9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Knanaya Parishes are only for the Knanaya Faithful

  • February 20, 2018

കോട്ടയം: ക്നാനായ ഇടവകകളിൽ ക്നാനായക്കാർക്ക് മാത്രം അംഗത്വം നൽകുന്ന പാരമ്പര്യം അഭംഗുരം തുടരുമെന്നും കോട്ടയം അതിരൂപതയുടെയും ക്നാനായ സമുദായത്തിന്റെയും വളർച്ചയിലും പൈതൃകസംരക്ഷണത്തിലും അതിരൂപതയിലെ സമർപ്പിത സന്യാസ സമൂഹങ്ങൾ നൽകിയിട്ടുള്ള ശുശ്രൂഷകൾ മഹത്തരമാണെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. അതിരൂപതയിലെ വിവിധ സമർപ്പിത സമൂഹങ്ങളുടെ പ്രതിനിധികളുടെ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗികമായ അറിവുകൾക്കും തെറ്റായ പ്രചരണങ്ങൾക്കും പ്രാമുഖ്യം ലഭിക്കുന്ന ഇക്കാലത്ത് യഥാർത്ഥ അറിവ് നേടുവാനും അതുവഴി സത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും സമർപ്പിതർ ശ്രദ്ധിക്കണം. ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം എൻഡോഗമിയാണ്. സ്വവംശവിവാഹനിഷ്ഠ പാലിച്ച് മാത്രമേ സമുദായത്തിന് നിലനിൽക്കാനാകൂ. ക്നാനായ സമുദായം നമ്മുടെ പാരമ്പര്യം എക്കാലവും കാത്തുപരിപാലിക്കണമെന്നതാണ് നമ്മുടെ ആഗ്രഹം. അതിനുവേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം; പ്രാർത്ഥിക്കണം. ചിക്കാഗോയിലെ ക്നാനായ ഇടവകകളിൽ ക്നാനായക്കാരല്ലാത്തവരെ ചേർക്കണമെന്ന് നിർദ്ദേശത്തെ അംഗീകരിക്കാനാവില്ലെന്ന് ഓറിയന്റൽ കോൺഗ്രിഗേഷനെ അതിരൂപതയുടെ പ്രതിനിധിസംഘം ശക്തമായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പുനഃപരിശോധന നടത്താമെന്ന് രേഖാമൂലം കോൺഗ്രിഗേഷൻ അറിയിച്ചതായി മാർ മാത്യു മൂലക്കാട്ട് യോഗത്തിൽ അറിയിച്ചു. നമ്മുടെ വംശശുദ്ധി കാത്തുപരിപാലിച്ച് കാലാകാലങ്ങളിൽ നിലനിർത്തിക്കൊണ്ടു പോകുന്നതിനാവശ്യമായ ക്നാനായ ഇടവകകളുടെ തനിമ പരിശുദ്ധ സിംഹാസനം അനുവദിച്ച് തരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഭാഗികമായ അറിവുകളുടെ വ്യാപനം മറ്റുള്ളവരിൽ ചിന്താക്കുഴപ്പത്തിനും സംശയത്തിനും ഇടനൽകും. അത് വരാതിരിക്കണമെങ്കിൽ നമ്മൾ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അറിഞ്ഞിരിക്കുകയും വേണം. ആരാണ് ക്നാനായക്കാരൻ, എന്താണ് ക്നാനായ സമുദായത്തിന്റെ തനിമ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നമുക്ക് സംശയങ്ങളും വലിയ പ്രശ്നങ്ങളുമുണ്ടാകും. അതുകൊണ്ട് സഭയിലുള്ള നമ്മുടെ വിശ്വാസം സമുദായത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഇവയെല്ലാം നാം പരിപോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നാലാം നൂറ്റാണ്ടിലെ കുടിയേറ്റത്തിന്റെ കാലം മുതൽ കേരള സമൂഹത്തിന്റെ വളർച്ചയിൽ ക്നാനായ സമുദായം നൽകിയ സംഭാവനകളെ അഭിമാനത്തോടെ അനുസ്മരിക്കുന്നതോടൊപ്പം ഇന്നും സജീവമായി അത് തുടരുമ്പോഴാണ് വാസ്തവത്തിൽ നാം അവരുടെ പിൻഗാമികളാണെന്ന് ബോദ്ധ്യത്തോടെ പറയുവാൻ സാധിക്കുക. അതുകൊണ്ട് സഭയും സമുദായവും സമൂഹവും നമ്മുടേതായിട്ടുള്ള ശുശ്രൂഷകൾ ആഗ്രഹിക്കുന്നുണ്ട്; ആവശ്യപ്പെടുന്നുണ്ട്. ശരിയായ രീതിയിൽ അത് കൊടുക്കുവാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ പിതാക്കന്മാർ ആഗ്രഹിച്ചതുപോലെയുളള പ്രേഷിത കുടിയേറ്റമായി എന്നും നിലനിൽക്കുവാനും തുടരുവാനും നമുക്ക് സാധിക്കുകയുള്ളൂ.
