ദൈവജനം ലോകത്തിൽ പുളിമാവും (Fermento mundi) മറ്റൊരു സഭയുമാണെന്ന് (altera ecclesia) പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കോട്ടയം അതിരൂപതയുടെ 109-ാമത് സ്ഥാപന ദിനാഘോഷങ്ങൾ (31 August 2019) കോതനല്ലൂർ തൂവാനിസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയോട് ചേർന്ന് നിന്ന് വിശ്വാസം വളർത്തിയെടുക്കുവാനും പ്രഷിതരംഗംങ്ങളിൽ സജീവമായി ശുശ്രൂഷ ചെയ്യുവാനും പ്രത്യേകിച്ച് ദൈവവിളി പ്രോത്സാഹനത്തിലൂടെയും കുടുംബ പ്രേഷിതത്വത്തിലൂടെയും സഭയെ സമ്പന്നമാക്കുവാനും അതിരൂപത വളരെയേറെ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ദൗത്യം തുടർന്ന് കൊണ്ടുപോകുന്നതിൽ ഇടവകകളിലെ പൊതുയോഗത്തിനും പാരീഷ് കൗൺസിൽ അംഗങ്ങൾക്കും വിവിധ കമ്മീഷനുകളിലെ അംഗങ്ങൾക്കും വലിയ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ക്‌നാനായ സമുദായത്തിന്റെ വിശ്വാസ തീക്ഷണതയും പ്രേഷിത ചൈതന്യവും പാരമ്പര്യ സംരക്ഷണ ജീവിത ശൈലിയും മാതൃകാപരമാണെന്ന് പിതാവ് വ്യക്തമാക്കി .
കോട്ടയം അതിരൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. ക്‌നാനായ തനിമയും പാരമ്പര്യങ്ങളും സഭയോട് ചേർന്ന് സംരക്ഷിച്ച പൂർവ്വികരുടെ മാതൃക അഭംഗുരം കാത്തുപരിപാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദൈവസ്‌നേഹത്താൽ പ്രചോദിതരായി പരസ്‌നേഹപ്രവർത്തനത്തിൽ വ്യാപൃതരായി നന്മയുടെ പാതയിൽ വ്യാപരിച്ച് ദൈവരാജ്യം ലക്ഷ്യമാക്കി ജീവിക്കുവാൻ സമുദായത്തിലെ ഓരോ വ്യക്തിക്കും കഴിയണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പപ്പുവ ന്യൂഗനിയ ന്യുൻഷ്യോ ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. പ്രേഷിത ചൈതന്യത്തെ ഉജ്ജ്വലിപ്പിക്കുവാൻ ക്‌നാനായ സമുദയത്തിന്റെ പരമ്പരാഗത പ്രവർത്തന ശൈലി ഈ കാലഘട്ടത്തിൽ വളരെയേറെ പ്രസക്തി ഉള്ളതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, അതിരൂപതയിലെ സമുദായ സംഘടനകളുടെ പ്രസിഡന്റ്മാരായ ശ്രീ. സ്റ്റീഫൻ ജോർജ്ജ്, പ്രൊഫ. മേഴ്‌സി ജോൺ, ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ലോകായുക്തയായി ചുമതലയേറ്റ മുൻ സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ്, പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. തോമസ് ചാഴിക്കാടൻ, കെ.സി.വൈ.എം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സിറിയക് ചാഴിക്കാടൻ എന്നിവരെ യോഗത്തിൽ ആദരിച്ചു.
മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ.തോമസ് പ്രാലേൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോയ് കട്ടിയാങ്കൽ, വിസിറ്റേഷൻ സന്യാസിനി സമൂഹം സുപ്പീരിയർ ജനറാൾ സി. കരുണ, ഷെവലിയർ ജോയി ജോസഫ് കൊടിയന്തറ എന്നിവർ സമാപന സമ്മേളന വേദിയിൽ സന്നിഹിതരായിരുന്നു.
രാവിലെ കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബ്ബാനയിൽ അതിരൂപതയിലെ വൈദികർ സഹകാർമികരായി. തുടർന്ന് കഴിഞ്ഞ ഒരു വർഷകാലയളവിലെ അതിരൂപതയുടെ അജപാല പ്രവവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം സമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി.
അതിരൂപതയിലെ വൈദികർ, സമർപ്പിത പ്രതിനിധികൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ചൈതന്യ കമ്മീഷൻ അംഗങ്ങൾ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, സമുദായ സംഘടനകളുടെ കേന്ദ്രഭാരവാഹികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.