ക്നാനായ ഇടവകകളിൽ ക്നാനായക്കാർക്ക് മാത്രം അംഗത്വം
ക്നാനായ കത്തോലിക്കാ ഇടവകകളിൽ ക്നാനായക്കാർക്ക് മാത്രം അംഗത്വം നൽകുന്ന പാരമ്പര്യം അഭംഗുരം തുടരണമെന്ന് കോട്ടയം അതിരൂപതയുടെ ഔദ്യോഗിക ആലോചനാ സമിതികൾ. ചൈതന്യ പാസ്റ്റ്റൽ സെൻറ്ററിൽ ചേർന്ന അതിരൂപത കൺസൾട്ടേഴ്സ് ബോഡി, പ്രസ്ബിറ്ററൽ കൗൺസിൽ, പാസ്റ്ററൽ കൗൺസിൽ എന്നിവയുടെ സംയുക്ത യോഗത്തിലാണ് ഐകകണ്ഠേന ഈ തീരുമാനം കൈക്കൊണ്ടത്. ലോകമെമ്പാടുമുള്ള ക്നാനായ ഇടവകകളിലും മിഷനുകളിലും ക്നാനായക്കാർക്ക് മാത്രം അംഗത്വം നൽകുന്ന രീതി തുടരണമെന്നും യോഗത്തിൽ തീരുമാനമുണ്ടായി.
അടുത്ത കാലത്തായി അമേരിക്കയിലെ ക്നാനായ ഇടവകകളിലെ അംഗത്വത്തെ സംബന്ധിച്ച ഓറിയെൻറ്റൽ കോൺഗ്രിഗേഷനിൽ നിന്നും നൽകപ്പെട്ട നിർദ്ദേശം തെക്കുംഭാഗസമുദായത്തിനായി സ്ഥാപിക്കപ്പെട്ട കോട്ടയം അതിരൂപതയുടെ സ്ഥാപനം മുതൽ പരിപാലിച്ചു പോന്ന കീഴ്വഴക്കങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. പ്രവാസികളായ ക്നാനായക്കാർ അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിൽ യോഗം അതീവ ഉത്ക്കണ്ഠ രേഖപ്പെടുത്തി. വിശ്വാസത്തോടൊപ്പം സമുദായാംഗങ്ങൾ നാളിതുവരെ പാലിച്ചുപോന്ന ആചാരാനുഷ്ഠാനങ്ങളും ലോകത്തെല്ലായിടത്തും തുടർന്നും ജാഗ്രതയോടെ പാലിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തതു.
കത്തോലിക്കാ സഭയോടും പരിശുദ്ധ സിംഹാസനത്തോടും എക്കാലവും വിശ്വസ്തതയും വിധേയത്വവും പുലർത്തിയ ക്നാനായ സമുദായത്തിൻ്റെ ഭാവിവളർച്ചയ്ക്കും നിലനിൽപിനും തടസ്സമാകുന്ന ഓറിൻറ്റൽ കോൺഗ്രിഗേഷൻ്റെ നിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെടുവാൻ യോഗത്തിൽ തീരുമാനമായി.
ഫാ. ജോൺ ചേന്നാകുഴി
പി.ആർ.ഒ