കൈപ്പുഴ ഇടവകയില്‍പ്പെട്ട പൂവത്തില്‍ ഇട്ടിക്കുരുവിളത്തരകന്റെ ഏക മകനായ കൊച്ചോക്കന്റെ രണ്ടു മക്കളില്‍ ഒരാളായ തൊമ്മന്‍ തന്റെ വിവാഹാനന്തരം മാഞ്ഞൂര്‍ തെക്കുംഭാഗത്ത് മാക്കീല്‍ എന്ന ഭവനം സ്ഥാപിച്ച് താമസം ആരംഭിച്ചു. പിന്നീട് നീണ്ടൂരും, ചാമക്കാലയിലും പള്ളികള്‍ സ്ഥാപിക്കപ്പെട്ടെങ്കിലും മാക്കീല്‍ കുടുംബക്കാരും മറ്റു ചിലരും ചില പ്രത്യേക കാരണങ്ങളാല്‍ കൈപ്പുഴപ്പള്ളി ഇടവകക്കാരായി നിലകൊണ്ടു.
മാഞ്ഞൂര്‍ തെക്കുംഭാഗത്ത് ഒരു പള്ളി പണിതുയര്‍ത്തുവാന്‍ ദൈവദാസന്‍ മാക്കില്‍ മത്തായി മെത്രാന്റെ സഹോദരനായ മോണ്‍ ജോസഫ് മാക്കീല്‍ തീരുമാനിച്ചു. അഭി. മാക്കീല്‍ മത്തായി മെത്രാന്റെ മെത്രാഭിഷേകത്തിന്റെ 25-ാം വാര്‍ഷികത്തിന്റെയും അഭിവന്ദ്യ പിതാവിന്റെ പിതൃ സഹോദരനായ മാക്കീല്‍ യൗസേപ്പച്ചന്റെ 50-ാം ചരമ വാര്‍ഷികത്തിന്റെയും സ്‌മരണയ്‌ക്കായി 1929-നവംബര്‍ 13-ാം തീയതി മകുടാലയം പള്ളിയുടെ ശിലാസ്ഥാപനം നടന്നു. പള്ളിക്ക് ഭൂമിദാനം ചെയ്‌ത മാക്കീല്‍ പുത്തന്‍പുരയില്‍ തൊമ്മന്‍ ചാക്കോ 1931 നവംബര്‍ 4-ാം തീയതി നിര്യാതനായതിനാല്‍ അന്നുതന്നെ ബഹു. ദൈവദാസന്‍ തൊമ്മിയച്ചന്‍ പൂതത്തിലിന്റെ നേതൃത്വത്തില്‍ റാസ പാടി പള്ളി വെഞ്ചരിച്ചു. എട്ടു വട്ടത്തിലായി പണികഴിപ്പിച്ചിട്ടുള്ള പള്ളിയുടെ അടിഭാഗം മുതല്‍ മുകള്‍ ഭാഗം വരെ താഴികക്കുടം പോലെ ആയതിനാല്‍ ഇത് `മകുടാലയം’ എന്ന പേരില്‍ അറിയപ്പെടുന്നു. `മാക്കീല്‍പള്ളി’ എന്നപേരിലും ഈ പള്ളി അറിയപ്പെടുന്നുണ്ട്. പള്ളിയുടെ എട്ടു വട്ടത്തിലുള്ള അടച്ചു തുറ സൗകര്യമില്ലാത്ത ജനലിന്റെ വിവിധ വര്‍ണ്ണഗ്ലാസുകളും, ദുഃഖവെള്ളിയാഴ്‌ചകളില്‍ മാത്രം പുറത്തെടുക്കുന്ന, മോണ്‍ ജോസഫ് മാക്കില്‍ , റോമില്‍ നിന്നു കൊണ്ടുവന്ന ഒറ്റത്തടിയില്‍ തീര്‍ത്ത ക്രിസ്‌തുവിന്റെ മൃതശരീരവും ഈ പള്ളിയുടെ പ്രത്യേകതകളാണ്.
എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 1-ാം തീയതി യോടനു ബന്ധിച്ചുവരുന്ന ഞായറാഴ്‌ച ഇടവക മദ്ധ്യസ്ഥയായ വി.കൊച്ചു ത്രേസ്യായുടെ തിരുനാള്‍ പ്രധാന തിരുനാളായി ആഘോഷിക്കുന്നു. എല്ലാവര്‍ഷവും തിരുഹൃദയ ത്തിരുനാളില്‍ പന്ത്രണ്ടു മണി ആരാധനനടത്തുകയും മാതാവിന്റെ വണക്കമാസതിരുനാള്‍ മെയ് 31ന് ആഘോഷപൂര്‍വ്വം കൊണ്ടാടുകയും ചെയ്യുന്നു. ഏകദേശം 122 കുടുംബങ്ങളും 650-ഓളം കുടുംബാംഗങ്ങളും ഇവിടുണ്ട്.