റോമിൽ നിന്നും അങ്ങാടിയത്ത് പിതാവിന് ലഭിച്ച കത്തിലെ ഒരു പരാമർശം നമ്മുടെ ഇടവകകളിൽ ക്നാനായക്കാരല്ലാത്തവർക്കും അംഗത്വം കൊടുക്കാനുള്ള സാധ്യത ഉണ്ടാക്കാമെന്നതിനാലാണ് എത്രയും വേഗം അതിനെതിരെ പ്രതികരിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കുവാനും നമ്മൾ നിർബന്ധിതരായത്. കത്ത് ലഭിച്ച ഉടൻ തന്നെ നമ്മൾ പാസ്റ്ററൽ കൗൺസിലിന്റെയും പ്രസ്ബിറ്ററൽ കൗൺസിലിന്റെയും സംയുക്ത യോഗം വിളിച്ച് ഇതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് റോമിൽ അറിയിക്കുകയും തുടർന്ന് പിതാക്കന്മാർ
റോമിൽ പോവുകയും ചെയ്തു. അമേരിക്കയിലെ ക്നാനായ വികാരി ജനറാൾ ബഹുമാനപ്പെട്ട മുളവനാല ച്ചനും അഭിവന്ദ്യ അങ്ങാടിയത്തു പിതാവും മൂന്ന് അൽമായ നേതാക്കളും റോമിലെത്തുകയുണ്ടായി. നിർദ്ദേശത്തിന്റെ അപകടം അവരെ ബോദ്ധ്യപ്പെടുത്തുകയും തീർച്ചയായും അത് മനസ്സിലാക്കിക്കൊണ്ടുതന്നെ ആവശ്യമായ തിരുത്തലുകൾ നൽകാമെന്ന ഓറിയന്റൽ കോൺഗ്രിഗേഷന്റെ ഉറപ്പിലാണ് തിരികെ പോന്നത്. അതിനാൽ ആശങ്കയുടെ ആവശ്യമില്ല. ക്നാനായ ഇടവകകളിൽ ക്നാനായക്കാരല്ലാത്തവർക്ക് അംഗത്വം കൊടുക്കാൻ സാധ്യമല്ല. കാരണം ക്നാനായ ഇടവകകൾ ക്നാനായക്കാർക്ക് മാത്രമുള്ളതാണെന്ന നിലപാട് നമ്മൾ അറിയിച്ചിട്ടുണ്ട്. 1911 ൽ വി. പത്താം പിയൂസ് സ്ഥാപിച്ച കോട്ടയം രൂപത Pro Gente Suddistica ആണ്. അതായത് തെക്കുംഭാഗ വിഭാഗക്കാർക്ക് മാത്രമുള്ളതാണ്. അമേരിക്കയിലെ ക്നാനായ ഇടവക സ്ഥാപന സമയത്ത് അവ “for all and only kna’ എന്ന് പറഞ്ഞിരുന്നതാണ് . മാത്രമല്ല 2014 ൽ ഒരു സർക്കുലറിലൂടെ അങ്ങാടിയത്ത് പിതാവ് രേഖാമൂലം ക്നാനായ ഇടവകകളിൽ ക്നാനായക്കാരല്ലാത്തവർക്ക് അംഗത്വം നൽകു കയില്ലെന്ന അറിയിക്കുകയും ചെയ്തിരുന്നു. 1911 ൽ വി. പത്താം പിയൂസ് നൽകിയ രേഖയുടെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ സീറോ മലബാർ രൂപതയിൽ സ്ഥാപിതമായിരിക്കുന്ന ക്നാനായ ഇടവകകളിൽ ക്നാനായക്കാർക്ക് മാത്രമേ അംഗമാകാനാകൂ എന്ന് അഭി.അങ്ങാടിയത്ത് പിതാവ് അറിയിച്ചത്. അതിനെതിരെയുള്ള പരാതിയിലാണ് ഇങ്ങനെയൊരു പരാമർശം വന്നത്. ഈ പരാമർശം ശരിയല്ലായെന്ന് ഓറിയന്റൽ കോൺഗ്രിഗേഷനെ ബോദ്ധ്യപ്പെടുത്തുകയുണ്ടായി.
