇട്ടിസാര്‍ , കോടത്ത് കെ.സി. ചാക്കോ, ചന്ദനപ്പള്ളില്‍ അവിരാ കുര്യന്‍ എന്നി വരെ ചുമതലപ്പെടുത്തുകയും, അവരുടെ അന്വേഷണത്തിന്റെ ഫലമായി ഉചിതമായ ഒരു സ്ഥലം കാണുകയും, അഭിവന്ദ്യ തറയില്‍ പിതാവിന്റെ അനുമതിയോടുകൂടി ആത്തറമൂട്ടില്‍ തോമസിന്റെ 30 സെന്റ് സ്ഥലം ഇളകുറ്റൂര്‍മലയില്‍ ഇ.ഒ. കുരുവിളയുടെ പേരില്‍ പള്ളിയ്ക്കുവേണ്ടി ആധാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പ്രസ്തുതസ്ഥലത്ത് അന്ന് ഉണ്ടായിരുന്ന ചെറിയഭവനം ചാപ്പലായി അഭി. തറയില്‍ പിതാവ് വെഞ്ചരിക്കുകയും, കല്ലിശ്ശേരി ഇടവകയില്‍ അന്ന് വികാരിയായിരുന്ന നെടിയൂഴത്തില്‍ ബഹു. ലൂക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഈ ചാപ്പലില്‍ 24/12/1955-ല്‍ പ്രഥമബലി അര്‍പ്പിക്കുകയും ചെയ്തു. പിന്നീട് ഏറെ താമസിയാതെ പ്രസ്തുത സ്ഥലത്തോട് ചേര്‍ന്ന് കിടന്ന സ്ഥലങ്ങള്‍ , തായ്പ്ലാവൂഴത്തില്‍ ഭവാനിയില്‍ നിന്നും 25 സെന്റും, തായ്പ്ലാവൂഴ ത്തില്‍ പങ്കിയമ്മയില്‍ നിന്നും 25 സെന്റും, വാങ്ങി ആധാരം ചെയ്തു.
നീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴത്തെ പള്ളിക്കുവേണ്ടി 01/11/1965-ല്‍ അഭിവന്ദ്യ തറയില്‍ പിതാവ് മൂലക്കല്ല് സ്ഥാപിക്കുകയും 24/12/1966-ല്‍ സീറോ മലബാര്‍ റീത്തില്‍ അഭിവന്ദ്യ തറയില്‍ പിതാവ് പള്ളി വെഞ്ചരിച്ച് വി.കൊച്ചുത്രേസ്യായുടെ മാദ്ധ്യസ്ഥ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ആണ്ടുതോറും ഒക്‌ടോബര്‍ 2-ാം തീയതി ഈ പള്ളിയുടെ പ്രധാന തിരുനാള്‍ ആഘോഷിക്കുന്നു. ഇപ്പോള്‍ 18 കുടുംബങ്ങളില്‍പ്പെട്ട 115-ഓളം ഇടവകാംഗങ്ങള്‍ ഇടവകയുടെ കീഴിലുണ്ട്. കെ.സി.വൈ.എല്‍ ., വിന്‍സന്റ് ഡി പോള്‍ സംഘടനകള്‍ വളരെ സജീവമായി പ്രവര്‍ത്തി ക്കുന്നു.