മേമ്മുറി പ്രദേശത്തു താമസിച്ചിരുന്ന ക്‌നാനായ കുടുംബക്കാര്‍ കടുത്തുരുത്തി വലിയ പള്ളി ഇടവകാംഗങ്ങള്‍ ആയിരുന്നു. തങ്ങളുടെ ആത്മീയ കാര്യ നിര്‍വഹണത്തിനായി മേമ്മുറിയില്‍ തന്നെ ഒരു ആരാധനാലയം സ്ഥാപിക്കുന്നതിനെപ്പറ്റി അവര്‍ ചിന്തിക്കുവാന്‍ തുടങ്ങി. തുടക്കമെന്ന നിലയില്‍ 1934 ല്‍ തടത്തില്‍ പീടികയോടു ചേര്‍ന്നു ഒരു പന്തല്‍ കെട്ടി വണക്കമാസവും ലദീഞ്ഞും ആരംഭിച്ചു. നിരവത്തു ബഹുമാനപ്പെട്ട മത്തായി അച്ചനായിരുന്നു കാര്‍മ്മികന്‍ .
1937 ല്‍ പ്രകൃതിരമണീയമായ ചോഴിയത്തുകുന്നില്‍ മേമ്മുറി കപ്പേളപ്പള്ളി എന്ന പേരില്‍ ഒരു ആരാധാനാലയം സ്ഥാപിതമായി. വര്‍ഷങ്ങള്‍ക്കു ശേഷം കപ്പേളയുടെ സ്ഥാനത്തു ഒരു പള്ളി പണിയുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ദേവാലയത്തിന്റെ ആവശ്യത്തിനായി അപ്പോഴിപ്പറമ്പില്‍ തൊമ്മിയും, പോത്തനും, കലയന്താനത്തു ഉലഹന്നാന്‍ , തടത്തില്‍ ഉലഹന്നാന്‍ , തൊമ്മി എന്നിവര്‍ സ്ഥലം നല്‌കി. 1951 ഒര്‌ടോബര്‍ 3-ാം തീയതി കോട്ടയം രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ തറയില്‍ പിതാവ് ഇപ്പോഴത്തെ ദേവാലയത്തിനു തറക്കല്ലിട്ടു. മാക്കില്‍ ബഹുമാനപ്പെട്ട കുഞ്ഞേപ്പച്ചന്‍ പണിക്കു നേതൃത്വം നല്‌കി. മേമ്മുറി നിവാസികളുടെ ആത്മാര്‍ത്ഥ സഹകരണത്തോടെ പള്ളി പണി പൂര്‍ത്തീകരിച്ചു.1953 ഒക്‌ടേബര്‍ 11 ന് അഭിവന്ദ്യ തറയില്‍ പിതാവ് മേമ്മുറി ചെറുപുഷ്‌പ ദേവാലയം കൂദാശ ചെയ്‌തു.
50 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പുനര്‍നിര്‍മ്മാണം ചെയ്യാന്‍ തീരുമാനിച്ചു. 2001 ഡിസംബര്‍ 16-ാം തീയതി കോട്ടയം രൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ മാത്യു മൂലക്കാട്ടു പിതാവ് പുതിയ പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും പള്ളി വികാരിയായിരുന്ന നെടുങ്ങാട്ടു ബഹുമാനപ്പെട്ട ജോസച്ചന്റെ നേത്യത്വത്തില്‍ പണി പൂര്‍ത്തീയാക്കുകയും ചെയ്‌തു. 2002 ഡിസംബര്‍ 23-ാം തീയതി വന്ദ്യ മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിധ്യത്തില്‍ കോട്ടയം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് പള്ളി കൂദാശ ചെയ്‌തു.
ഇന്ന് ഈ പള്ളിക്കു പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലും വി.യൂദാതദ്ദേവൂസിന്റെ നാമത്തിലുമായി രണ്ടു കുരിശുപള്ളികള്‍ സ്ഥാപിതമായിട്ടുണ്ട്. സെന്റ് ജോണ്‍ഗില്‍ബര്‍ട്ടിന്റെ സന്യാസിനി സമൂഹത്തിന്റെ സാന്നിധ്യം പള്ളിയുടെയും നാടിന്റെയും പുരോഗതിക്കു ഗുണം ചെയ്യുന്നു. മേമ്മുറി ചെറുപുഷ്‌പ ദേവാലയം 6 വൈദികര്‍ക്കും 14 സന്യാസിനികള്‍ക്കും ജന്മം നല്‌കി, ആത്മീയതയില്‍ മുന്നേറുന്നു.