സഭയുടെ നിയമമനുസരിച്ച് ക്നാനായക്കാർക്ക് വേണ്ടി രൂപീകൃതമായിരിക്കുന്ന ഇടവകയിലോ രൂപ തയിലോ ക്നാനായക്കാരല്ലാത
വർക്ക് അംഗത്വം കൊടുക്കണമെന്ന് പറയുന്നത് സഭാനിയമത്തിന് തന്നെ എതിരാണെന്ന കാര്യം അവരെ ബോധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കാനൻ നിയമം നമുക്ക് നൽകുന്ന പരി രക്ഷയുടെ കൂടെ ബലത്തിലാണ് നാം ആവശ്യപ്പെട്ടിരിക്കുന്നത്. ക്നാനായ ഇടവകകൾക്ക് നാലാം നൂറ്റാണ്ടു മുതലേ സ്വന്തമായ ഇടവകകളും വൈദികരും ഉണ്ടായിരുന്നു. 1911 ൽ വികാരിയാത്ത് ആകുന്നതിന് മുൻപ് തന്നെ ഇപ്രകാരമായിരുന്നു. ഇതേ സംവിധാനമാണ് അമേരിക്കയിലും സീറോ മലബാർ രൂപത സ്ഥാപിച്ച പ്പോൾ അവിടെ കാനായ ഇടവകകൾ സ്ഥാപിച്ചത്. ക്നാനായ സമുദായാംഗങ്ങളുടെ അംഗത്വവും ക്നാനായ വൈദികരുടെ ശുശ്രൂഷയുമാണ് അവിടെ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് സഭയുടെ കാനൻ നിയമ ത്തിൽ പ്രസ്താവിച്ചിരിക്കുന്ന Personal Parishes ന്റെ പരിധിയിൽ വരുന്നതാണ്. അതേക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. അതിനാൽ നമ്മൾ അങ്ങനെ തന്നെ തുടരുകയെന്നതാണ് നമ്മുടെ തീരുമാനം.ഓറിയന്റൽ കോൺഗ്രിഗേഷൻ ഇനി നമുക്ക് നൽകുന്ന മറുപടി ക്നാനായ ഇടവക എന്ന നൂറ്റാണ്ടുകളായുള്ള ആശയത്തിന് വിരുദ്ധമായുള്ള തീരുമാനമാണെങ്കിൽ സ്വാഭാവികമായും തുടർന്ന് സഭാപരമായിട്ടുള്ള മറ്റ് നടപടികളിലേക്ക് നീങ്ങുവാനായിട്ട് നമുക്ക് സാധിക്കും. ഈ സമുദായത്തിന് അതിന്റേതായിട്ടുള്ള പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ മുമ്പോട്ട് പോകുവാൻ സാധിക്കും. അത് നമ്മുടെ തീരുമാനമാകണം, ബോദ്ധ്യമാകണം അതിനായി പരിശ്രമിക്കണം, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ കാര്യം മനസ്സിലാക്കാതെ എടുത്തുചാടേണ്ട കാര്യമില്ല. സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ടെങ്കിൽ മാത്രം പ്രതികരിക്കുകയും ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുകയും ചെയ്യുക. നമ്മുടെ ഇടവകകൾ ക്നാനായക്കാർക്ക് മാത്രമുള്ളതെന്ന രീതിയിൽ എന്നും തുടരുകതന്നെ ചെയ്യും. അതിൽ സംശയംവേണ്ട എന്നും പിതാവ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി. വിശ്വാസത്തോടൊപ്പം സമുദായാംഗങ്ങൾ പാലിച്ചുപോരുന്ന ആചാരാനുഷ്ഠാനങ്ങൾ തുടർന്നു ജാഗതയോടെ പാലിക്കുന്നതിന് പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചൈതന്യ കമ്മീഷൻ കോർഡിനേറ്റർ ഫാ.ജിജോ നെല്ലിക്കാകണ്ടത്തിൽ, വിസിറ്റേഷൻ സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻജോസ് എസ്.വി.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമകാലിക സഭ-സാമുദായിക-സാമൂഹിക പശ്ചാത്തലത്തിൽ സമർപ്പിതർക്കുണ്ടായിരിക്കേണ്ട ദിശാ ബോധത്തെക്കുറിച്ചും ആഭിമുഖ്യങ്ങളെക്കുറിച്ചും ക്നാനായ സമുദായത്തെക്കുറിച്ചുള്ള അവബോധത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു. അതിരൂപതയിലെ വിസിറ്റേഷൻ സന്യാസിനി സമൂഹം(SVM), സെന്റ് ജോസഫ്സ് സന്യാസിനി സമൂഹം (SJC), വി. ജോൺ ഗ്വിൽബർട്ടിന്റെ കുഞ്ഞുമക്കളുടെ സന്യാസിനി സമൂഹം (LDSJG) എന്നീ സന്യാസിനി സമൂഹങ്ങളിലെ പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുത്തത്.

Golden Jubilee Celebrations
Micro Website Launching Ceremony